ഞാൻ ചുമ്മാ ഒരു കോമഡി ഇട്ടു അപ്പോഴത്തെ സന്ദര്‍ഭം ലഘുവാക്കി.
: നീ ഈ പായസം ശാപ്പിട്ടുപാര്, ഞങ്ങളു പാലക്കാടുകാരുടെ മലയാളം പോലെത്തന്നെ അടിപൊളി ആണ് പായസവും. (അവർ നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു)
: ഇന്ന് ശർക്കര കുറച്ചു കൂടുതൽ ആണല്ലോ, സെൽവ അണ്ണന് ഷുഗറു കൂട്ടോ നിങ്ങള്.
: ഇത് പാത്താവാത് ആനിവേഴ്സറി അല്ലെ ആവി, മധുരം കുറച്ചു തൂക്കലായിര്ക്കട്ടുംന്ന് വച്ച്. ഇത്തിരി മധുരം കൂടിയാലെങ്കിലും ആ മനുഷ്യന് അതൊന്നു ഓർമ്മ വരട്ടെന്നു വച്ചു.
ലക്ഷ്മി അക്ക കെറുവ് വച്ചു, ഞാൻ അത് കണ്ടു വെറുതെ ചിരിച്ചു.
ഞാൻ അല്പം പായസം എടുത്ത് കഴിച്ചുകൊണ്ട് ലക്ഷ്മി അക്കയെ നോക്കി. അവർ താലി രണ്ടു കണ്ണിലും പ്രാർത്ഥനാപൂർവ്വം ചേർത്ത് വച്ച് ഭക്തിയോടെ താഴേക്കിട്ടു, നേരത്തെ കണവനെ പറ്റി കെറുവ് പറഞ്ഞതിന് മാപ്പു ചോദിക്കാവും. അവരിത് ഇടയ്ക്കിടയ്ക്ക് ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പെട്ടന്ന് തോന്നിയ കൗതുകത്തിൽ ഞാൻ അവരോടു ചോദിച്ചു.
: അക്ക താലിക്കു എന്താ ഇത്ര പ്രാധാന്യം, അത് വെറും മഞ്ഞ ചരടല്ലേ. എപ്പോ വേണങ്കി പൊട്ടിച്ചെറിയാൻ പറ്റില്ലേ. സ്നേഹം അല്ലെ ഏറ്റവും വലുത്.
അമ്മാൾ എന്നെ ഒന്ന് അത്ഭുതത്തോടെ നോക്കി, ഇവിടെ നടന്ന സര്ക്കസ് ഒന്നും അവരറിഞ്ഞിട്ടില്ല. ആരും അറിഞ്ഞിട്ടില്ല. എനിക്ക് കല്യാണ ആശ വന്നെന്നു തോന്നിക്കാണും പാവത്തിന്.
അക്ക വാത്സല്യത്തോടെ എന്റെ തലയിൽ തലോടി, ലക്ഷ്മി അമ്മാളിൻറെ താലി മാഹാത്മ്യം പറഞ്ഞു തുടങ്ങി.
: മോനെ, ശരിയാണ് സ്നേഹം എല്ലാത്തിനും മുകളിൽ തന്നെയാണ്. പക്ഷെ താലി, അത് വെറും ഒരു മഞ്ഞ ചരട് അല്ല, അത് യാഥാർഥ്യവും മനോരാജ്യങ്ങളും കൂട്ടികെട്ടുന്ന ഒരു മാന്ത്രിക നാരാണ്, അവസാനം വരെ പിരിയാതെ കൂടെയുണ്ടാവുമെന്നു പറയാതെ പറയുന്ന വാക്കാണ്.
അത്രക് വലിയൊരു ആശയം വെറും വയറ്റിൽ ദഹിച്ചില്ല. ഞാൻ പിന്നെയും മനസ്സിൽ തോന്നിയ ഒരു സംശയം ചോദിച്ചു.
: അപ്പോൾ വിവാഹമോചനങ്ങളോ, അതും അവശ്യം വേണ്ടതല്ലേ, ഒന്നിച്ചു ജീവിക്കാൻ കഴിയാത്തവർ പിരിയേണ്ടതും അനിവാര്യം അല്ലെ. അപ്പൊ താലിക്ക്, ആ കൊടുത്ത വാക്കിനു അവിടെ എന്താണ് പ്രസക്തി.