കണ്ണടച്ച് കിടക്കുമ്പോൾ ആരുടെയോ കാലടിശബ്ദം എനിക്കടുത്തു വരുന്നത് പോലെ തോന്നി. എഴുന്നേറ്റു നോക്കാൻ ഉഷാറ് തോന്നാത്തത് കൊണ്ട് ഞാൻ അങ്ങനെ തന്നെ കിടന്നു.
: എന്ന ആവിതമ്പി ഇന്ത നേര ത്തിലെ തൂക്കം, എഴുന്ത്രി, അക്ക ഉനക്ക് സക്കരസാദം കൊണ്ട് വന്തിരുക്കെ. എൻ തമ്പി എഴുന്ത്രു.
(വന്നിരിക്കണത് സുബലക്ഷി അമ്മാൾ, ഞങ്ങടെ സ്വന്തം ലക്ഷ്മി അക്ക ആണ്, സെൽവണ്ണൻറെ പൊണ്ടാട്ടി, തമിഴ് സംസാരിക്കാൻ ആണ് കൂടുതൽ ഇഷ്ടം എന്നെയുള്ളൂ, മൂപ്പത്തി ശുദ്ധമലയാളി ആണ്. ഒരു പാലക്കാടുകാരി സാധുസ്ത്രീ . പഴയ ഒരു വിപ്ലവപ്രണയ കഥയിലെ നായികാ ആണ്. അഗ്രഹാരവും, സകല ആടംബരങ്ങളും വിട്ടു സെൽവ അണ്ണന്റെ ഒപ്പം പത്തു വര്ഷങ്ങള്ക്കു മുന്ന് ഇതേ ദിവസം ഇറങ്ങി പോന്നതാണ്. അതിന്റെ വിപ്ലവാത്മകമായ ഓർമ്മയ്ക്ക് ഉണ്ടാക്കിയ ശർക്കരപായസം എനിക്ക് തരാൻ സന്തോഷത്തോടെ വന്നിരിക്കാണ്. എന്ത് വിശേഷം ഉണ്ടെങ്കിലും അമ്മാൾ പായസം വയ്ക്കും, അത് വീട്ടിലെ നായക്കുട്ടിയുടെ പിറന്നാൾ ആണെങ്കിൽ കൂടി. ഞാൻ ആണ് സ്ഥിരം അതിന്റെ ആദ്യ ഇര , ചുമ്മാ പറഞ്ഞതാണ് ട്ടോ, പായസത്തിൽ അമ്മാളിനെ തോൽപ്പിക്കാൻ ഈ ടോട്ടൽ മദ്രസി പട്ടണത്തിൽ വേറൊരാളില്ല. അത്രയ്ക്ക് ഭേഷ് ആണ്. എന്റെ പാചകത്തിന്റെ ആരാധിക കൂടിയാണ്, എന്ത് വച്ചാലും ഞാൻ ഒരുപങ്ക് അവർക്കും കൊടുക്കും.)
: എന്ന ആവി റൂം ഇപ്പടി, (അക്ക ചുറ്റും നോക്കി പറഞ്ഞു തുടങ്ങി) സാധാരണ എല്ലാം അടുക്കി പറക്കി വക്കണതാണല്ലോ നീയ്. ഇതിപ്പോ കുന്നംകുളം ബസ് സ്റ്റാൻഡിലു, ബസ്സുകിടക്കണ പോലെ ഇണ്ട് ല്ലോ. (ഞാൻ നോക്കുമ്പോ അക്ക മൂക്കത്തു വിരൽ വച്ച് നിൽപ്പുണ്ട്),
: യെതാവത് പ്രച്ഛനയാ തമ്പി (എന്റെ കോലം കണ്ടു അവർ ആകുലപ്പെട്ടു ചോദിച്ചു)
എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന ചോദ്യം എന്നെ ബോധ മണ്ഡലത്തിലേക്ക് കൊണ്ടുവന്നു.
: പ്രശനം ഒന്നും ഇല്ല അക്ക, കുറച്ചു നാളായി നല്ല തിരക്കിലായിരുന്നു, ഒരു ഒഴിവു കിട്ടിയിട്ട് എല്ലാം അടുക്കി പെറുക്കി വയ്ക്കണംന്ന് വച്ചിരിക്കയിരുന്നു. എന്തായാലും അതോണ്ട് ഈ പട്ടാമ്പികാരുടെ വായുന്നു ശുദ്ധമലയാളം ഒന്ന് കേൾക്കാൻ പറ്റിലോ.