വിരസതയാർന്ന മൂന്നാം ദിവസ്സം.
മുത്തച്ഛൻ അന്വേഷിക്കുന്നെന്ന് പറഞ്ഞ് ഞാൻ ആ മുറിയിലേക്ക് പോയി.
“…… നാണപ്പൻ വക്കിലിനെ വിളിക്കണം …നമ്പർ ഉണ്ടല്ലോ അല്ലെ …”.
“…. ഉണ്ട് മുത്തച്ചാ …..”.
“….. വേഗം വരാൻ പറ ….”.
ഞാൻ സമയം കളയാതെ വക്കിലിന്റെ നമ്പറിലേക്ക് പുറത്തിറങ്ങിയ വശം വിളിച്ചു. തിരക്കിലായ അദ്ദേഹം വൈകീട്ട് വരാമെന്ന് പറഞ്ഞു. വൈകുന്നേരമായപ്പോൾ മൂപ്പർ വന്ന് മുത്തച്ഛനെ കണ്ടു.
പുറത്തിട്ടങ്ങിയ നാണപ്പൻ വക്കിൽ കഷണ്ടിയിൽ തടവി എന്നെ നോക്കി.
“……കാർന്നോർ നല്ല ദ്വേഷ്യത്തിലാ കേട്ടോ …ദ്വേഷ്യം മുഴുവൻ തിരിഞ്ഞ് നോക്കാത്ത നിന്റെ അമ്മയോടാണ് ….”.
“…ങ്ങും ….”. ഞാനൊന്ന് പതിയെ മൂളി.
“.. വസ്തുവകകൾ മുഴുവനും നിന്റെ പേരിൽ പ്രമാണമാക്കണമെന്ന് പറഞ്ഞു..”.
“…. എന്തിന് ….. എനിക്കൊന്നും വേണ്ടാ ….”.
“….. അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല …. കാർന്നോർ എല്ലാം പണ്ടേ പ്രമാണത്തിൽ ഒപ്പിട്ട് തന്നിരുന്നു …. അതൊന്ന് രജിസ്റ്റർ ചെയ്യണം …. അതും നാളെ തന്നെ ..”.
“….ങും ….”.
മുത്തച്ഛൻ പണ്ട് സിലോണിൽ പോയി ഒറ്റയ്ക്ക് സമ്പാദിച്ചതാണ് എല്ലാം. അത് പരമ്പരാഗത സ്വത്ത് അല്ലാത്തതിനാൽ അതെല്ലാം എന്ത് ചെയ്യണമെന്നുള്ളത് മുത്തച്ഛനിൽ നിക്ഷിപ്തം.
“…… പിന്നെ ദേവകിക്ക് മരണം വരെ ടൗണിലെ മലഞ്ചരക്ക് വ്യാപാരത്തിനായി വാടകയ്ക്ക് കൊടുത്ത നിങ്ങളുടെ കടയുടെ വാടക …. അത് മാസം മാസം അവളുടെ അക്കൗണ്ടിലേക്ക് വകയിരുത്താൻ പറഞ്ഞിട്ടുണ്ട് …. നിനക്ക് അതിൽ വല്ല എതിർപ്പുണ്ടോ ?????”.
അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. മുത്തച്ഛന്റെ അവസാനം വരെ അവൾ അദ്ദേഹത്തെ പൊന്നു പോലെ നോക്കിക്കോളും. അതിനുള്ള സന്തോഷം തന്നെയല്ലേ മുത്തച്ഛൻ കൊടുക്കുന്നതും.
“…. എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ വക്കീലെ …. അതങ്ങനെ തന്നെയാണ് വേണ്ടതും ..”.
“…..മോൻ അമ്മയെപ്പോലെയല്ലാ കേട്ടോ …. അവരുടെ മകനായ നിനക്ക് അവരുടെ ആർത്തി കിട്ടീട്ടില്ല …. ഈ കാലത്ത് മോൻ ചിന്തിക്കുന്നത് പോലെ ആരും ചിന്തിക്കില്ല …..”..
വക്കീൽ അങ്ങനെ പറഞ്ഞുകൊണ്ട് നടന്നങ്ങ് നീങ്ങി.
ഞാൻ ദൂരെ വാഹനങ്ങളുടെ നിരനിരയായുള്ള ഓട്ട പായ്ച്ചിൽ ജനാലയിലൂടെ നോക്കി നിന്നു. ഞാനൊരു കോടീശ്വരനായിരിക്കുന്നു.