അൽപനേരം കഴിഞ്ഞ് തോമസ് അങ്ങോട്ടേക്ക് എത്തി.
“ലിൻഡ നമുക്ക് ഒറ്റക്ക് ഒന്ന് സിറ്റി വരെ പോകണം. ഡിന്നർ പുറത്ത് നിന്ന് ആകാം. എബി ഇവിടെ ഇരിക്കട്ടെ”
“എന്തുപറ്റി?”
“പറയാടോ”തോമസ് അതും പറഞ്ഞ് പോയി.
*****
“നിനക്ക് നാളെ കഴിഞ്ഞ് മോഡൽ തുടങ്ങുവല്ലെ.നീ അതുകൊണ്ട് ഇവിടെ ഇരുന്ന് പഠിക്കാൻ നോക്ക്.ഞങൾ പെട്ടെന്ന് തിരിച്ച് വരാം”ലിൻഡ അവസാനവട്ട ഒരുക്കം ഒക്കെ കഴിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങാൻ നേരം എബിയോടായി പറഞ്ഞു.
“അതൊക്കെ എപ്പഴെ കഴിഞ്ഞു മമ്മി. ഇന്നു മാച്ച് ഉള്ളതാ.ഞാൻ അതിരുന്ന് കാണും”
“ദേ ഈ എക്സാം ആണ് കേട്ടോ ബെസ്റ്റ് സ്റ്റുഡൻ്റ് നേ തീരുമാനിക്കുന്നത്.ഓർത്തോ”ലിൻഡ ഒരു മുന്നറിയിപ്പ് കൊടുത്തു.
“അറിയാം മമ്മി.ഈ വർഷത്തെ ബെസ്റ്റ് സ്റ്റുഡൻ്റ് അവാർഡ് ദേ ഈ വീട്ടിലെ ഷെൽഫിൽ ഇരിക്കും.എൻ്റെ ഉറപ്പ്”
“ഇരുന്നാൽ മതി”ലിൻഡ ഇറങ്ങി.കാർ സ്റ്റാർട്ട് ആക്കി തോമസ് ലിൻഡക്കായി വെയ്റ്റ് ചെയ്യുക ആയിരുന്നു.
ഡിന്നർ കഴിക്കുന്ന നേരം തോമസിൻ്റെ മുഖം സീരിയസ് ആയിരുന്നു.
“വക്കീൽ വിളിച്ചിരുന്നു”തോമസ് സംസാരം തുടങ്ങി വെച്ചു.
“എന്നിട്ട്?”ലിൻഡ തോമസിനെ നോക്കി ചോദിച്ചു.
“തിങ്കളാഴ്ച ആണ് സെക്കൻഡ് മോഷൻ പറഞ്ഞിരിക്കുന്നത്”കഴിച്ചുകൊണ്ട് തോമസ് തുടർന്നു.
“ഓ അതായിരുന്നു പെട്ടെന്നൊരു വരവ്”
“വരാതെ ഇരിക്കാൻ പറ്റില്ലല്ലോ”
“എന്ത് തീരുമാനിച്ചു?”
“തീരുമാനം നമ്മൾ നേരത്തെ തന്നെ എടുത്തതല്ലെ ലിൻഡ.ഇനിയിപ്പോൾ വലിച്ച് നീട്ടിക്കൊണ്ട് പോവണ്ട.പെട്ടെന്ന് തന്നെ തീർത്തേക്കാം”
“ഇത്ര തിടുക്കം എന്താണ് നിങ്ങൾക്ക്.ഞാൻ പറഞ്ഞതല്ലേ എബിയുടെ എക്സാം എല്ലാം കഴിഞ്ഞിട്ട് മതി എന്ന്”
“അത് ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ ലിൻഡ.ഞാൻ ഒന്നും പറയുന്നില്ല.എക്സാം കഴിഞ്ഞ് ഒരു വീക്ക് അവനെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ ആണ് എൻ്റെ പ്ലാൻ.ഞാൻ ആയിട്ട് പറഞ്ഞേക്കാം പോരെ”
“ഈ ഡിവോഴ്സ് എന്നുള്ളത് ഒക്കെ രണ്ടാളും ഒന്നിച്ചിരുന്ന് പറയേണ്ട വിഷയം അല്ലെ?”
“എന്നാ അങ്ങനെ ചെയ്യാം.രണ്ട് മാസം സമയം ഉണ്ടല്ലോ. ”
“നിങ്ങളുടെ ഇഷ്ടം പോലെ”ലിൻഡ ബാക്കി കഴിക്കാൻ ആരംഭിച്ചു.
“പിന്നെ….വേറേ ഒരു കാര്യം കൂടി ഉണ്ട്”തോമസ് പറഞ്ഞു.
“മം.എന്താ?”
“ഞാൻ ഒരാളും ആയി അടുപ്പത്തിൽ ആണ്”
“ആഹാ ഇത്രപെട്ടെന്ന് അടുത്ത ആളെ കിട്ടിയോ?”ലിൻഡ വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു.