അതോക്കെ ഓർത്ത് എന്നിൽ ഒരു ചിരി ഉണർന്നു.
“ഹ്മ്മ് എനിക്കറിയായിരുന്നു… ന്നെയൊന്നും നീയോർക്കൂലാന്ന്..”
ഒരു മൂളലോടെ പറഞ്ഞ അവളുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങിയത് കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി.
സാധാരണ ഞാനങ്ങനെ വല്ലോം പറഞ്ഞാൽ രണ്ട് അടിയെങ്കിലും അവളുടെ കയ്യീന്ന് കിട്ടേണ്ടതാണ്.
പക്ഷേ അങ്ങനെയുള്ളവള് ഇപ്പൊ കണ്ണ് നിറയ്ക്കണ്. അവളെന്നേ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്നെനിക്കപ്പോൾ മനസിലായി. അടിയുണ്ടാക്കി പിണങ്ങിയിരിക്കാനവൾക്ക് താല്പര്യമില്ല എന്ന് അവളുടെ സമീപനം കൊണ്ട് മനസിലായിരുന്നു.
” ഞാനിനി ഏട്ടനോട് വഴക്കിടില്ല… ”
എന്നും പറഞ്ഞ് എന്നെ ഇറുക്കെ പുണർന്ന അവളുടെ കണ്ണിൽനിന്ന് ഒഴുകി വീണ നീർതുള്ളികൾ എന്റെ നെഞ്ചിൽ നനവ് പടർത്തുന്നുണ്ടായിരുന്നു.
” അയ്യേ കരയാണോ അല്ലീ നീ… ഞാഞ്ചുമ്മാ നിന്നെ ദേഷ്യമ്പിടിപ്പിക്കാൻ പറഞ്ഞേയല്ലേ…. നീയെന്റെ മുത്തല്ലേടാ… നിന്നെയങ്ങനെ മറക്കാനൊക്കുവോ. ”
” പോടാ… ”
എന്ന് പറഞ്ഞ് അവൾ ഒന്നൂടെ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു.
എന്റെ നെഞ്ചിൽ കിടന്ന അവളുടെ ശ്വാസോച്വാസത്തിന് പയ്യെ ഒരു താളം വന്നിരിക്കുന്നു. എന്റെ നെഞ്ചിൽ കിടന്നുറങ്ങിയ അവളെ മാറ്റി കിടത്താൻ ശ്രെമിച്ചെങ്കിലും ഞാൻ അനങ്ങുമ്പോഴേ ചിണുങ്ങണ അല്ലിയെ കണ്ടപ്പോൾ അവളുടെ ഉറക്കം കളയാൻ തോന്നിയില്ല.
ചെറിയൊരു മയക്കം കഴിഞ്ഞ് എണീറ്റ് വന്ന അമ്മയും അച്ഛനും പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നിന്നു.
” കണ്ണാ… ഞങ്ങളൊന്ന് വല്യച്ഛന്റെ അത്രേടം വരെ പോയി വരാം… ആ കുട്ടിയോട് പറഞ്ഞേക്കാം ഇവിടെ വന്ന് നിൽക്കാൻ ”
അമ്മ ഒന്നെന്റെ തലയിലുഴിഞ്ഞുകൊണ്ട് പറഞ്ഞു.
ജിൻസിയെ പറഞ്ഞുവിടുന്ന കാര്യമാണ് പുള്ളിക്കാരി ഉദ്ദേശിച്ചത്.
” വേണ്ടമ്മേ… എനിക്കിപ്പോ കുഴപ്പൊന്നുല്ല… അവള് രാത്രി ഉറങ്ങിക്കാണാൻ വഴിയില്ല. ചിലപ്പോ ഉറക്കത്തിലാവും. നിങ്ങൾ പോയിട്ട് വാ ”
ഒരു ചിരിയോടെ അമ്മക്ക് മറുപടികൊടുത്തുകൊണ്ട് അച്ഛനോടും ഞാനൊന്ന് ചിരിച്ചു.
അച്ഛൻ എന്റെ എല്ലാ കാര്യത്തിലും മുൻപിലുണ്ടാകുമെങ്കിലും ഞാനമ്മയോട് ആണ് കൂടുതൽ കൂട്ട്. അമ്മ വഴിയാണ് എന്റെ ഓരോ ആവിശ്യവും ചെറുപ്പം തൊട്ടേ അച്ഛൻ അറിഞ്ഞിരുന്നത്.
അവർ ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ജിൻസി അവിടേക്ക് വന്നു. ഡോർ ലോക്ക് ചെയ്യണ്ട എന്ന് അമ്മയോട് പറഞ്ഞത് ഏതായാലും ഉപകാരമായി.