” പറയാണ്ടിരുന്നാ ഡയറി മിൽക്ക് വാങ്ങിച്ചുതരും… ”
അതിലവൾ വീഴുമെന്ന് എനിക്കുറപ്പാണ്. കാരണം അവൾക്കതിലാരോ കൈവിഷം കൊടുത്തിട്ടുണ്ട്.
അവൾ എന്തൊക്കെയോ ചിന്തിക്കുന്നുണ്ട് അവസാനം അവൾ ഒരു ചിരിയോടെ എന്നെ നോക്കി.
” അതുമാത്രം പോരാ… ഇന്നെന്നെ കറങ്ങാൻ കൊണ്ടുപോണം… ”
“എടി എനിക്ക് വയ്യാത്തതാണ്….”
” ഓഹ് പിന്നേ…. നിനക്കൊരു വയ്യായ്കേം ഇല്ല…. ഇതുഡായിപ്പാണ്. കൊണ്ടോയില്ലേ ഞാൻ പറയും ”
അവളുടെ ബ്ലാക്‌മെയിലിൽ ഞാൻ കുടുങ്ങിപ്പോയി. അവസാനം അവളുടെ ഓരോ ആവിശ്യങ്ങളും സമ്മതിച്ചു കൊടുക്കേണ്ടി വന്നു.
അല്പം കഴിഞ്ഞ് ജിൻസി കയറി വന്നപ്പോൾ അല്ലിയുടെ മുഖത്തുണ്ടായിരുന്ന തൊലിഞ്ഞ ചിരികണ്ടപ്പോൾ അവളെയെടുത്തു ഭിത്തിയിലടിക്കാൻ തോന്നിപ്പോയി.
ഏകദേശം ഒരു അരമണിക്കൂർ കൂടെ കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും തിരിച്ചെത്തി.
പുറത്തു പോകുന്ന കാര്യം പറഞ്ഞതെ അമ്മ ഒടക്കിട്ടു. അവസാനം ജിൻസി കൂടെ വരുവാണെങ്കിൽ പൊയ്ക്കോളൂ എന്നാക്കിയെടുക്കാൻ ഞങ്ങളുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു.
വൈകീട്ടോടെ എന്റവറും കൊണ്ട് ഞങ്ങൾ മൂന്നും ഇറങ്ങി. പോകുന്നവഴി അമ്മുവിനെക്കൂടെ ഞങ്ങളുടെയൊപ്പം കൂട്ടി.
അങ്ങനേ ബാംഗ്ലൂർ ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ ശേഷം
നന്ദി ഹിൽസ് പോകാം എന്ന ഉദ്ദേശത്തോടെ ഞാൻ കാറ് അവിടേക്ക് എടുത്തു.
വഴിയിലെ കാഴ്ച ആസ്വദിക്കുന്ന തിരക്കിലായിരുന്നു അല്ലി. ബാക്കി രണ്ടുപേർക്കും ഇവിടമൊക്കെ സുപരിചിതമാണല്ലോ. പോകും വഴി ഒരു കൃഷിയിടത്തിനു മുന്നിലായി മുന്തിരി വിൽക്കാനായി നിന്ന പെൺകുട്ടിയേക്കണ്ട അല്ലി മുന്തിരി വേണം എന്നും പറഞ്ഞുള്ള ബഹളം തുടങ്ങി. അവസാനം അത് വാങ്ങിക്കൊടുക്കാതെ നിവൃത്തി ഇല്ല എന്ന് കണ്ട് കാർ ഒതുക്കി. മൂന്ന് കുല മുന്തിരിയും വാങ്ങി അതിന്റെ പൈസയും കൊടുത്ത് വീണ്ടും മുന്നോട്ട് പോയി.
കുറച്ചുനേരത്തെ യാത്രക്കോടുവിൽ ഞങ്ങൾ നന്ദിഹിൽസിൽ എത്തി. വെയിൽ താണുതുടങ്ങുന്നേയുള്ളു. അതിനാലാവണം അധികം ആൾക്കാരെ കണ്ടില്ല. പാർക്കിന്റെ നടപ്പാതയിലൂടെ മുന്നോട്ട് നടന്ന് അവിടുള്ള അമ്പലത്തിൽ കയറി തൊഴുത് ഞങ്ങൾ കാഴ്ച കണ്ടുനടന്നു.
അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ കയറി ചായയും പലഹാരങ്ങളും ഒക്കെ കഴിച്ചപ്പോഴേക്കും വെയിൽ ചാഞ്ഞു തുടങ്ങി. അതോടൊപ്പം അന്തരീക്ഷത്തിൽ നേരിയ തണുപ്പും പടർന്നു തുടങ്ങിയിരുന്നു.
പാർക്കിലെ ഇരിപ്പിടത്തിൽ തമാശ പറഞ്ഞിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി ഞാനൊരാളെ കാണുന്നത്.