മിഴി 2 [രാമന്‍]

Posted by

ഞാൻ ബാത്റൂമിലേക്ക് ഓടി. തലയിലൂടെ വെള്ളമൊഴിക്കാൻ തുടങ്ങിയപ്പോഴാ ഓർത്തത്. ഒച്ച കേൾക്കില്ലേ? ഒന്നാമത് രാവിലെ. ഇനി അവളെങ്ങാൻ പുറത്തേക്ക് ഇറങ്ങിയാൽ ഉറപ്പായും കേൾക്കും.സർപ്രൈസ്‌ പൊളിയും. പെട്ടല്ലോ. വീടിന്റെ പുറകിൽ തോട് ഒഴുകുന്നുണ്ട്. ഇന്നലത്തെ മഴയോടെ അതിൽ വെള്ളമെന്തായാലുമുണ്ടാവും. ഇനി തോട്ടിലേക്ക് ഇറങ്ങാം അതാണ് നല്ലത്.

ഞാൻ തോർത്തുമുണ്ടും എടുത്ത് താഴെക്കിറങ്ങി. അമ്മയും അച്ഛനും എഴുന്നേറ്റിട്ടില്ല. മുൻ വാതിൽ ഒച്ചയുണ്ടാക്കാതെ തുറന്നു.കാവിയിട്ട നിലത്തെല്ലാം ഒടുക്കത്തെ തണുപ്പ്.. അമ്പലത്തിൽ പോയ കാലം ഒക്കെ മറന്നു. എന്നാലും ഇവൾക്ക് വേണ്ടി ആദ്യമായല്ലെ. തണുപ്പൊക്കെ സഹിച്ചു വീടിന്റെ സൈഡിലൂടെ, മാവിന്റെ ചുവട്ടിലൂടെ ബാക്കിലേക്ക് ഇറങ്ങി… മുറ്റമെല്ലാം നനഞ്ഞു കിടക്കുന്നു. മഞ്ഞുണ്ട്. പുല്ലിൽ പറ്റി നിക്കുന്ന വെള്ളം കാലിൽ തട്ടി ഞാൻ നിന്നു വിറച്ചു. എങ്ങനെക്കൊയോ തോടിന്റെ വക്കിലെത്തി. തോട് കഴിഞ്ഞാൽ അതിരു കാണാൻ കഴിയാത്ത അത്രക്കും വലിയ പാടമാണ്. ഞാൻ ഒരു നിമിഷം കുളിക്കാൻ മടിച്ചു നിന്നു.. ദൂരെ മൂടി നിക്കുന്ന മഞ്ഞിന്റെ ഇടയിലൂടെ ഒരു ചെറു വെട്ടമുണ്ട്. പാടത്തിന്റെ ഒരു വശത്ത് താമസിക്കുന്ന രവി ചേട്ടന്റെ വീട്ടിൽ നിന്നാണ്.ശാന്തേച്ചി രാവിലെ എഴുന്നേറ്റു കാണും.

മടി മാറ്റിവെച്ചു സമയം കളയാതെ ഞാൻ തോട്ടിലിറങ്ങി കുളിച്ചു. വിറച്ചു… വിറച്ചു എങ്ങനെയോ കരക്ക് കേറി വീട്ടിലേക്ക് ഓടി.. മുൻവാതിൽ ഒന്ന് ചാരി ഞാൻ ശബ്ദമുണ്ടാക്കാതെ സ്റ്റെപ്പുകൾ ഓരോന്ന് കേറി ..ചെറിയമ്മയുടെ റൂമിലേക്ക് ഒരു നോട്ടമിട്ടപ്പോൾ വാതിൽ തുറന്നിട്ടില്ല.. വെളിച്ചം ചെറുതായി പുറത്തേക്ക് കാണുന്നത് കൊണ്ട് വീണ്ടും കിടന്നുറങ്ങിയില്ലെന്ന് മനസ്സിലായി. പിന്നെ എല്ലാം പെട്ടന്നായിരുന്നു.കിട്ടിയ ഒരു ഷർട്ടും, പിന്നെ ഒട്ടും താൽപ്പര്യമില്ലാഞ്ഞിട്ട് പോലും അമ്പലത്തിലേക്കല്ലെ എന്ന് കരുതി പണ്ട് കോളേജിലെ ഓണപ്പരിവാടിക്ക് വാങ്ങിയ മുണ്ടും എടുത്തിട്ടു.തല ചീകുന്ന പരിവാടിയൊന്നുമില്ല.

റൂമിൽ നിന്ന് ഇറങ്ങിയപ്പോ പുറത്ത് കുറച്ചു വെളിച്ചമൊക്കെയുണ്ട്. ഇനി ചെറിയമ്മയുടെ മുന്നിൽ പോയി നിക്കണം. ആ മുഖം ഒന്ന് കാണണം.. വല്ലാത്ത ആവേശം.നെഞ്ചിത്തിരി കുലുങ്ങുന്നുണ്ട്.. എന്തിനാവോ എന്തോ…

ആ റൂം എന്റെ കണ്ണിൽ തെളിഞ്ഞതും ഇത്തിരി കൂടെ ആവേശം കൂടി. വാതിലിന്റെ ഒരു പൊളി ഇത്തിരി തുറന്നിട്ടതാണ്.. അതിലൂടെ വെളിച്ചം പുറത്തേക്കൊഴുകുന്നു. നല്ല ബുദ്ധി തോന്നിച്ചല്ലോ അവൾക്ക്.. അല്ലൽ ഞാൻ തട്ടി വിളിച്ചു അവൾ വാതിൽ തുറക്കുമ്പോൾ സർപ്രൈസിന്റെ ചൂടെല്ലാം ആറി തണുത്തു കാണും.

Leave a Reply

Your email address will not be published. Required fields are marked *