മിഴി 2 [രാമന്‍]

Posted by

“ഒന്ന് വാടാ പൊട്ടാ..” അവൾ എന്റെ  കൈ കവർന്നു പിടിച്ചു.. സ്വപ്നം നടന്നു പക്ഷെ കുറേ നേരായി എന്നെ പൊട്ടാ, പൊങ്ങാ, ചെക്കാ എന്നോകെയുള്ള വിളി തുടങ്ങിയിട്ട്. ഇത്തിരി ദേഷ്യം വന്നു.ഇതിനൊരു അതിരില്ലേ?

“പൊട്ടൻ നിന്റെച്ഛൻ ” വായിൽ വന്നു. പണ്ടാരടങ്ങാൻ അമ്മയുടെ അച്ഛൻകൂടെ അല്ലെ. ഓഹ് ഒന്നും പറയാൻ പറ്റില്ലല്ലോ

“പൊട്ടൻ നിന്റെ കെട്ട്യോൻ “കിട്ടിയതെടുത്തു ആ ചെറിയ ദേഷ്യം ഞാൻ തീർത്തു..

“ഹാ കെട്ട്യോൻ എങ്കി കെട്ട്യോൻ നീയൊന്നു വന്നേ ” എന്ത് വിളിച്ചാലും വേണ്ടില്ല നീയൊന്നു വന്നാൽ മതിയെന്നുള്ള ഭാവം പെണ്ണിന്.എന്തായാലും ആ കൈ എന്റെ കയ്യിൽ കോർത്തല്ലോ അതുമതിയായിരുന്നു എനിക്ക് ഞാൻ കൂടെ ഒപ്പരം നടന്നു.

“ചെക്കന്റെ ഓരോ പൂതിയെ!!!” കേൾക്കില്ലെന്നു വിചാരിച്ചു ചെറിയമ്മ പിറുപിറുത്താണെന്ന് തോന്നി.. വായിൽ നിന്ന് വന്നത് ഞാൻ നല്ലപോലെ കേട്ടു.അയ്യടാ എന്റെ നീക്കമെല്ലാം മനസ്സിലാക്കിയലോ.. ശ്ശേ!!! മോശം.

അവൾ നാക്ക് കടിച്ചു എന്റെ മുഖത്തു നോക്കിയപ്പോ അറിയാതെ വീണു പോയതാ എന്ന് നല്ലപോലെ മനസ്സിലായി.  റിയാക്ഷൻ അറിയാൻ വേണ്ടി നോക്കിയ ചെറിയമ്മയെ ഞാൻ ഒന്നും അറിയാത്തതു പോലെ എന്താണെന്ന് ചോദിച്ചു ഒഴുവാക്കി വിട്ടു .. ആ മുഖത്തു ചിന്താ കുഴപ്പം വിരിഞ്ഞു.ഞാൻ മിണ്ടാതെ നടന്നു.

 

സ്റ്റെപ്പുകൾ കേറി ഞങ്ങൾ അമ്പലത്തിൽ എത്തി ഉള്ളിലേക്ക് കേറണേൽ ഷർട്ടൊക്കെ അഴിക്കണം.. ചെറിയമ്മ വരുന്നോന്ന് ചോദിച്ചു.ആ മുഖത്തു ഞാൻ വരണമെന്നുമുണ്ടായിരുന്നു.പക്ഷെ അതിനുള്ളിൽ കേറി എന്താ ചെയ്യേണ്ടേ എന്നറിയാത്ത ഞാൻ ഇല്ലന്ന് പറഞ്ഞൊഴിഞ്ഞു.

അമ്പത്തിന് ചുറ്റുമുള്ള കല്ല് പതിച്ച ഒരു പാതയുണ്ട് സൈഡിലെല്ലാം നല്ല മരങ്ങൾ. കുളിരുന്ന അന്തരീക്ഷത്തിൽ, ചന്ദനത്തിന്റെയും, ഉരുകിയ നെയ്യിന്റെയും, പനിനീറിന്റെയും സുഗന്ധം കലർന്ന വായുവും ശ്വസിച്ചു ചുറ്റുമൊന്ന് നടക്കാം എന്ന് കരുതി.ഏകദേശം പകുതിയായപ്പോ അതാ മുന്നിൽ.. നമ്മുടെ ചെക്കൻ ഹരി.അമ്പലത്തിലെ പൂചാരി എന്നല്ലേ പറയാ? കീഴ്‌ശാന്തിയോ.. എന്തായാലും വലിയവൻ ആയിട്ടില്ല അവന്റെ അച്ഛനാണ് മെയിൻ. എന്നെ കണ്ടു അവന്‍ താടിക്ക് കൈ കൊടുത്തു നിന്നു.

“ആരെയാ ഞാനിപ്പോ കാണുന്നെ? നമ്മുടെ അഭി തന്നെയല്ലേ. എന്താ ഈ വഴിക്കൊക്കെ, ഗൂഗിൾ മാപ് വല്ലോം വഴി തെറ്റിച്ചോ?” ഞാൻ മുന്നിലെത്തിയതും കളിയാക്കലിന്റെ സ്വരത്തിൽ അവന് പറഞ്ഞു.അതു കേട്ട് എനിക്കങ്ങട്ട് തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *