പുള്ളിക്കാരി എന്തൊക്കെയോ അർത്ഥം വച്ചിട്ട് പറയുംപോലെ തോന്നി…
” വേണ്ട ഞാൻ കഴിച്ചായിരുന്നു…”
” അത് പിന്നെ അങ്ങനെ ആണല്ലോ കൂടെ വന്ന ഫ്രണ്ടിന് വിശന്ന് കാണും അല്ലേ ഫ്രണ്ടേ… ”
പുള്ളിക്കാരി വിടാൻ ഒരു ഉദ്ദേശവുമില്ല…അതോടെ എനിയും നിന്നാൽ പന്തിയല്ലെന്ന് തോന്നിയ ഞാൻ മുഖത്തൊരു പുഞ്ചിരി ഫിറ്റാക്കി മുകളിലേക്ക് വച്ചു പിടിച്ചു… റൂമിൽ എത്തിയതും ചാടി കേറി കിടക്കയിലേക്ക് വീണു…അല്ലേലും കട്ടിലൊരു വീക്ക്നസ്സാണ് എനിക്ക്… തെറ്റ്ധരിക്കല്ലേ…ഉറക്കം ആണ് ഉദ്ദേശം…
അങ്ങനെ എത്ര സമയം കിടന്നുറങ്ങിയെന്നറിയില്ല…പതിവ് പോലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേറ്റത്…
” നിന്നോട് പുറത്ത് പോയി വന്നാ ഡ്രസ്സ് മാറീട്ടെ കിടക്കാൻ പാടുള്ളൂന്ന് പറഞ്ഞിട്ടില്ലേ… അതെങ്ങനെയാ അച്ഛൻ്റെ അല്ലെ മോൻ… ”
അടുത്തിരുന്ന് അമ്മ ചീറുന്നത് ഉറക്ക പിച്ചിലാണേലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു…
” എഴുന്നേറ്റ് വാടാ കുംഭകർണാ…നേരം ഒരുപാടായി…ചെന്ന് ഫ്രഷായി താഴേക്ക് വാടാ… ”
ഞാൻ ഉറക്കം എഴുന്നേൽക്കില്ല എന്ന് കണ്ടപ്പൊ പുള്ളിക്കാരി എൻ്റെ താടിയിലും മുടിയിലും പിടിച്ച് ചെറുതായി വലിക്കാൻ തുടങ്ങി…
” അയ്യോ…ഓടി വായോ…ന്നെ കൊല്ലുന്നേ… ”
ഞാൻ വേദനയിൽ അലറി…പക്ഷെ അവിടുന്ന് ഒരു മയവുമില്ല…ഈ താടി പിടിച്ച് വലിക്കുമ്പോൾ ഉള്ള വേദനാ…അത് ഒന്ന് വേറെ തന്നെയാ…
” ഹാ വേദനിക്കട്ടെ അങ്ങനെ…എല്ലാം മര്യാദയ്ക്ക് വെട്ടി വൃത്തിയിൽ നടക്കാൻ പറഞ്ഞാൽ മോൻ കേൾക്കില്ലാലോ…അപ്പൊ ഞാൻ ഇങ്ങനൊക്കെ ചെയ്യും… ”
പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…എന്നിട്ട് മെല്ലെ കൈ വിട്ടു…
” എന്തൊരു കഷ്ടാ ദൈവമേ… മനുഷ്യനെ മെനക്കെടുത്താൻ… ”
ഞാൻ താടിയും തടവിക്കൊണ്ട് എണീറ്റു…മറുപുറത്ത് ചിരി മാത്രം…
” ഈയെടയായി ശല്ല്യം കൂടുതൽ ആണ് കേട്ടോ ഡോക്ടറെ ഇങ്ങനെ ആണെ ഞാൻ എങ്ങോട്ടേലും എറങ്ങി പോവും നോക്കിക്കോ…. ”
ചുമ്മാ പുള്ളിക്കാരിയെ നോക്കി ഒരു കപട ദേഷ്യം കാണിച്ചതാ പക്ഷെ പെട്ടന്ന് അമ്മയുടെ മുഖം ഒക്കെ മാറി…ഒരു സങ്കടം കേറി വന്നു…ഫീലായി കാണും…
” സോറി അമ്മ ഒരു തമാശയ്ക്ക്… മോന് വേദനിച്ചോ… ”
നേർത്ത സ്വരത്തിൽ അത് പറയുമ്പോൾ അമ്മയുടെ സ്വരം ഇടറുന്നത് ഞാൻ അറിഞ്ഞു…