” ഡാ നീയെങ്ങോട്ടാ വഴിയൊന്നും അറിയാതെ ഈ വെച്ച് കീറുന്നത്… ”
യാത്രയിൽ എൻ്റെ പോക്ക് കണ്ട് മുന്നിലിരിക്കുന്ന അച്ഛൻ ചോദിച്ചു…പുവർ ഡാഡി…ഇങ്ങേർക്കറിയില്ലല്ലോ നമ്മൾ ഈ റൂട്ടിലെ സ്ഥിരം കസ്റ്റമർ ആണെന്ന്…
” ഹോ…അത് ചേട്ടത്തി പറഞ്ഞ് തന്നിട്ടുണ്ട്… ”
ഞാൻ തൽകാലം ദിവ്യ കുട്ടിയുടെ കാര്യം മറച്ചുവച്ചു… അതിന് അങ്ങേരൊന്ന് മൂളി…അതോടെ വേഗം വണ്ടി പറപ്പിച്ചു… കുറച്ചു നേരത്തിനു ശേഷം വണ്ടി അവിടേക്ക് കയറി…സാധരണ ആ പൊട്ടിക്കാളി ഇറങ്ങുന്ന വഴിയിൽ നിന്നും മാറിയുള്ള വഴിയെ അച്ഛൻ എന്നോട് എടുക്കാൻ പറഞ്ഞു…അപ്പോഴാണ് മനസ്സിലായത് അത് വഴിയെ വണ്ടി പോകൂന്ന്…അങ്ങനെ അവളുടെ തറവാട്ടിൽ ആദ്യമായി ഞാൻ കാല് കുത്തി… സിനിമയിലൊക്കെ കാണുന്നതുപോലെ കൊള്ളാം…. അപ്പോഴേക്കും മറ്റ് വണ്ടികളും എത്തിയിരുന്നു… തറവാടിന്റെ ഉമ്മറത്ത് തന്നെ ഞങ്ങളെ സ്വീകരിക്കാൻ ചേട്ടത്തിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു…അങ്ങനെ ഉള്ളിൽ കേറി പിന്നെ ഓരോ ചടങ്ങുകൾ ആയിരുന്നു…ചേട്ടത്തിയേയും സൂര്യയേയും അടുത്തിരുത്തി ഓരോന്നൊക്കെ കാരണവന്മാർ സംസാരിക്കുന്നുണ്ട്… ദിവ്യയെ ആണെങ്കിൽ കാണുന്നുമില്ല…മടുപ്പ് പിടിച്ച് ഞാൻ കുറച്ചു നേരം കഴിഞ്ഞപ്പോൾ പുറത്തേക്കിറങ്ങി…
കുറച്ചു നേരം കഴിഞ്ഞ് തറവാടിൻ്റെ മുറ്റത്തിൽ ഫോണും പിടിച്ച് നടക്കുമ്പോഴാണ് ചേട്ടത്തി അങ്ങോട്ട് വരുന്നത്…
” എന്താ മോനെ മാറി നിക്കുന്നെ…ഒരു സ്റ്റേഷൻ കിട്ടാത്ത പോലുണ്ടല്ലോ… ”
എൻ്റെ അടുത്തെത്തിയതും ഒരു ചിരിയോടെ ചേട്ടത്തി ചോദിച്ചു…അതിന് ഒന്നൂല്ല്യാന്നുള്ളർത്ഥത്തിൽ ഞാൻ തലയാട്ടി…
” അല്ല ചടങ്ങൊക്കെ ഇത്ര പെട്ടെന്ന് കഴിഞ്ഞോ ചേട്ടത്തി… ”
” ഇല്ലെടാ…ഇനി നിശ്ചയത്തിൻ്റെ തീയതിയെ പറ്റി സംസാരിക്കുന്നുണ്ട്…അത് ആണുങ്ങൾ സംസാരിക്കുന്നതല്ലേ…അപ്പൊ നീയിവിടെ പോസ്റ്റായിരിക്കുന്നത് കണ്ടപ്പൊ ഇങ്ങോട്ട് പോന്നു… ”
ചേട്ടത്തി ഒരു ചിരിയോടെ കാര്യം പറഞ്ഞു… പിന്നെ ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചിരിന്നു… ദിവ്യയെ പറ്റി ചോദിക്കണം എന്നുണ്ട് പക്ഷെ ചെറിയോരു മടി… അതോണ്ട് വേണ്ടാന്ന് വെച്ചു…
” അല്ല അത് പോട്ടെ ഇന്നലെ സിനിമയ്ക്ക് പോയ വിശേഷമൊക്കെ ഇവിടൊരാൾ വന്ന് പറഞ്ഞു…അല്ല ചെറുക്കാ നിനക്കിത് തന്നെയാണോ പണി…ആ പെണ്ണ് ശരിക്കും പേടിച്ചു…ഇന്നലെ തൊട്ടേ മുഖം ദേഷ്യം കൊണ്ട് രണ്ട് കൊട്ടയുണ്ട്… ”
പെട്ടന്ന് രോഗി ഇച്ചിച്ചതും വൈദ്യൻ കൽപിച്ചതും മിൽമ എന്ന് പറയും പോലെ ചേച്ചി അവളുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷയായി…