കേരളത്തിൽ രവിമാമൻ എന്നും മുംബൈ നഗരത്തിന്റെ രവി ബായിയുമാണ് അയാൾ. ഡ്രഗ്, ഗോൾഡ്, ഹെറോയിൻ, കഞ്ചാവ്, ഹവാല തുടങ്ങി എല്ലാ ഇല്ലീഗൽ ബിസിനെസ്സിന്റെയും ലാഭം ചെന്ന് കുമിഞ്ഞു കൂടുന്നത് ഇയാളുടെ കീശയിലേക്കാണ്. മാത്രമല്ല, പല രാജ്യത്തേക്കും സ്ത്രീകളെ പ്രായമാനുസരിച്ച് വിലപറഞ്ഞു വിൽക്കുന്ന ഏർപ്പാടുകളും ഇയാൾക്കുണ്ട്. നിർഭാഗ്യവശാൽ ഇയാളൊരു മലയാളിയാണ്.
ജോയ് റാം IPS ന്റെ എല്ലാ അന്വേഷണങ്ങളും എത്തി നിന്നത് അർജുൻ എന്ന ഇരുപത്തി നാലുകാരനിലായിരുന്നു. അവനിൽ നിന്നും രവീന്ദ്രനിലേക്കുള്ള ദൂരം വളരെ വളരെ ചെറുതായിരുന്നു. ഒരു ഫോൺകോൾ ദൂരം.
ജോയ് റാം തന്റെ ഫോൺ എടുത്തു. സോന നേരത്തെ ഏദൻസിൽ വെച്ച് ജോയ് സാറിന്റെ മൊബൈൽ നമ്പർ എഴുതിവാങ്ങിയ പേപ്പർ അയാൾക്ക് നീട്ടി. പത്തക്ക നമ്പർ ഡയൽ ചെയ്ത് അയാൾ കാതിലേക്ക് വെച്ചു.
“ഹലോ… ജോയ് റാം IPS സ്പീക്കിങ്… പ്രിൻസിപ്പൽ ജോയ് വർഗീസ് അല്ലെ..”
“അതെ.. സാറേ എന്തെ..”
“നേരത്തെ നിങ്ങൾ പറഞ്ഞ ആളുടെ പേർ അർജുൻ എന്നല്ലേ പറഞ്ഞത്…”
“അതെ.. എന്താ സാർ..”
“അവന്റെ ഫുൾ നെയിം ഓർക്കുന്നുണ്ടോ..?”
“അർജുൻ രവീന്ദ്രൻ…”
“ഒക്കെ.. താങ്ക്യൂ മിസ്റ്റർ ജോയ്..”
നേരത്തെ സംശയിച്ചിരുനെങ്കിലും, ഉറപ്പിക്കാൻ ആ ഒരുത്തരം മാത്രം മതിയാരുന്നു. രവിമാമനിലേക്ക് അർജുൻ കണക്ടഡാവാൻ. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ രഹസ്യ ഏജന്റായിരുന്നു ജോയ് റാം.. അയാളുടെ യഥാർത്ഥ പേര് അത് തന്നെയോ എന്ന് തന്നെ ഉറപ്പില്ല. ഈ രഹസ്യാന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും കേരള പോലീസോ മറ്റു ഏജൻസികളോ ഇത് വരെ അറിഞ്ഞില്ല. രവിമാമന്റെ ആനുകൂല്യങ്ങൾ പറ്റിക്കൊണ്ടിരുന്ന രാഷ്ട്രീയ നേതാക്കളോ പോലീസ് മേധാവികളോ പോലും അറിഞ്ഞില്ല.