അതൊക്കെക്കൊണ്ടാവാം പൂജയ്ക്ക് ആറ് മാസത്തിനിപ്പുറം ആദ്യത്തെ നീളൻ വെക്കേഷന് കിട്ടിയപ്പോൾ ചിന്തിക്കാൻ മറ്റൊന്നുണ്ടായിരുന്നില്ല, ട്രെയിനിൽ ഒറ്റയിരിപ്പിന് നാട്ടിലേക്ക് ഇരിക്കുമ്പോഴും ഹൃദയം മിടിച്ചത് ആഹ് പഴയ വിഷ്ണുജിത്തിലേക്കുള്ള പരകായപ്രവേശം കൊതിച്ചിട്ടായിരുന്നു.
പാടം കഴിഞ്ഞു മരങ്ങൾ ചാഞ്ഞു തണുപ്പും തണലുമൊരുക്കിയ നടവഴിയിലേക്ക് നടന്നു കയറി അഞ്ചു നിമിഷത്തിനപ്പുറം ഞാൻ കണ്ടു എന്റെ തറവാട്, കുമ്മായം പൂശിയിട്ടും പായൽ ആക്രമിച്ച തിരുശേഷിപ്പ് ബാക്കി വെച്ച പടിപ്പുരയ്ക്കും ചുറ്റുമതിലിനുമപ്പുറം തലുയർത്തി നിൽക്കുന്ന എട്ടുകെട്ട്, പഴമയിലും കരുത്തു ചോരാതെയുള്ള അവളുടെ നിൽപ്പ് എന്നിൽ പടർത്തിയ തണുപ്പ് കാലടികളുടെ വേഗം വർധിപ്പിച്ചു.
“കോലോത്തമ്മേ….ദേ തമ്പ്രാൻ കുട്ടി….”
പടിപ്പുര വാതിൽ കടന്നു അകത്തേക്ക് നടന്ന എന്നെ നോക്കി ചാത്തന്റെ ഭാര്യ ഉണ്ണി നീലി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
കേട്ട പാടെ എന്റെ കണ്ണുകൾ തിരഞ്ഞത് ഒരാളെ ആയിരുന്നു,…അതെ ആള് എന്നെയും കണ്ടെത്തിയിരുന്നു.
ഞാൻ ഓരോ അടി വെച്ചു അടുക്കുമ്പോഴും കഷ്ടപ്പെട്ട് പിടിച്ചു നിർത്തിയ കണ്ണീർ തന്നെ ചതിക്കുന്നതോർത്തു വിങ്ങുകയായിരുന്നു അവർ, എന്റെ അമ്മ ഭാഗ്യലക്ഷ്മി, അടുത്തെത്തി വിടർത്തിയ എന്റെ കയ്യിലേക്ക് ചേക്കേറിയ അവർ എന്റെ നെഞ്ചിൽ ഒരു വലിയ നനവ് പടരുംവരെ എന്നെ ഇറുക്കിയണച്ചു, തേങ്ങലുകളിൽ ഞാൻ ആറുമാസം അനുഭവിച്ച സമ്മർദ്ദം ഒലിച്ചു പോയിരുന്നു. ഇവർ ആരാണെന്ന് ഇന്നും എനിക്കറിയാത്ത സത്യമാണ്, എന്നെയും ഇവരെയും ബന്ധിപ്പിക്കുന്ന ഒന്ന് എന്റെ അച്ഛനാണ് ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്നേ കാലത്തിന്റെ കണക്കിൽ മറഞ്ഞിട്ടും എനിക്ക് വേണ്ടി മറ്റൊരാളെയും ജീവിതത്തിലേക്ക് കടത്താതിരുന്ന ഇവരോട് എന്ന് മുതലാണ് ആരാധന തോന്നിതുടങ്ങിയത് എന്നിന്നും എനിക്ക് അഞ്ജമായ ഒന്നാണ്.
“തബ്രാട്ടിയെ…തമ്പ്രാൻ കുട്ടിയെ കൂട്ടി പോയിട്ട് എന്തേലും ഉണ്ണാൻ കൊടുക്കൂ….യാത്ര ചെയ്ത് ക്ഷീണിച്ചിട്ടുണ്ടാവും….”
ഉണ്ണിനീലി വാപൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു,
അത് കേട്ടതും എന്റെ നെഞ്ചിൽ നിന്നും കഷ്ടപ്പെട്ട് അടർന്നു മാറിയ അവർ കണ്ണ് തുടച്ചു കൊണ്ട് അകത്തേക്ക് വേഗം കയറിപ്പോയി.
എന്നെ നോക്കി ചമ്മി ചിരിച്ച ഉണ്ണിനീലിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറി, ഇരുട്ടും നിഴലും അരിച്ചിറങ്ങുന്ന വെളിച്ചവും ഇടവിട്ട് കളിയാടുന്ന നടുമുറ്റവും ഇടനാഴികളും കടന്നു പഴകിയ മരത്തിന്റെ മണവും തണുപ്പ് ഇരച്ചു കയറുന്ന തിണ്ണയിലൂടെ നഗ്നപാദനായി ഞാൻ നടന്നു, ഇവിടെയുള്ള ഓരോ അകത്തളത്തിനും അറയ്‌ക്കും മുറിക്കും എന്നെ അറിയാം…. കൽക്കത്തയിലെ ഒറ്റ മുറിയിൽ വീർപ്പുമുട്ടുമ്പോൾ ഞാൻ കണ്ണടച്ച് ഈ തറവാടിനെ ആവാഹിക്കും,… ഇടനാഴികളിൽ തെക്കിനിയിലും വടക്കിനിയിലും, കുറുങ്ങുന്ന മച്ചിലും, എല്ലാം ഞാൻ സ്വപ്നസഞ്ചാരം നടത്തുമ്പോൾ ഉള്ളിൽ നോവും സുഖവും ഒരു പോലെ നിറയും……