**********************************
സന്ദ്യ മയങ്ങിയിരിക്കുന്നു. DMS ഹോസ്പിറ്റലിന്റെ മുകളിൽ അസ്തമയ സൂര്യന്റെ ചുവപ്പ് പടർന്നിരിക്കുന്നു. ഹോസ്പിറ്റൽ കോമ്പൗണ്ടിനുള്ളിൽ രോഗികളുടെ തിരക്കുകളൊക്കെ ഒഴിഞ്ഞ് ശാന്തമായിരിക്കുന്നു. റോഡിലൂടെ വാഹനങ്ങളുടെ മിന്നുന്ന വെളിച്ചങ്ങൾ കാണാം. ഇടക്ക് ചീറിപ്പാഞ്ഞു വരുന്ന ആമ്പുലൻസുകളുടെ നിലവിളികൾ കേൾക്കാം. ആ നിലവിളകൾക്ക് പിന്നിൽ ഏതോ രോഗിയുടെ കിതപ്പുണ്ടെന്ന് ശിൽപ്പയ്ക്ക് തോന്നി.
DMS ഹോസ്പിറ്റലിന്റെ മൂന്നാം നിലയിലെ സ്ത്രീകളുടെ വാർഡിലെ അഞ്ചാം നമ്പർ കട്ടിലിനടുത്തുള്ള ജനലിലൂടെ പുറത്ത് വെളിച്ചം മങ്ങുന്നതും നോക്കി നിൽക്കുകയായിരുന്നു ശിൽപ്പ. തൊട്ടടുത്തെ കട്ടിലിൽ അവളുടെ ‘അമ്മ കിടക്കുന്നുണ്ട്. പുറത്തെ കാഴ്ചകളെ വിട്ട് അവൾ ‘അമ്മയെ ഒന്ന് നോക്കി. കാഴ്ച്ചയിൽ അമ്മക്ക് പ്രത്യേകിച്ച് ഒരു രോഗവും ഉണ്ടെന്ന് അവൾക്ക് തോന്നിയില്ല. റിപ്പോർട്ടുകൾ നോക്കി ഡോക്റ്റർമാർ നിർണയിച്ച രോഗം കേട്ടതിന് ശേഷമാണ് ‘അമ്മ ക്ഷിണിതയായത് എന്ന് അവളോർത്തു. ലക്ഷ്മികുട്ടിയമ്മ കട്ടിലിൽ ചാരിയിരുന്ന് ഒരു ഓറഞ്ച് കഴിക്കുകയായിരുന്നു.
അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന ദിവസം അവളോർത്തു.
ആ സമയം അവൾ കോളേജിലായിരുന്നു. ‘അമ്മ ഹോസ്പിറ്റലിലാണെന്ന്’ പീയൂൺ വന്നു പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞത്. ഓടിപിടിച്ച് ഇവിടെ എത്തി. അപ്പോയെക്കും ടെസ്റ്റുകളും മറ്റും കഴിഞ്ഞ് ഡോക്റ്റർമാർ രോഗവും പ്രതിവിധിയും നിർണയിച്ചിരിക്കുന്നു. കിഡിനിയിൽ ഒരു മുഴ കിഡ്‌നി മാറ്റിവെക്കണം. കേട്ടതും അവളൊന്ന് ഞെട്ടി. എന്താണ് സമ്പവിച്ചെതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ജോലിക്ക് പോയ വീട്ടിൽ വെച്ച് അമ്മയ്ക്ക് ഒരു വയറുവേദന വന്നതാണ്. ആ വീട്ടുകാരാണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. ഒരു ചെറിയ വയറുവേദനയ്ക്ക് പിറകിൽ ഇത്രയും വലിയ രോഗം ഒളിഞ്ഞു കിടപ്പുണ്ടാവുമെന്ന് ‘അമ്മ കരുതികാണില്ലെന്ന് അവളോർത്തു.
കുറെ സമയമായി കാറ്റത്തൊഴുകുന്ന പട്ടം പോലെ അലയുകയായിരുന്നു അവളുടെ മനസ്സ്. ആലോചനകളെ വിട്ട് അവൾ അമ്മയുടെ അടുത്ത് കട്ടിലിൽ ചെന്നിരുന്നു. അമ്മയുടെ മുഖത്ത് ഒളിഞ്ഞു കിടക്കുന്ന ഒരു ഭയം കാണാമായിരുന്നു.
“അമ്മെ..” അവൾ പതിയെ വിളിച്ചു.
ലക്ഷ്മകുട്ടിയമ്മ തല ഉയർത്തി മകളെ ഒന്ന് നോക്കി.
“അമ്മയ്ക്ക് പേടിയുണ്ടോ” അമ്മയുടെ കരങ്ങൾ ഗ്രഹിച്ചുകൊണ്ട് ശില്പ ചോദിച്ചു.
‘അമ്മ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പകരം തന്റെ കയ്യിലിരുന്ന ഓറഞ്ച് ഇല്ലികളിലൊന്ന് അവൾക്ക് നേരെ നീട്ടി. അതും വാങ്ങി അവൾ അമ്മയുടെ അടുത്തേക്ക് നീങ്ങി. കഴുത്തിലൂടെ കയ്യിട്ട് അമ്മയെ ചേർത്ത് പിടിച്ചു. അവളുടെ കൂടെ ലക്ഷ്മികുട്ടിയമ്മയുടെയും കണ്ണുകൾ നിറഞ്ഞു.
“എനിക്ക് പേടിയൊന്നുല്ല മോളെ… എന്നാലും എനിക്ക് ഇത്ര വലിയ അസുഖം വന്നല്ലോ എന്നോർത്തപ്പോൾ…” ലക്ഷ്മികുട്ടിയമ്മ അത് മുഴുമിപ്പിച്ചില്ല.
“‘അമ്മ വിഷമിക്കണ്ട.. എല്ലാം ശരിയാവും…” ശിൽപ്പ അമ്മയുടെ കവിളിലൊരു മുത്തം കൊടുത്ത് കൊണ്ട് പറഞ്ഞു. അവളുടെ ഉള്ളിലും ഒരു ഗദ്ഗദം മുഴങ്ങുന്നുണ്ടായിരുന്നു. അമ്മയുടെ മുമ്പിൽ വെച്ച് ഒരു നേർത്ത വിതുമ്പല് പോലും ഉണ്ടാവരുതെന്ന് കരുതി അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് ജനലിൽ പോയി നിന്നു.
ഇടക്ക് ഒഴുകി പോകുന്ന വാഹനങ്ങളുടെ വെട്ടങ്ങളൊഴിച്ച്, പുറത്തുള്ള എല്ലാം ഇരുട്ട് വിഴുങ്ങിയിരിക്കുന്നു. പ്രകൃതി പുതപ്പ് വിരിച്ച് ഉറങ്ങാൻ ഒരുങ്ങുകയാണ്. തനിക്കും ഉറക്കം വരുന്നുണ്ടെന്ന് അവൾക്ക് തോന്നി. തലയ്ക്കും കൺ പോളകൾക്കും വല്ലാത്ത ഭാരം. രണ്ടു ദിവസമായി മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട്. രണ്ടു ദിവസമായി ഒന്ന് കുളിച്ചിട്ട്. അയ്യേ അവൾക്ക് നാണം തോന്നി. കൈകൾ പൊക്കി അവൾ കക്ഷം ഒന്ന് സ്വയം മണത്ത് നോക്കി. വല്ലാത്ത വിയർപ്പിന്റെ ഗന്ധം. ആ സമയം തണുത്ത വെള്ളത്തിൽ കുളിക്കാൻ അവൾക്ക് കൊതി തോന്നി. എന്നാലും ഒന്ന് മുഖവും കയ്യും കഴുകാമെന്ന് കരുതി ബാത്രൂമിലേക്ക് നടന്നു.