“സംഭവിച്ചത് സംഭവിച്ചു ഇനീം അതാലോചിച്ചു വെറുതെ വിഷമിക്കുന്നതെന്തിനാ നമുക്ക് ഷോറൂമിലേക്ക് വിളിച്ചു ചോദിക്കാം ഇൻഷുറൻസ് കവർ ചെയ്യുമോ എന്ന് ….”
സന്ധ്യ അവളെയും കൂട്ടി കാറിലേക്ക് നടന്നു.
ഹോസ്പിറ്റലിന്റെ കവാടം കടക്കുമ്പോൾ മിന്നൽ പോലെ ഒരു റേഞ്ച് റോവർ അവരുടെ മുന്നിൽ വന്നു നിന്ന് ആഞ്ഞു ചവിട്ടി….
“ഒന്ന് ഒതുക്കി കൊടുക്ക് അനു എന്തേലും എമെർജെന്സി ആവും…..”
അനഘ പെട്ടെന്ന് ഒരു വശത്തേക്ക് ഒതുക്കിയതും റോവർ മുരണ്ടുകൊണ്ട് അകത്തേക്ക് കുതിച്ചു.
അനഖയും സന്ധ്യയും വീട്ടിലേക്കും നീങ്ങി.
————————————-
” അനു…..”
“എന്താ ചേച്ചീ….”
“ഡി നീ ഇന്ന് ഇടിച്ചിട്ട ചെക്കനെ നിനക്ക് എവിടേലും വെച്ച് കണ്ടു വല്ല പരിചയോം തോന്നിയോ…”
“എന്തോന്നാ ആര് ഇടിച്ചിട്ടൂന്ന….കാറിന്റെ മുന്നിലേക്ക് അടീം കൊണ്ട് ബോധമില്ലാതെ ഓടി കയറി വന്ന അവനാ എന്റെ കാർ ഈ പരുവമാക്കിയത് എന്നിട്ടു ഇടിച്ചിട്ടൂന്നു….ഹും…”
അനഘ സന്ധ്യയോട് ഒച്ചയിട്ടതോടെ സന്ധ്യ അവളെ കൈ രണ്ടും കൂപ്പി തൊഴുതു.
“എന്റെ പൊന്നുമോളെ…വിട്ടേക്ക് അറിയാതെ നാവു പിഴച്ചു പോയതാ……”
“ഉം….”
“നീ ഞാൻ ചോദിച്ചതിന്റെ കാര്യം പറ അവനെ നിനക്ക് എവിടേലും കണ്ടതായി പരിചയമുണ്ടോ….”
“എനിക്കെങ്ങും ഇല്ല…..
വല്ല ഇന്റർവ്യൂ നും വന്നിട്ടുണ്ടാവും,…കണ്ണീ ചോരയില്ലാതെ പറഞ്ഞും വിട്ടിട്ടുണ്ടാവും,…അതാവും ചേച്ചിക്ക് കണ്ടു പരിചയം,….”
“ഓഹ് ഈ പെണ്ണിന്റെ നാവ്….എങ്ങനെയിരുന്നെച്ചതാ….വായിൽ വിരലിട്ടാൽ പോലും കടിക്കാത്തതായിരുന്നു ഇനി ഞാൻ വഷളാക്കി എന്ന് പറയുവോ എന്തോ….”
സന്ധ്യ അവളുടെ വണ്ണിച്ച കൈതണ്ടയിൽ നുള്ളിക്കൊണ്ടു പറഞ്ഞു.
“ഹി ഹി ഹി വേണേൽ വിരലിട്ടു നോക്കിക്കോ….അറിയാലോ….”
“പോടീ….പിന്നെ എനിക്ക് വട്ടല്ലേ…….
ശ്ശെ എന്നാലും എവിടെയാ എനിക്ക് അവനെ കണ്ടു പരിചയം എന്ന് മനസ്സിലാവുന്നില്ലല്ലോ….”
സന്ധ്യ വീണ്ടും നെറ്റിയിൽ കൈ വെച്ചുകൊണ്ട് ആലോചന തുടങ്ങുന്നത് കണ്ട അനഘ നീങ്ങി വന്നു അവളെ ചുറ്റിപ്പിടിച്ചു.
“ഓഹ്….ഒന്ന് കിടന്നു ഉറങ്ങടി ചേച്ചീ….”
അവളിലേക്ക് ചേർന്നു ചൂടും പറ്റി തള്ളകോഴിയുടെ ചൂടേൽക്കുന്ന കുഞ്ഞിനെ പോലെ അവൾ കിടന്നു,…
ഉത്തരം കിട്ടാത്ത ആഹ് ചോദ്യം പല തവണ സ്വയം ചോദിച്ചു സന്ധ്യയും ഉറങ്ങി.
————————————-
പിറ്റേന്നു ഞായറായിരുന്നു,….
രാവിലെ സന്ധ്യയെ അടുക്കളയിലെ സ്ടൂളിൽ പ്രതിഷ്ഠിച്ചു ചടുലതയോടെ അടുക്കളയിൽ ഒഴുകി നടക്കുകയായിരുന്നു അനഘ.
“എടി പെണ്ണെ എനിക്ക് വയറ്റിലായെന്നു കരുതി ഇങ്ങനെ അനങ്ങാതിരിക്കുവൊന്നും വേണ്ട അത്യവശ്യം പണി ഒക്കെ എടുക്കാം….”
“ദേ അവിടെ അടങ്ങി ഇരുന്നാൽ മതി….അമ്മയെ കൊണ്ടുപോയി ഏൽപ്പിക്കുന്നത് വരെ എന്റെ ഉത്തരവാദിത്വ…..”
ചട്ടുകം ചൂണ്ടി അനഘ ഓർഡർ ഇടത്തും ചിറി കോട്ടി പുച്ഛം ആയിരുന്നു സന്ധ്യയുടെ മറുപടി.
“എന്താണ് രണ്ടൂടെ ഇവിടെ രാവിലെ തന്നെ തല്ലും പിടി….”
നിഷ ഹോസ്പിറ്റലിൽ നിന്ന് വന്നു കയറി നേരെ അടുക്കളയിൽ എത്തി നോക്കി ചോദിച്ചു.