“അനു…..അനു…..”
അവളുടെ പോക്ക് കണ്ട് ഭയന്ന സന്ധ്യ ഉറക്കെ വിളിച്ചു,
എന്നാൽ അതിലൊന്നും കൂസാതെ അനു നേരെ ചെന്ന് കിടന്ന ആളെ കുത്തി പിടിച്ചു വലിച്ചു പൊക്കി, ഒരു തുണി പോലെ എഴുന്നു വന്ന ആളുടെ മുഖം പോലും നോക്കാതെ ഒറ്റയടി അവൾ അടിച്ചു അതോടെ അവൻ ഊർന്നു താഴേക്ക് വീണു.
“അയ്യോ മോളെ….തല്ലല്ലേ…..”
അവിടേക്ക് ഓടിക്കൂടിയവരിൽ ഒരാൾ പറഞ്ഞു…
“ഈ കൊച്ചൻ അവിടെ ഇരിക്കുവാരുന്നു ഏതോ പിള്ളേര് വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ അവിടുന്ന് രക്ഷപെട്ട് ഓടിയതാ അപ്പോഴാ നിങ്ങളുടെ കാറിനു മുന്നിൽ ചാടിയത്…”
അയാൾ അനഖയോട് പറയുമ്പോഴേക്കും സന്ധ്യ അവർക്കരികിൽ എത്തിയിരുന്നു.
കടക്കാരൻ രാഹുലിനെ നോക്കുന്ന തിരക്കിൽ ആയിരുന്നു.
“കൊച്ചെ നിങ്ങൾ ഇതിനെയൊന്നു ആശൂത്രീൽ കൊണ്ട് പോ……
നല്ലോണം അടി കിട്ടിയിട്ടുണ്ട്….”
“പിന്നെ എനിക്കിനി അതല്ലേ പണി…..ഈ കിടക്കുന്നവൻ ഒപ്പിച്ചതാ ഇത്രേം….”
തന്റെ ഇന്ന് ഷോറൂമിൽ നിന്നിറക്കിയ കാറിന്റെ കോലം നോക്കി അനഘ പറഞ്ഞു.
“അനു…എന്തൊക്കെയാ ഈ പറേണേ….
ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചേക്കാം…ചേട്ടൻ പക്ഷെ പോലീസിനോട് കണ്ട കാര്യം ഒന്ന് പറയേണ്ടി വരും…”
സന്ധ്യ അവിടെ കൂടി നിന്നവരോട് പറഞ്ഞു.
അത് കേട്ടതും കൂടി നിന്ന കൂട്ടം നിമിഷ നേരം കൊണ്ട് പകുതിയായി.
“ഞാൻ പറഞ്ഞോളാം…നിങ്ങൾ ഇപ്പോൾ ഇതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നോക്ക്….”
കൂട്ടത്തിൽ അല്പം പ്രായം ചെന്ന ഒരാൾ പറഞ്ഞു.
“എങ്കിൽ പിടിച്ചൊന്നു കാറിലേക്ക് ആക്കി താ….പിന്നെ ചേട്ടനും ഞങ്ങളുടെ കൂടെ വരണം…”
സന്ധ്യ പറഞ്ഞു.അയാൾ ഒന്നലോചിച്ച ശേഷം അവനെ താങ്ങി കൂടെ നിന്നവരും കൂടെ പിടിച്ചു കാറിൽ അവനെ കാറിൽ കയറ്റി, ഒപ്പം അയാളും കയറി,
അനഘ ഈർഷയോടെ വണ്ടി എടുക്കുമ്പോൾ സന്ധ്യ നിഷയെ വിളിക്കുകയായിരുന്നു.
വണ്ടി ഹോസ്പിറ്റലിന് മുന്നിൽ നിർത്തി ഡോർ തുറന്നു അവനെ അയാൾ താങ്ങി അപ്പോഴേക്കും സെക്യൂരിറ്റിയും അറ്റൻഡറും ചേർന്ന് അകത്തേക്ക് കൊണ്ട് പോയി.
അനഘ മുന്നിൽ വന്നു കാറിലേക്ക് നോക്കി.ഒട്ടും പ്രതീക്ഷിക്കാതെ വാങ്ങിയ കാർ ആയിരുന്നു എങ്കിലും ബുക്ക് ചെയ്ത നാൾ മുതൽ അനഘ അതൊത്തിരി കൊതിച്ചിരുന്നു, ഡൗൺ പേയ്മെന്റ് ആയി പണം സന്ധ്യ അടയ്ക്കുമ്പോൾ അനഖയെ നോക്കി സന്ധ്യ പറഞ്ഞ കാര്യം ആയിരുന്നു അപ്പോൾ അവളുടെ മനസ്സിൽ വന്നത്.
“ചേച്ചീടെ വക ഇരിക്കട്ടെ അനു നിനക്ക് എന്തെങ്കിലും….”
ചളുങ്ങി ഉരഞ്ഞു ഉള്ളിലേക്ക് തള്ളിയ വശവും ഗ്രില്ലിൽ അല്പവും പൊളിഞ്ഞും കിടന്നിരുന്നു.