നേരെ ഹാൻഡ് ബാഗ് സെറ്റിയിൽ ഇട്ടു അവൾ രാഹുലിന്റെ മുറിയിലേക്ക് കയറി.
അവിടെ അവളെ കാത്തിരുന്നത് കസേരയിൽ ചാഞ്ഞു തളർന്നു ഇരിക്കുന്ന രാഹുലും മുന്നിൽ മുക്കാലും ഒഴിഞ്ഞ കുപ്പിയും ആയിരുന്നു,
അവൾക്ക് ഒരു നിമിഷം മുന്നിൽ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല,
തന്റെ ഇത്ര നാളുള്ള പ്രയത്നം മുഴുവൻ ഒരു ദിവസം കൊണ്ട് നശിഞ്ഞു പോവുന്നത് കണ്ട അനഖയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അവളുടെ കരുതലിൽ രാഹുൽ പൂർണ്ണമായും ഉപേക്ഷിച്ച മദ്യപാനം അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയിൽ മുന്നിൽ നിൽക്കുന്നത് കണ്ട അനഖയ്ക്ക് തന്റെ ദേഷ്യവും സങ്കടവും നോവും ഒന്നും അടക്കാൻ കഴിഞ്ഞില്ല.
“ഡാ…..”
അലറി വിളിച്ചുകൊണ്ട് അവൾ അകത്തേക്ക് പാഞ്ഞടുത്തു.
കസേരയിൽ ചാഞ്ഞു കിടന്നിരുന്ന രാഹുലിന്റെ കോളറിൽ വലിച്ചു പൊക്കി അവൾ നിന്ന് വിറച്ചു.
കണ്പോളകളിൽ തട്ടിയ മയക്കം കഷ്ടപ്പെട്ട് തുറന്ന അവനു മുന്നിൽ അനഖയുടെ ചുവന്നു തിളങ്ങുന്ന കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീരാണ് തെളിഞ്ഞത്.
“ആഹ്…അനു….”
“വേണ്ട വിളിക്കരുത്…..ഇന്നല്ലേൽ നാളെ…നീ എന്നോട് ഉള്ളിലുള്ളത് പറയും….ഒരു ജീവിതം തുടങ്ങാൻ വിളിക്കും എന്ന് കരുതിയ എന്നോട് നീ ഇത് തന്നെ ചെയ്യണം….
നിനക്ക് എന്നേം ഏട്ടത്തിയേം കൊന്നൂടാരുന്നോ….
ഇതിലും ബേധം അതായിരുന്നു.
“കോളറിൽ ഉലച്ചുകൊണ്ട് അവൾ ചീറുകയായിരുന്നു, ഉരുണ്ടിറങ്ങിയ അവളുടെ കണ്ണീര് അവന്റെ നെഞ്ചിനെ പൊള്ളിച്ചു കൊണ്ട് പതിച്ചു കൊണ്ടിരുന്നു.
“പൊക്കോ….എനിക്ക് ഇനി കാണണ്ട…..”
അവനെ തള്ളിയിട്ട് കണ്ണ് പുറം കൈകൊണ്ടു തുടച്ചു തേങ്ങിക്കൊണ്ട് റൂമിനു വെളിയിലേക്ക് നടന്ന അനഖയെ കണ്ട രാഹുലിന് ഉള്ളിൽ വേദന നിറഞ്ഞു.
തന്നെപ്പോലെ അവളും ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിരുന്നു എന്ന അവളുടെ ഏറ്റുപറച്ചിൽ അവൻ ഒരുപാടു നാളുകളായി കേൾക്കാൻ കാത്തിരുന്ന വാക്കുകൾ ആയിരുന്നു എന്നാൽ ഇന്ന് ഇങ്ങനെ ഒരവസരത്തിൽ അവനു ഉള്ളിൽ ആഹ് വാക്കുകൾ കൂരമ്പു കൊള്ളുന്ന പോലെ ആണ് കുത്തിയത്.
കാറ്റു പോലെ അവന്റെ റൂമിൽ നിന്നും പുറത്തു പോയ അനഖയുടെ പിന്നാലെ ഒഴുകുന്ന കണ്ണും വിറയ്ക്കുന്ന കാലും കലക്കം വിട്ടൊഴിയാത്ത മനസ്സുമായി വേച്ചു വെച്ചാണ് നടന്നത്.
റൂമിൽ കട്ടിലിനു മുന്നിൽ വാതിലിന് എതിരെ നിന്ന് കരയുന്ന അനഖയെ അവൻ കണ്ടു ഓരോ ഏങ്ങലിലും ചുമൽ കുലുങ്ങി ഇടയ്ക്ക് കണ്ണ് തുടച്ചുകൊണ്ട് വിങ്ങി പൊട്ടുന്ന അനഖയെ നോക്കി നില്ക്കാൻ അവനു കഴിഞ്ഞില്ല.
“വിട്…എന്തിനാ വന്നേ….കുടിച്ചോ….കുടിച്ചു ചത്തോ….”
പിറകിലൂടെ വന്നു അവളെ കെട്ടിപ്പിടിച്ചു അവളുടെ തോളിൽ തല ചായ്ച്ചു കിടന്നു കരയുന്ന രാഹുലിനോട് അവൾ കരഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു.
“സോറി….സോറി….അനൂ…….ഞാൻ,….ഇന്ന് അവളെ, അവളെ പിന്നെയും കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല…..അവള്…..അവള്……ഓര്മ ഒക്കെ തലയിൽ കിടന്നു തിരിയാൻ തുടങ്ങിയപ്പോ….അറിയാണ്ട് എടുത്തു പോയതാ…..