“ഞാൻ ജോലി വിടാൻ തീരുമാനിച്ചു…”
കള്ളചിരിയോടെ സന്ധ്യ രണ്ടു പേരെയും നോക്കി.
അനഘ കേട്ടത് വിശ്വസിക്കാതെ വായും പൊളിച്ചു നിന്നു.
എന്നാൽ നിഷ കൂളായി ഒരു ഇളിഞ്ഞ ചിരി ചിരിച്ചിട്ട് സന്ധ്യയുടെ വയറിൽ പതിയെ കൈവെച്ചുഴിഞ്ഞു.
“എപ്പോ ഉറപ്പിച്ചെടി…”
നിഷയുടെ ഭാവം കണ്ടതോടെ അനഖയുടെ മുഖത്തും സന്തോഷം നിറഞ്ഞു.
“സത്യോണോ ചേച്ചി…”
അവൾ അമ്പരപ്പ് ഉള്ളിൽ വെച്ചില്ല..
“ഉം പീരീഡ് മിസ്സ് ആയപ്പോഴെ ഡൌട്ട് ഉണ്ടായിരുന്നു….പിന്നെ ഉറപ്പിച്ചു…
ഇന്ന് ഞാൻ എം ഡി യേക്കണ്ട് സംസാരിച്ചു, അങ്ങേരു ഓക്കേ പറഞ്ഞു. ഒരു ഇരുപത് ദിവസം അത് കഴിഞ്ഞാൽ നേരെ നാട്ടിലേക്ക് ശോഭാമ്മ വീട്ടിൽ എല്ലാം റെഡി ആക്കുന്നുണ്ട്…”
സന്ധ്യ പറഞ്ഞത് കേട്ട നിഷ അവളുടെ കവിളിൽ അമർത്തി ഉമ്മ കൊടുത്തു.
“എനിക്ക് സംശയം ഉണ്ടായിരുന്നു നിന്റെ മുഖത്തെ വിളർച്ചയും പിന്നെ മടുപ്പും ഒക്കെ കണ്ടപ്പോൾ…”
നിഷ സന്ധ്യയെ നോക്കി പറഞ്ഞു.
എന്നാൽ അനഘ പെട്ടെന്ന് സൈലന്റ് ആയതു കണ്ട സന്ധ്യ അവളെ നോക്കി,
മങ്ങിയ മുഖത്തോടെ അവളെ നോക്കി ഇരിക്കുന്ന അനഖയെ കണ്ടതും സന്ധ്യയും വല്ലാതെ ആയി.
“എന്താ അനു എന്താ പറ്റിയെ…”
സന്ധ്യയുടെ ഉള്ളിൽ നിന്നും വേവലാതി ഉയർന്നു.
“ഏയ് ഒന്നൂല്ല ചേച്ചീ…ഞാൻ പെട്ടെന്ന് വേറെ എന്തൊക്കെയോ ആലോചിച്ചു പോയതാ… ഒന്നൂല്ല….”
അനഘ എങ്ങനെയോ പറഞ്ഞൊഴിഞ്ഞു എങ്കിലും അവളുടെ മുഖം കണ്ട സന്ധ്യയ്ക്ക് അവളുടെ ഉള്ളിൽ നിറഞ്ഞ വിങ്ങൽ മനസ്സിലായിരുന്നു.
ട്രീറ്റ് മുഴുവൻ നിഷ വാതോരാതെ സംസാരിച്ചപ്പോൾ അനഘ ആകെ ഗ്ലൂമി ആയി അവരുടെ സംസാരം എല്ലാം വെറുതെ കേട്ടിരുന്നു ചോദിക്കുന്നതിനെല്ലാം മൂളി കേട്ടും എന്തിനൊക്കെയോ ചിരിച്ചും അവളിരുന്നു.
നിഷയെ ഹോസ്പിറ്റലിൽ ആക്കി തിരികെ വരുമ്പോൾ കാറിൽ ഇരുന്നു മൂകയായി ഡ്രൈവ് ചെയ്യുന്ന അനഖയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു സന്ധ്യ.
“അനു….നീ എന്നോട് പിണക്കാണോ….”
തല ചരിച്ചു ഹെഡ്റെസ്റ്റിൽ വച്ച് സന്ധ്യ കൊഞ്ചിക്കൊണ്ട് അവളോട് ചോദിച്ചു.
“എനിക്കെന്തിനാ പിണക്കം….എനിക്ക് പിണക്കൊന്നുല്ല…!!!”
കെറുവിച്ചുകൊണ്ട് ചുണ്ട് കൂർപ്പിച്ചു പിടിച്ചു ഡ്രൈവ് ചെയ്യുന്ന അനഖയെ കണ്ട സന്ധ്യയ്ക്ക് ചിരിയാണ് വന്നത്.
“ദേ സന്ധ്യേച്ചി….എന്നെ കളിയാക്കി ചിരിക്കല്ലേ….”
“ഹ ആര് കളിയാക്കി…നിന്റെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് രസം തോന്നീട്ടല്ലേ…”
അവളുടെ കവിളിൽ പിടിച്ചു വലിച്ചു സന്ധ്യ വീണ്ടും കൊഞ്ചിച്ചു.
“ദേ നേരെ ഇരുന്നേ….എന്നിട്ട് ആഹ് സീറ്റ് ബെൽറ്റ് ഇട്ടെ….”
കണ്ണുരുട്ടി കൊണ്ട് അനഘ പറഞ്ഞത് കേട്ട സന്ധ്യ മുഖം ചുളിച്ചു കൊണ്ട് ഇരുന്ന് സീറ്റ് ബെൽറ്റ് ഇട്ടു.
“എടി അനു ഒന്ന് ചിരിക്കെടി….”
സന്ധ്യ വീണ്ടും അവളെ നോക്കി കൊഞ്ചാൻ തുടങ്ങി.
“നീ ഒന്ന് നേരെ നിക്കുന്നത് വരെ ഇവിടെ നിക്കോണോന്നെ ഞാൻ വിചാരിച്ചിട്ടുള്ളൂ….
എനിക്കിഷ്ടം നാട്ടിൽ നിക്കാനാ…നീ ഇല്ലായിരുന്നേൽ എപ്പോഴേ ഞാൻ അങ്ങോട്ടേക്ക് പോയേനെ….”