സംസാരം ഒത്തിരി ദൂരം പിന്നിട്ടിരുന്നു.
വേദനകളും സ്ട്രഗ്ഗിളും കടന്നു മനസ്സിന്റെ ഓരോ ആഗ്രഹങ്ങളും പുറത്തേക്ക് കടന്നു അവരുടെ മനസ്സുകൾ വാചാലമായി.
“ഡോ നമ്മുക്കിറങ്ങാം….വിളി വന്നു തുടങ്ങി.”
ഫോണിലെ ഡിസ്‌പ്ലേയിൽ ഏട്ടത്തി എന്ന് കാട്ടി മിന്നി തിളങ്ങുന്നത് കണ്ട രാഹുൽ അനഖയോട് ചോദിച്ചു.
“ഹ്മ്മ് എന്നേം വിളിച്ചിരുന്നു…മിക്കവാറും ഇന്ന് രണ്ടു പേർക്കും വയറു നിറച്ചു കിട്ടാനുള്ള വഴി ഉണ്ട്….ഹി ഹി ഹി….”
കോഫീ ഷോപ്പിൽ നിന്നിറങ്ങുമ്പോൾ അവർ ഉറ്റ സുഹൃത്തുക്കളെ പോലെ ആയി മാറിയിരുന്നു.
————————————-
“ഡോ… കട്ടക്ക് കൂടെ നിന്നോള്ണം…”
കൈ കൊണ്ടൊരു തമ്പ്സ് അപ്പ് ആയിരുന്നു ഡോറിനു മുന്നിൽ നിൽക്കുമ്പോൾ അവളുടെ മറുപടി.
“ദേ…ഏട്ടാ…രണ്ടും ഒളിച്ചോടിയിട്ടൊന്നും ഇല്ലാട്ടോ….”
വാതിൽ തുറന്നതും പാർവതിയുടെ കളിയാക്കൽ കേട്ടാണ് അവർ അകത്തു കയറിയത്.
“പാറൂ…..”
ദീപന്റെ നീട്ടിയുള്ള വിളി കേട്ടതും പാർവതി രാഹുലിന്റെ വയറിൽ പിച്ചി അനഖയുടെ കയ്യും പിടിച്ചു ചുറ്റി വലിച്ചുകൊണ്ട് പോയി.
രാത്രി അത്താഴം കഴിക്കുമ്പോഴും പാർവതി തമ്മിൽ മിണ്ടാത്തവരുടെ പുതിയ സൗഹൃദത്തിന്റെ കാര്യം വാ തോരാതെ പറയുമ്പോൾ, കണ്ണിറുക്കിയും ചിരി കടിച്ചമർത്തിയും അവർ കഴിച്ചു തീർത്തു.
രാത്രി ഉറങ്ങാൻ നേരം അവളുടെ ഗുഡ് നയ്‌റ് മെസ്സേജ് അവനെ തേടി വന്നു.
തിരികെ വിഷ് ചെയ്ത് സ്വപ്‌നങ്ങൾ നിറഞ്ഞ നിദ്രയിലേക്ക് ഇരുവരും ഒഴുകിയിറങ്ങുമ്പോൾ മനസ്സ് തെളിഞ്ഞ വാനം പോലെ പ്രകാശിച്ചിരുന്നു.
പിന്നീടുള്ള നാളുകളിൽ അവർക്ക് തമ്മിൽ പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരുന്നു.
നേരത്തെ ഇറങ്ങുന്ന ദിവസങ്ങളിൽ രാഹുലിനായി അനഖയുടെ കാർ ഓഫിസ് ബില്ഡിങ്ങിന് താഴെ കാത്തു കിടക്കുന്നത് പതിവ് കാഴ്ച്ചയായി.
വൈകുന്നേരങ്ങളിൽ കടൽക്കാറ്റും കോഫിയും അവർക്ക് കൂട്ടിനെത്തി മിക്കപ്പോഴും പാർവതിയും അവരോടൊപ്പം ഉണ്ടാവും, ദീപൻ കൂടി വരുന്നതോടെ പുറത്തു നിന്ന് കഴിച്ചു ഒരുമിച്ചു തിരികെ ഫ്ലാറ്റിലേക്ക്, ഇതുപോലെ ആയി മാറിയിരുന്നു അവരുടെ ദിനങ്ങൾ.
“ഡോ… ഞാൻ ഡ്രൈവ് ചെയ്യണോ….”
രാഹുൽ ചോദിച്ചു തീർന്നില്ല കീ അവനു നേരെ എറിഞ്ഞു അനഘ നേരെ സൈഡ് സീറ്റിൽ കയറി.
“ഓഹോ അപ്പോ ചോദിക്കാൻ കാത്തിരിക്കുവായിരുന്നല്ലേ….”
“ഹി ഹി ഹി…”
അവൻ സീറ്റിൽ ഇരിക്കുമ്പോഴേക്കും ദീപന്റെയും പാർവതിയുടെയും കാർ അവർക്ക് മുന്നിലൂടെ കടന്നു പോയിരുന്നു.
“ഏട്ടനും ഏട്ടത്തിയും എന്താ കുട്ടികൾക്ക് വേണ്ടി നോക്കാത്തെ….”