“അനു….ആഹ് മുറി എടുത്തോളൂട്ടോ….”
ഹാളിനു ചേർന്നുള്ള ഇടതുവശത്തെ മുറി കാട്ടിക്കൊണ്ട് പാർവതി പറഞ്ഞു.
“ഓക്കേ ഏട്ടത്തി….”
ആരെയൊക്കെയോ പരതി കൊണ്ടിരുന്ന തന്റെ കണ്ണുകളെ പിടിച്ചു കെട്ടി പാർവതിയോടൊപ്പം തന്റെ മുറിയിലേക്ക് അനഘ കടന്നു.
“ഈ മുറി പോരെ…നീ വരുമ്പോ നിക്കാറുള്ള മുറി തന്നെ കൊടുത്താൽ മതീന്ന് രാഹുൽ പറഞ്ഞു….”
“ഇതൊക്കെ ധാരാളം അല്ലെ ഏട്ടത്തി….”
പാർവതിയുടെ തോളിൽ പിടിച്ചു കൊണ്ട് അനഘ കൊഞ്ചി.
“എന്നാൽ ഉടുപ്പ് മാറ്റിയിട്ട് വായോ…അടുക്കളയിൽ എന്റെ കൂടെ കൂടാല്ലോ….”
“അയ്യട വന്നപ്പോ തന്നെ അടുക്കളപണി ഏല്പിച്ചു തരുവാ….”
“പോടീ കാന്താരി എല്ലാം കാലാക്കി വെച്ചിട്ടുണ്ട് ഒന്ന് കൂടെ നിന്ന് വർത്താനം പറയാനാ…”
കുറുമ്പ് കുത്തി പാർവതി ചിണുങ്ങി.
“ഓഹ് മുഖം ചുവക്കുമ്പോൾ ഏട്ടത്തിയെ കാണാനാ ഒടുക്കത്തെ ഭംഗി….
അല്ല ഏട്ടത്തിയുടെ അടുക്കളയിൽ സ്ഥിരം കൂടാറുള്ള ആളെന്ത്യെ… എപ്പോഴും പറയൂല്ലോ വാലേതൂങ്ങിയുടെ കാര്യം…..”
“അമ്പടി പെണ്ണെ….ദേ എന്റെ ചെക്കനെ കുറ്റം പറഞ്ഞാലുണ്ടല്ലോ….എന്റെ കയ്യീന്നു മേടിക്കും നീ…”
അനഖയുടെ കയ്യിൽ നുള്ളി പാർവതി കെറുവിച്ചു.
“ഏട്ടൻ ഇന്നവനെ ഓഫീസിൽ കൊണ്ട് പോയി….കുറെ നാളായില്ലേ, ഒന്ന് എല്ലാം നേരെ ആക്കാൻ പതിയെ തുടക്കം തൊട്ടു കൊടുക്കാൻ കൊണ്ടോയി….പാവം ഇപ്പോഴാ ഒന്ന് നേരെ ആവണത്….”
“അയ്യോ…തുടങ്ങി എന്റെ ഏട്ടത്തിയുടെ സെന്റി…ദേ ഒന്ന് ഡ്രെസ് മാറേണ്ട താമസം ഫുൾ ഇരുന്നു കേട്ടോളാം പോരെ…”
പാർവതിയുടെ കവിളിൽ ഉമ്മ വെച്ചിട്ട് അനഘ പറഞ്ഞതുകേട്ട പാർവ്വതി ചിരിയോടെ പുറത്തേക്ക് നീങ്ങി.
രാത്രി വൈകിയാണ് ദീപനും രാഹുലും എത്തിയത്.
“ഏട്ടാ….അവൻ ഇന്ന് തുടങ്ങിയതല്ലേ ഉള്ളൂ…അപ്പൊ തന്നെ ഇത്രേം നേരം ഒക്കെ ഇരുത്തണോ…”
കഴിക്കാൻ ഇരിക്കുമ്പോഴും മുഖം കയറ്റി ഇരുന്ന പാർവതിയെ നോക്കി ദീപൻ ചോദിച്ചപ്പോൾ അത്രയും നേരത്തെ സങ്കടം പാർവതി പറഞ്ഞു.