“കാണുന്ന ബഹളം ഒക്കെ എന്നോടും അടുപ്പമുള്ളവരോടും ഒക്കെയെ….ഉള്ളൂ, അന്ന് കൂടെ കൂട്ടിയത് മുതൽ ഇവളെ ഇതുവരെ ഞാൻ ഒറ്റയ്ക്കാക്കിയിട്ടില്ല, ഇപ്പൊ…കുറച്ചു നാളത്തേക്കാണെങ്കിലും ഒന്ന് മാറി നിക്കുമ്പോ പറയാൻ എനിക്ക് ഇപ്പൊ നിഷയും താനും മാത്രേ ഉള്ളൂ,….ഇടയ്ക്ക് ഒന്ന് നോക്കിക്കോണേ…”
നിറഞ്ഞ കണ്ണും ചിരിക്കുന്ന മുഖവുമായി നെഞ്ചിൽ തല പൂഴ്ത്തി കിടക്കുന്ന അനഖയെ ചേർത്ത് പിടിച്ചുകൊണ്ടു സന്ധ്യ പറഞ്ഞതുകേട്ട പാർവതിയുടെ കണ്ണും നിറഞ്ഞു വന്നു.
“ഇതുങ്ങൾ ഇത് കൊളമാക്കും….
സീരിയൽ ആക്കാതെ നീ രണ്ടിനെയും വിളിച്ചു വേഗം വിട്ടോ രാഹുലേ….”
നിധിൻ ഒന്നുച്ചത്തിൽ പറഞ്ഞത് കേട്ട എല്ലാവരുടെ മുഖത്തും ഒരു ചിരി വിടർന്നു.
പാർവതിയുടെ കയ്യിൽ കൊരുത്തുപിടിച്ചു അനഘ അവരോടു യാത്ര പറഞ്ഞു.
പാർവതി ഡ്രൈവിംഗ് സീറ്റിലും സൈഡ് സീറ്റിൽ അനഖയും ബാക്കിൽ രാഹുലും കയറി.
കാർ തിരികെ യാത്ര ആരംഭിച്ചു.
********************************
ഒരു ഫോൺ കാൾ ദൂരത്തിൽ എന്നും അനഖയ്ക്ക് സന്ധ്യയുടെ കരുതൽ ഉണ്ടായിരുന്നു,…
അവളെ ചേർത്ത് നിർത്തുന്നതിൽ ഇതിനകം അവളുടെ ഏട്ടത്തി സ്ഥാനം ഏറ്റെടുത്ത പാർവതിയും വിരമിച്ചിരുന്നില്ല,
നിഷയ്ക്ക് നൈറ്റ് ഡ്യൂട്ടി വരുന്ന ദിവസങ്ങളിൽ അനഖയുടെ രാത്രി രാഹുലിന്റെ ഫ്ലാറ്റിൽ പാർവ്വതിയോടൊപ്പമായി,…
രാഹുലിനെ ഫേസ് ചെയ്യാനുള്ള ചമ്മൽ ഒഴിച്ചാൽ അവൾ ഏറ്റവും സന്തോഷിച്ചിരുന്നതും ആഹ് രാത്രികൾ ആയിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു നിഷയ്ക്ക് ഭർത്താവിനോടൊപ്പം ജർമനിയിലെ ഹോസ്പിറ്റലിൽ ജോലിക്ക് കയറാനുള്ള അവസരം വന്നത്,
ഒരു മാസത്തിനിടയിൽ അതിനു തീരുമാനം ആകും എന്നതോടെ അനഖയുടെ താമസം ഒരു ചോദ്യമായി മാറി….
മൂന്ന് മാസം വയറുള്ള സന്ധ്യ തിരികെ വരാൻ ആലോചിച്ചപ്പോഴാണ് അനഘ ഹോസ്റ്റലിലേക്ക് മാറുന്നു എന്ന തീരുമാനം എടുത്തത്.
————————————-
“എന്താ ഏട്ടത്തി എന്നോട് പറയാനുള്ളെ, എന്തോ തലയിൽ കയറ്റി കുറച്ചു നേരമായല്ലോ ചുറ്റുന്നു…”
രാഹുൽ പറഞ്ഞത് കേട്ടതും പാർവതി വേഗം വന്നു സോഫയിൽ അവനടുത്തു ഇരുന്നു.
“എടാ…നിഷ ജർമനിയിൽ പോവല്ലേ….അപ്പൊ അനു ഒറ്റയ്ക്കാവും, അവൾ ഹോസ്റ്റലിലേക്ക് മാറിക്കോളം എന്നാ പറഞ്ഞെ….പക്ഷെ എനിക്കെന്തോ പോലെ…ഞാൻ കുറച്ചു മുന്നേ സന്ധ്യയെ വിളിച്ചിരുന്നു…അവളും ഞാൻ പറഞ്ഞത് തന്നെയാ ആലോചിച്ചേന്നു….”
“വളയാതെ നേരെ പറ എന്റെ ഏട്ടത്തി….”
“നമ്മുക്ക് അനൂനെ ഇങ്ങോട്ടു കൂട്ടിയാലോ….ഇവിടെ എന്തായാലും ഇനിയും മുറിയുള്ളതല്ലേ….”
ഒന്ന് മടിച്ചാണ് പാർവതി പറഞ്ഞത്.
“ഏട്ടത്തിക്ക് എന്താണ് ശെരി എന്ന് തോന്നുന്നത് അത് ചെയ്തൂടെ…അതിൽ ഏട്ടത്തിക്ക് ഇപ്പോഴും എന്റെ അനുവാദം വേണോ…”
ഉമ്മാ….!!
രാഹുലിനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്ത പാർവതി ഫോണും എടുത്തുകൊണ്ട് ഓടി.
അപ്പുറത്തു നിന്ന് സന്ധ്യയെയും അനഖയെയും വിളിക്കുന്ന പാർവതിയെ കേട്ടുകൊണ്ട് രാഹുൽ ഹാളിൽ ഇരുന്നു.
ജർമനിക്ക് പോവും മുന്നേ നിഷ അവളുടെ വീട്ടിലേക്ക് പോയിരുന്നു അവളെ യാത്രയാക്കി വീടൊഴിഞ്ഞ അന്ന് തന്നെ അനഖയെ പാർവതി ഫ്ലാറ്റിലേക്ക് കൂട്ടി.
തന്നാലാവും വിധം അനഘ പറഞ്ഞു നോക്കിയെങ്കിലും പാർവതിയുടെയും സന്ധ്യയുടെയും വാശിക്ക് മുന്നിൽ തോറ്റു കൊടുക്കാനെ അവസാനം അവൾക്ക് കഴിഞ്ഞുള്ളു.