“പോടീ പ്രാന്തി…”
അനഖയുടെ കവിളിൽ കുത്തി സന്ധ്യ തിരിഞ്ഞു.
ബാഗിലേക്ക് ഓരോന്ന് എടുത്തു വെക്കാൻ തുടങ്ങി.
“നീ ഇന്ന് തിരികെ പോരാൻ നിക്കണ്ടട്ടോ….വൈകില്ലേ….ഒറ്റയ്ക്ക് എങ്ങനെയാ രാത്രി നിന്നെ ഞാൻ ധൈര്യത്തിൽ ബസിൽ വിടണെ….നാളെ രാവിലെ പോന്നാൽ മതി…”
“അതെങ്ങനെയാ ചേച്ചി നാളെ എനിക്ക് ടീം മീറ്റിംഗ് ഉള്ളതല്ലേ….”
“എന്നാലും ഒറ്റയ്ക്ക് എങ്ങനെയാടി നിന്നെ വിടുന്നെ…”
“സാരമില്ല ചേച്ചീ….അതൊക്കെ നോക്കാന്നെ….
പിന്നെ ഏട്ടത്തി വിളിച്ചിരുന്നു,
പോവും വഴി അവിടെ കേറാൻ പറഞ്ഞു, കൊണ്ടോവാൻ എന്തോ എടുത്തു വച്ചിട്ടുണ്ടെന്നു…”
“ആഹ് നിന്റെ ഏട്ടത്തിയല്ലേ പോയി കണ്ടേക്കാം…
പാർവതിയും നിഷയും ഇവിടെ ഉള്ളതുകൊണ്ട് എനിക്ക് ചെറിയൊരു ആശ്വാസം നിന്നെ ഏൽപ്പിച്ചു പോകാല്ലോ…”
സന്ധ്യ കള്ളചിരിയോടെ പറഞ്ഞു.
“അയ്യട….”
അനഘ കെറുവ് കാട്ടി ചിരിച്ചു പുറത്തേക്ക് നടന്നു.
********************************
“ഹെലോ ഏട്ടത്തി….ഞങ്ങൾ ഇവിടെ ഫ്ലാറ്റിൽ എത്തി…”
“ആഹ് എത്തിയോ,…എങ്കിൽ മേളിലേക്ക് വരണ്ട ഞങ്ങൾ താഴേക്ക് വരാം…”
പാർവതി ഫോണിലൂടെ പറഞ്ഞത് കേട്ട അനഘ കാറിൽ തന്നെ ഇരുന്നു.
“ഏട്ടത്തി താഴേക്ക് വരാം എന്ന് പറഞ്ഞു….”
സന്ധ്യയോടവൾ പറഞ്ഞു.
“ദേ ഏട്ടത്തി….”
ഫ്ലാറ്റിന്റെ എൻട്രന്സിൽ നിന്നും വരുന്ന പാർവതിയെ കണ്ട അനഘ പെട്ടെന്ന് ഇറങ്ങാൻ ഒരുങ്ങി അപ്പോഴാണ് പാർവതിയുടെ തോളിൽ താങ്ങി പതിയെ നടന്നു വരുന്ന രാഹുലിനെ അവൾ കണ്ടത് അതോടെ ആമയെപോലെ തല അകത്തേക്ക് വലിച്ച അനഘ വിരലുകൾ ഞൊടിച്ചു തന്റെ പിരിമുറുക്കം കുറയ്ക്കാൻ ശ്രെമിച്ചു.
“അനു….നിനക്ക് അവനെ കാണുമ്പോൾ ഉള്ള ചമ്മൽ ഇതുവരെ മാറിയില്ലേ….”
“എനിക്കറിയില്ല ചേച്ചി,….അങ്ങേരെ കാണുമ്പോൾ എനിക്ക് അന്നത്തെ അടിയുടെ കാര്യം ഓർമ വരും…പിന്നെ എന്തോ പോലെയാ,…”
“അവനോടൊരു സോറി പറഞ്ഞാൽ തീരുന്നതല്ലേ ഉള്ളൂ, നിനക്ക് അതിനും ചമ്മൽ അല്ലെ പിന്നെ എങ്ങനെയാ….ഇപ്പൊ നീ ഒന്ന് ചെല്ല് ഇതിൽ തന്നെ ഇരുന്നാൽ അവരെന്ത് വിചാരിക്കും….”
“ചെല്ലാല്ലേ…???”
“ചെല്ലടി കഴുതേ…..”
ഉന്തി തള്ളി അനഖയെ പുറത്തിറക്കിയ സന്ധ്യ പാർവതിയെയും രാഹുലിനെയും നോക്കി,
സാരി ചുറ്റി ഐശ്വര്യത്തോടെ നടന്നു വരുന്ന പാർവതിക്കൊപ്പം ഷർട്ടും മുണ്ടും ഉടുത് പതിയെ കാലു വലിച്ചു വലിച്ചു നടക്കുന്ന രാഹുലിനെ കണ്ട സന്ധ്യ ഒന്നമ്പരന്നു, മുഖത്ത് തേജസ്സ് നിറഞ്ഞു, എല്ലുകൾ മൂടി പഴയ രാഹുലിലേക്കുള്ള പ്രയാണം ആരംഭിച്ച പോലെ സന്ധ്യയ്ക്ക് തോന്നി.
“ഏട്ടത്തി എങ്ങോട്ടാ സാരി ഒക്കെ ഉടുത്തു….”
രാഹുലിന്റെ നേരെ നോക്കാൻ ചമ്മി, കടിച്ചു പിടിച്ചു പാർവതിയെ നോക്കിയാണ് അനഘ സംസാരിച്ചത്, എങ്കിലും രാഹുൽ കൗതുകത്തോടെ അവളെ നോക്കിക്കൊണ്ടിരുന്നു.
“ആഹ് ഞങ്ങളും ഒരിടംവരെ പോവ്വുവാ….അല്ലെടാ ചെക്കാ….”