“സന്ധ്യയുടെ പാക്കിങ് ഒക്കെ കഴിഞ്ഞോ അനു….”
“ചെയ്തോണ്ടിരിക്കുവാ ഏട്ടത്തി….”
“അങ്ങോട്ടേക്ക് എങ്ങനെയാ പോണേ….”
“ഞാനും ചേച്ചിയും കൂടെ ചേച്ചിയുടെ കാറിനു പോവാന്നാ കരുതിയിരിക്കണേ….തിരിച്ചു ബസിൽ പോരും…”
“നിഷ വരുന്നുണ്ടോ കൂടെ….”
“ഇല്ലേട്ടത്തി… നിഷേച്ചിക്ക് ഇന്ന് എന്തോ സർജറിയിൽ അസിസ്റ് ചെയ്യാൻ ഉള്ളതുകൊണ്ട് പോയി….”
“അപ്പോ നീയ് ഒറ്റയ്ക്ക് പോരണ്ടേ തിരിച്ചു ഇങ്ങോട്ടു….”
“അത് സാരൂല്ലാ ഏട്ടത്തി…ഞാൻ മാനേജ് ചെയ്തോളാം…”
“ഹ്മ്മ്…..പോകുന്ന വഴിക്ക് ഫ്ലാറ്റിലേക്ക് ഒന്ന് വായോ…സന്ധ്യയ്ക്ക് കൊടുത്തു വിടാൻ ഞാനും കരുതിയിട്ടുണ്ട് കുറച്ചു സാധനങ്ങൾ…”
“വരാം ഏട്ടത്തി….ഞാൻ വെക്കട്ടെ…പായ്ക്ക് ചെയ്യാൻ ഉണ്ട്….”
“ശെരി മോളെ…വരുമ്പോ കാണാം…”
പാർവതി ഫോൺ വെച്ചതും അനഖയുടെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത നോവ് ഉടലെടുത്തു,…
വീണു പോയ നാൾ മുതൽ ഈ നിമിഷം വരെ തന്നെ താങ്ങി നിർത്തിയ ഒരു സ്നേഹസാഗരം ഇന്ന് തന്നെ വിട്ടു അകലേക്ക് പോകും പോലെ അവൾക്ക് തോന്നി.
കാറ്റു പോലെ അവൾ തങ്ങളുടെ മുറിയിലേക്ക് ഓടി ചെന്നു അവിടെ കണ്ണാടിയിൽ നോക്കി മുടി മെടഞ്ഞു കെട്ടുകയായിരുന്ന സന്ധ്യയെ ചുറ്റിപ്പിടിച്ചു അവൾ നിന്നു…
ബ്ലൗസിന് പുറത്തു നഗ്നമായ തോളിൽ നനവ് പടരുമ്പോൾ സന്ധ്യയുടെ കണ്ണുകളും ഈറനണിഞ്ഞു.
“എന്തുവാടി പെണ്ണെ…വെറുതെ ഇരുന്നു കരയാൻ നടക്കുവാ നീ….”
ഇടറിക്കൊണ്ടാണ് സന്ധ്യ പറഞ്ഞത്.
അനഘ ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു നിന്നതെ ഉള്ളൂ.
“ഇങ്ങനെ കിടന്നു കരയല്ലേടി….ഞാൻ ഇന്ത്യ വിട്ടു പോവുന്നൊന്നുമില്ലല്ലോ….നാട്ടിലേക്കല്ലേ,”
അനഖയുടെ വിങ്ങൽ മാറ്റാൻ സന്ധ്യ ഓരോന്ന് കഷ്ടപ്പെട്ട് പറയുമ്പോഴും സന്ധ്യയുടെ നെഞ്ചും നീറുകയായിരുന്നു.
“ഇങ്ങോട്ടു നോക്ക് പെണ്ണെ….
നീ ഇപ്പൊ പഴയ പോലെ ആഹ് തൊട്ടാവാടി ഒന്നുമല്ല, സ്വന്തമായി അധ്വാനിക്കുന്ന ഒരുത്തി അല്ലെ തന്റേടമുള്ള പെണ്ണ്….അപ്പൊ അതിന്റെ ഒരു തണ്ട് കാണിക്കണ്ടേ…”
“ഉം ഹും…..”
“ഇതിനെ ഞാൻ ഇനി എന്താ ചെയ്യാ….”
തന്റെ നെഞ്ചിൽ തലയും വെച്ച് കിടക്കുന്ന അനഖയെ ചിരിയോടെ നോക്കി സന്ധ്യ ചിരിച്ചു.
“എന്നിട്ട് ഈ പറേണ ആളുടെ കണ്ണ് നിറഞ്ഞിരിക്കുന്നതോ….”
അനഘ കണ്ണ് കൂർപ്പിച്ചു ചോദിച്ചതും.
അബദ്ധം പിണഞ്ഞ പോലെ തന്റെ കണ്ണ് തുടച്ചു സന്ധ്യ ഒരു വരണ്ട ചിരി ചിരിച്ചു.