“നിനക്ക് എന്തേലും കുടിക്കാനോ കഴിക്കാനോ വേണോ….”
“ഇപ്പോന്നും വേണ്ട ഏടത്തി കുറച്ചുനേരം ഇവിടെ ഇരിക്ക്,…രാവിലെ മുതൽ തിരക്ക് പിടിച്ചു ഓട്ടമല്ലായിരുന്നോ…”
“പോ…ചെക്കാ എനിക്ക് ക്ഷീണോന്നുമില്ല….എന്തേലും ഉടനെ വെച്ചുണ്ടാക്കണം…മൂന്നീസം പുറത്തൂന്ന് കഴിച്ചിട്ട് മതിയായി…ഇനി ഞാൻ വെച്ചുണ്ടാക്കണത് കഴിച്ചാ മതി നീയും…എങ്ങനെ ഇരുന്നതാ ചെക്കന്റെ കോലം കണ്ടില്ലേ….”
രാഹുലിനെ ചാരി ഇരുത്തി സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു പാർവതി പതം പറയാൻ തുടങ്ങി.
“ഓഹ് ഇനിയും ഓരോന്ന് പറഞ്ഞു കണ്ണീരൊഴുക്കണ്ട എന്റെ ഏട്ടത്തി…ഞാൻ ഇനി ഏട്ടത്തി ഉണ്ടാക്കുന്നതെന്താണെലും കഴിച്ചോളാം….”
“ഹ്മ്മ്….ഇപ്പോഴും എന്നെ ചാക്കിലാക്കാൻ ഒക്കെ അറിയാം ചെക്കന്….”
അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു പാർവതി ചിരിച്ചു.
ദീപൻ അവരെ ആക്കി ഓഫീസിലേക്ക് തിരിച്ചു പോയിരുന്നു.
“ഞാൻ ഉണ്ടാക്കിയിട്ട് വന്നിട്ട് നിന്നെ കുളിപ്പിക്കാട്ടൊ….”
ഫോൺ എടുത്ത് അവന്റെ കയ്യിൽ കൊടുത് കവിളിൽ തലോടി തിടുക്കപ്പെട്ട് പാർവതി പുറത്തേക്ക് പോയി.
ഫോണിൽ അൽപനേരം കുത്തിയിരുന്ന് തോണ്ടി കളിച്ചപ്പോഴേക്കും പാർവതി എത്തി.
കയ്യിലും കാലിലും പ്ലാസ്റ്റിക് കവർ കെട്ടി ബാത്‌റൂമിൽ ഒരു കസേരയും വലിച്ചിട്ട് അവനെ താങ്ങി പിടിച്ചു അതിലിരുത്തി ഒരു കൊച്ചു കുട്ടിയെ കുളിപ്പിക്കുന്ന കണക്കെ പാർവതി അവളുടെ ദത്തു പുത്രനെ കുളിപ്പിച്ചു.
ഒരമ്മയുടെ വാത്സല്യം മാത്രം നിറഞ്ഞു നിന്നിരുന്ന പാർവതിയുടെ സ്പര്ശനങ്ങൾക്ക് ഒരിക്കലും ഒരുകാലത്തും രാഹുലിന് മറ്റൊരർത്ഥം തോന്നിയിരുന്നില്ല,….രാഹുലിന്റെ ഉള്ളിൽ തെളിഞ്ഞു നിന്നിരുന്ന മാതൃരൂപം അതെന്നും പാർവതി ആയിരുന്നു.
രാഹുലിനെ കുളിപ്പിച്ചു കൊണ്ട് വന്നു കിടത്തി പാർവതിയും കുളിച്ചു,
വീട്ടിലെ തറവാടിയായ പെണ്ണിന്റെ അഴക് പ്രതിഫലിപ്പിച്ചു കൊണ്ട് മുണ്ടും നേര്യതും ചുറ്റി, കാലങ്ങൾ അവളിൽ നിന്ന് എടുത്തുടച്ചുകളഞ്ഞ പ്രസന്നത തിരികെ മുഖത്തണിഞ് കുങ്കുമ പൊട്ടു തൊട്ട് പ്ലേറ്റിൽ ചോറും തോരനും, പപ്പടവുമായി വരുന്ന ഏട്ടത്തിയമ്മയെ അവനും കൺകുളിരേ കണ്ടു.
“ചിക്കനില്ലെ….”
തൊണ്ടക്കുഴിയിലും കവിളിലും നിറച്ച ചോറും വായിൽ വെച്ച് രാഹുൽ കഷ്ടപ്പെട്ടു ചോദിച്ചു.
അടുത്ത ഉരുള ഉരുട്ടി അവനു നീട്ടാൻ നോക്കി ഇരുന്ന പാർവതിയുടെ മുഖത്ത് കുറുമ്പ് നിറഞ്ഞു കൂടി.
“അയ്യട ഹോസ്പിറ്റലിൽ നിന്നു വന്നില്ല അപ്പോഴേക്കും ഇനി ചിക്കൻ കുത്തിക്കേറ്റാഞ്ഞിട്ട ചെക്കന്….ഇതങ്ങോട്ടു കഴിച്ചാൽ മതി….”
പാർവതി കെറുവോടെ പറഞ്ഞു.
“ഉയ്യോ ഞാൻ ഒരു സിനിമയിലെ ഡയലോഗ് പറഞ്ഞേല്ലേ…ഏട്ടത്തി….”
“ഒരു ഡയലോഗുമില്ല…ദേ വാ തുറന്നേ….നിന്നെ ഊട്ടിയിട്ട് വേണം എനിക്ക് അടുത്ത പണി നോക്കാൻ….”
“പിന്നെ അങ്ങനെ ഇപ്പൊ പണി ഒന്നും ചെയ്യണ്ട….എപ്പോ നോക്കിയാലും പണി….ഒരു സമയം അടങ്ങി ഇരിക്കത്തില്ല…..”
“വെറുതെ ഒരിടത്തു ഇരുന്നാൽ ഞാൻ ഒരൊന്നൊക്കെ ചിന്തിച്ചു കൂട്ടുമെടാ കുട്ടാ…അതിലും നല്ലതല്ലേ ഇങ്ങനെ ഓടി നടക്കണേ….”
മുഖത്ത് ചിരി നിറച്ചു ഉള്ളിൽ നോവടക്കി പാർവതി പറഞ്ഞു.
അത് കേട്ടതോടെ രാഹുലും വല്ലാതെ ആയി….
“ദേ മതി ഇരുന്ന് ആലോചിച്ചത്…എന്നെ ഊട്ടാൻ വന്നതാണെ അത് മറന്നു പോവരുത്….
ആ…..!!!”
തന്റെ മുന്നിൽ കുഞ്ഞിനെ പോലെ വാ പൊളിച്ചു ഇരിക്കുന്ന രാഹുലിനെ നോക്കി ചിരിയോടെ അടുത്ത ഉരുള അവൾ വായിലേക്ക് വച്ച് കൊടുത്തു.
അവർക്ക് പരസ്പരം ഉള്ള മരുന്ന് അവർ തന്നെ ആയിരുന്നു.
********************************