സന്ധ്യയ്ക്ക് പിന്നിൽ നിന്നിരുന്ന അനഖയെ മുന്നിലേക്ക് നീക്കി കയ്യിൽ പിടിച്ചുകൊണ്ടു പാർവതി രാഹുലിനെ പരിചയപ്പെടുത്തി.
“സന്ധ്യ ഇരിക്ക്…..അധിക നേരം ഈ സമയം നിന്നൂടാ….”
സന്ധ്യയെ കസേരയിലേക്ക് ഇരുത്തുമ്പോൾ തന്റെ ഏട്ടത്തിയുടെ നെഞ്ചിൽ മിന്നിമറഞ്ഞ ഒരു കൊതിയുടെ നോവ് ഒരു നിമിഷം അവരുടെ മുഖത്ത് നിന്ന് രാഹുൽ കണ്ടെടുത്തു.
ഒപ്പം അവന്റെ ഉള്ളും വലിഞ്ഞു.
കണ്ണ് പതിയെ എടുക്കുമ്പോഴാണ് തന്നെ നോക്കി നിന്ന അനഖയുടെ കണ്ണിൽ രാഹുലിന്റെ കണ്ണ് ഉടക്കുന്നത്.
ഒരേ സമയം പരസ്പരം നോക്കിയ അവർ പെട്ടെന്ന് മുഖം മാറ്റി.
“നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ….”
പാർവതിയുടെ ചോദ്യത്തിൽ അനഘ വേണ്ടെന്ന രീതിയിൽ തലയാട്ടി.
ഡോറിലെ വീണ്ടും കേട്ട മുട്ടൽ ആരുടേതാണ് എന്നറിയാൻ പാർവതി നീങ്ങിയപ്പോൾ സന്ധ്യ രാഹുലിനോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.
അനഘ കണ്ണുകൾ ഒരിടത്തും ഉറപ്പിക്കാതെ ഓരോഇടങ്ങളിലായി മാറ്റിക്കൊണ്ടിരുന്നു.
“ഗുഡ് ഈവനിംഗ് രാഹുൽ….എങ്ങനെ ഉണ്ട് ഇപ്പൊ….സ്‌റ്റേബിൾ അല്ലെ….”
“ഹ്മ്മ്….ഓക്കേ ആണ് ഡോക്ടർ…”
അകത്തേക്ക് വന്ന ഡോക്ടർ വിഷ് ചെയ്ത ശേഷം ചാർട് എടുത്തു നോക്കി.
കണ്ണിലെ രക്തയോട്ടം പരിശോധിച്ച ശേഷം രാഹുലിനെ നോക്കി,
“ഇപ്പോൾ സ്‌റ്റേബിൾ ആണ് ബട്ട് ചില ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അധികം വൈകാതെ തിരികെ ഇതിലും സ്പീഡിൽ ഇവിടെ വരേണ്ടി വരും.
അറിയാല്ലോ….ഇഞ്ചുറി ഒരാഴ്ച്ച കൊണ്ട് നേരെ ആവും ബട്ട് ഉള്ളിലെ ചില സംഭവങ്ങളുടെ കാര്യം അങ്ങനെ അല്ല….സൊ ടേക്ക് കെയർ…”
പാർവ്വതിയെയും മറ്റുള്ളവരെയും നോക്കി ചിരിച്ചു ഡോക്ടർ റൗണ്ട് കഴിഞ്ഞു മടങ്ങി.
“രാഹുൽ…..ഉപദേശിക്കുവാണ് എന്ന് കരുതിയാലും സാരമില്ല….ഇനി നിന്റെ ഏട്ടത്തിയെ കരയിക്കരുത്… ഇപ്പോൾ തന്നെ ഇതൊരുപാട് തീ തിന്നു കഴിഞ്ഞു,
വെറും രണ്ടു ദിവസത്തെ പരിചയം ഉള്ള എനിക്കിതു മനസ്സിലാക്കാൻ പറ്റിയെങ്കിൽ രാഹുലിന് എന്തായാലും അതിനു കഴിഞ്ഞിട്ടുണ്ടാവും…,
യൂ ആർ സൊ യങ്….ഇനിയും ഒത്തിരി ജീവിതം ബാക്കി ഉണ്ട്…ദേ ഈ നിൽക്കുന്ന ഇവള്,….
നഷ്ടങ്ങളുടെ കണക്ക് നോക്കുമ്പോ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് ഇവൾക്കാ…
എന്നിട്ടും ഇവള് ഇപ്പൊ ഇങ്ങനെ നിക്കുന്നത് അവൾക്ക് തിരിച്ചറിവ് വന്നതുകൊണ്ടാ….രാഹുലിനും അത് ഉണ്ടാവണം….”
ബെഡിൽ പുഞ്ചിരിയോടെ കേട്ട് കിടന്നിരുന്ന രാഹുലിന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പാർവതിയും അത് കേട്ടിരുന്നു.
“ഇനി പുതിയൊരു ജീവിതം ജീവിച്ചു തുടങ്ങണം…..
അല്ല ഇവളോട് പറഞ്ഞ കാര്യം തന്നെ പറഞ്ഞേക്കാം ജീവിച്ചു കാണിച്ചുകൊടുക്കണം….
കേട്ടല്ലോ….”