“നാളെ വരാണോട്ടോ….!!!”
പാർവതി പ്രതീക്ഷയോടെ അനഖയെ നോക്കി.
“എന്തായാലും എത്തിയേക്കാം….”
ചിരിയോടെ അനഖയും സന്ധ്യയും പാർവതിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പാർവതിയുടെ മുഖത്തെ തെളിച്ചം മാത്രം മതിയായിരുന്നു ദീപന് ഇനിയുള്ള വരുംകാലത്തെക്കുള്ള പ്രതീക്ഷയ്ക്ക്.
“അനഘ….ഒന്ന് നിക്കുവോ…..”
ഹോസ്പിറ്റലിന്റെ എൻട്രന്സിൽ എത്തുമ്പോഴായിരുന്നു പിറകിൽ ദീപന്റെ വിളി കേട്ടത്.
തങ്ങളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്ന ദീപനെ കണ്ട അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന തിരക്കിൽ നിന്നും ഒരോരം ചേർന്ന് ഒതുങ്ങി നിന്നു.
“നമുക്ക് കുറച്ചങ്ങോട്ടു നീങ്ങി നിൽക്കാം….”
അടുത്തെത്തിയ ദീപൻ ചുറ്റുമുള്ള തിരക്ക് ആലോസരമായപ്പോൾ അവരോടു പറഞ്ഞ ശേഷം മുന്നിലെ പാർക്കിങ്ങിലേക്ക് നടന്നു.
” ഒന്നും ചെയ്യാൻ കഴിയാതെ ഒറ്റപ്പെട്ടു തളർന്നു പോയ രണ്ടേ രണ്ടു അവസരങ്ങളെ എനിക്ക് ഓർമ ഉള്ളൂ…..
ഒന്ന് അച്ഛനും അമ്മയും മരിച്ചു എന്നറിഞ്ഞപ്പോൾ….
രാഹുലിന് അന്ന് ആഹ് നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല….പക്ഷെ അതെന്നെ ഉലച്ചു കളഞ്ഞിട്ടുണ്ട്….നിലവിട്ടു പോവുമായിരുന്ന എന്നെയും അവനെയും കൈ തന്നതും ചേർത്ത് പിടിച്ചതും ജീവിതം മുന്നോട്ടു ഇനിയും ഉണ്ടെന്നു കാട്ടി തന്നതും പാറുവും അവളുടെ അച്ഛനും ആയിരുന്നു….
അവിടെ നിന്ന് കയറുമ്പോൾ എന്റെ ഉള്ളിൽ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ…ഇനി വീഴരുത്…..കാരണം ഒരിക്കലെ പിടി വള്ളി ദൈവം തരുകയുള്ളൂ എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെട്ടിരുന്നവൻ ആയിരുന്നു ഞാൻ….,
……….
……അല്ല അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു ഇനി ഒരിക്കലും വീഴാതിരിക്കാൻ…..
ആഹ് ദിവസം വരെ….
അന്ന് സ്റ്റേഷനിൽ പോയി വന്ന നിമിഷം എനിക്ക് നഷ്ടപ്പെട്ടത് രണ്ടു പേരെയാണ് എന്നെ പിടിച്ചു നിർത്തിയ രണ്ടു തൂണുകളെ….
എന്റെ അനിയനെയും….എന്റെ പാറുവിനെയും….
എന്റെ അടിവേരു പറിഞ്ഞു പോയതുപോലെയാണ് ഞാൻ അന്ന് മുതൽ ഇന്ന് വരെ ജീവിച്ചത്….”