മ് മ്ഹും ഇത് സാവാളേലോന്നും ഒതുങ്ങുല്ല തേങ്ങ തന്നെ വേണം.
പാദസ്വരോന്നും പറഞ്ഞ് പിറകിൽ വന്ന് നിന്ന് കാതിലെ കമ്മലിലാണ് തട്ടുന്നത് പൊട്ടൻ 😆. എന്നാലും ആ ശ്വാസവും സ്വരം കാതിനു പുറകിലടിച്ചപ്പൊ എന്തോ പോലെ . ഈശ്വരാ ഇത്രേം പവറിട്ടിട്ട് ഇനി കയ്യീന്ന് പോവോ .
സ്വയം നിയന്ത്രിക്കാനെന്നവണ്ണം കൈമുട്ട് വച്ച് വയറിനിട്ട് ഒരു ഇടി കൊടുത്തു.
“മ് മ്ഹ് മ്……. മ് ഹ്മ് ഹ് …..”
എന്റെ ഇടിയിൽ നിന്നു മൊഴിഞ്ഞ് മാറി വലത് സൈഡ് വന്ന് ബാക്കി വരി മൂളിയപ്പോൾ ശരിക്ക് പറഞ്ഞാൽ ആസ്വാദിച്ച് നിന്ന് പോയി. അല്ലേലും കനം നിറഞ്ഞ സ്വരത്തിൽ ഗോവിന്ദേട്ടൻ മൂളുന്നത് കേൾക്കാൻ തന്നെ സുഖമാണ്. പക്ഷെ ഞാനുമൊരു സ്ത്രീയല്ലേ. സ്ത്രീകൾ അങ്ങനെ പെട്ടെന്നൊന്നും വഴങ്ങി കൊടുക്കൂല . തക്കം നോക്കി തന്നെ കൈ പിടിച്ച് ഒരു കടി വച്ച് കൊടുത്തു…
“ആ…………..! ”
പാവം സ്വൽപ്പം വേദനിച്ചെന്ന് തോന്നുന്ന് . എന്നാലും വീണ്ടും ചാടി വരുന്നുണ്ട്. നേരിട്ട് നോക്കിയില്ലെങ്കിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തോ സന്തോഷം തോന്നി. കഴിഞ്ഞ കൊറേ വർഷങ്ങളായ് ഞാൻ ആഗ്രഹിച്ചതും ഇത് തന്നെയല്ലേ …ഞാനെന്നൊരു വ്യക്തി വീട്ടിലുണ്ടെന്ന ബോധം പോലുമില്ലായിരുന്നു. ഇപ്പൊ ഓടിച്ച് വിട്ടിട്ടും വരുന്നു.
“കിണുങ്ങാ കിങ്ങിണിച്ചെപ്പേ , ചിരിക്കാ ചെമ്പക മുത്തേ…..”
ഇത്തവണ പിറകിലൂടെ വന്ന് വയറിൽ കെട്ടിപിടിച്ചാണ് പാടിയത്. കൈ പിടിച്ച് മാറ്റാൻ നോക്കിയതും കൈകൾക്ക് ശക്തി കുറയുന്ന പോലെ ,എന്തോ അങ്ങനെ ചേർന്ന് നിക്കാൻ മനസ്സും ശരീരവും ഒരുപാട് ആഗ്രഹിച്ച പോലെ .
“പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ് ”
എന്റെ മൂക്കിൻ തുമ്പത്ത് പിടിച്ച് അത് പാടുമ്പോൾ ശരിക്കും പറഞ്ഞാൽ പിണക്കമൊക്കെ എവിടെയോ മാഞ്ഞ് ഇല്ലാതായിരുന്നു. കപട ദേഷ്യം മാഞ്ഞ് ഞാൻ സന്തോഷം കൊണ്ട് ചിരിച്ച് പോയി. ഏറെ ആഗ്രഹിച്ച കുറച്ച് നിമിഷങ്ങൾ. ഇതു പോലെയുള്ള കൊച്ച് കൊച്ച് സന്തോഷങ്ങളെ ഞാനഗ്രഹിച്ചിരുന്നുള്ളൂ…
പിടിച്ച് മാറ്റാൻ നോക്കിയ കൈകളിൽ തന്നെ ഞാൻ എന്റെ കൈകൾ ചേർത്ത് ചേർന്ന് നിന്നു. ഒരിക്കലും ആ പിടി അയഞ്ഞ് പോവരുതേ എന്ന ആഗ്രഹത്തോടെ.