” താനുണർന്നിട്ട് കുറേ നേരമായോ… സോറി ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. അതിന്റെ ക്ഷീണത്തിൽ ഞാനൊന്ന് മയങ്ങിപ്പോയി. ഇപ്പോഴെങ്ങനുണ്ട് രാഹുൽ… ”
” കുഴപ്പമില്ല ജിൻസി… പക്ഷെ എന്തോ ഒരു ക്ഷീണം പോലെ ”
” അത് വൈറൽ ഫീവറിന്റെയാണ്. താനെന്നെയൊന്ന് പേടിപ്പിച്ചൂട്ടോ… ഡോർ തുറന്നുകിടക്കണകണ്ട് കുറേ നേരം ബെല്ലടിച്ചു. എന്നിട്ടും കാണാത്തൊണ്ടാ ഞാനകത്തു കയറിയത്. അപ്പോഴല്ലേ ബോധമില്ലാണ്ട് കിടക്കണത്. പൾസ് ഒക്കെ ലോ ആയായിരുന്നു. പിന്നെ നേരെയിങ്ങു കൊണ്ടുവന്നു. ഞാനിവിടാട്ടോ വർക്ക് ചെയ്യണത്. അല്ല താൻ രാവിലെയൊന്നും കഴിച്ചില്ലേ…? ”
ഞാൻ അവളെന്നോക്കിയൊന്ന് ചിരിച്ചുകാണിച്ചു.
” ഫ്ലാറ്റിൽ ഫുഡ് ഒന്നും ഇരിപ്പില്ലായിരുന്നു. എനിക്ക് കുക്കിംഗ് അത്ര വശമില്ല. പുറത്തൂന്നാണിപ്പോ കഴിക്കണത്… ”
ഞാനവളെനോക്കിയൊന്ന് ഇളിച്ചുകാണിച്ചു.
” അല്ലാഡോക്ടറെ എന്നെപ്പോഴാ ഡിസ്ചാർജ് ചെയ്യുന്നേ…? ”
ഞാൻ ചോദിച്ചത് ഇഷ്ടപ്പെടാത്തപോലെ അവളെന്നെ കൂർപ്പിച്ചോന്ന് നോക്കി.
” തലപൊങ്ങിയില്ല… അതിനുമുന്നേ അവന് വീട്ടിൽ പോണോന്ന്. നോക്കട്ടെ വൈകീട്ട് ആവുമ്പോ പറയാം….!
ഹാ..!! പിന്നേ ഇതാ തന്റെ ഫോൺ… ഏതോ ഒരു താടക കുറേ നേരമായി വിളിക്കണു. ”
അവളൊരു കള്ളച്ചിരിയോടെ പറഞ്ഞ് ഫോൺ എനിക്ക് നേരെ നീട്ടി.
ഞാൻ നന്നായിട്ടൊന്ന് ഞെട്ടി. അവൾക്കറിയില്ലല്ലോ താടക അവളുടെ ഉറ്റസുഹൃത്ത് അഭിരാമിയാണെന്ന്.
എന്റെ ഞെട്ടല് കണ്ട് അവളൊന്ന് ഊറിചിരിച്ചു.
“താൻ ഞെട്ടുവൊന്നും വേണ്ടടോ… ഞാൻ കാൾ എടുത്തൊന്നുവില്ല. കാൾ എടുത്ത് വയ്യാണ്ട് കിടക്കുവാണെന്ന് പറയാന്നു കരുതിയതാ… പിന്നേ അതാരാണ് എന്നറിയാത്തൊണ്ടു വേണ്ടാന്ന് വച്ചിട്ടാ.. ”
അവളുടെ മറുപടി ഒരല്പം ആശ്വാസം എനിക്ക് പകർന്നു.
കാൾ എടുക്കാത്തത് എന്തായാലും നന്നായി… ഇല്ലായിരുന്നേ ഒരുപക്ഷെ രണ്ടുങ്കൂടെ കിടന്നകിടപ്പിലെന്നെ പരലോകത്തേക്കയച്ചേനെ.
ഞാൻ മറുപടിയൊന്നും പറയാതെ വെറുതെയിളിച്ചു കാണിച്ചു.