: പറ…
: ഏട്ടൻ പൂർണമനസോടെ ആണോ എന്നെ കെട്ടിയത്..
: അതെന്താടി അങ്ങനൊരു ചോദ്യം, സ്നേഹക്കുറവ് വല്ലതും തോന്നിയോ
: ഹേ… അതൊന്നും അല്ല. ഏട്ടന്റെ മനസ്സിൽ ഇപ്പൊ തുഷാരയെ മിസ് ചെയ്യുന്നുണ്ടോ
: ഷീ…
: തുറന്ന് പറ ഏട്ടാ…എന്റെ മുന്നിൽ അല്ലെ. ഏട്ടന് ഇപ്പോഴും അവളെ മറക്കാൻ പറ്റില്ലെന്ന് പറഞ്ഞാലും എനിക്ക് വിഷമമൊന്നും ആവില്ല… ഇജ്ജ് മനസ് തുറക്ക് മോനെ അമലൂട്ടാ…
: അവളെ അങ്ങനെ മറക്കാൻ പറ്റുമോടി, അവളുടെ ജീവന്റെ വിലയല്ലേ ഞാൻ നിന്റെ കഴുത്തിൽ കെട്ടിയത്..പാവം ആയിരുന്നു. പ്രത്യേകിച്ച് ഒരു ആഗ്രഹവും ഇല്ലാതെ എന്നെച്ചുറ്റിപ്പറ്റി മാത്രം ജീവിച്ചു. ഒരിക്കൽ പോലും അവൾക്കെന്തെങ്കിലും വേണമെന്ന് എന്നോട് പറഞ്ഞിട്ടില്ല, എനിക്ക് ഇഷ്ടമുള്ളത് വാങ്ങുന്നതും ചെയ്യുന്നതും ആയിരുന്നു അവളുടെ സന്തോഷം. ഒന്നിനും ഒരു അഭിപ്രായം പോലും പറയില്ല. ഞാൻ ചെയ്യുന്നതെന്തോ അതാണ് അവളുടെയും ഇഷ്ടം. ചില ദിവസങ്ങളിൽ ഞാൻ സ്വപ്നത്തിൽ നിന്നെയും അമ്മായിയേയും ഓർത്ത് ഞെട്ടി എഴുന്നേൽക്കും. എന്റെ ശ്വാസ ഗതിയൊന്ന് തെറ്റിയാൽ അവൾ ഉണരും. അവൾ എന്റെ, കൂടെയല്ല ജീവിച്ചത്, എന്റെ ശരീരം മുഴുവൻ അലിഞ്ഞു ചേർന്ന് ജീവിക്കുകയായിരുന്നു. ഒരുവേള ഞാൻ നിന്നെപോലും മറന്നിട്ടുണ്ട് അവളുടെ സ്നേഹത്തിന് മുൻപിൽ. എന്തൊക്കെ ന്യായീകരിച്ചാലും ഇപ്പൊ എന്റെ സന്തോഷത്തോടെയുള്ള ജീവിതം കാണുമ്പോൾ അവളുടെ ഉള്ളിൽ ചെറിയൊരു നീറ്റൽ ഉണ്ടാവും. ഏതെങ്കിലും പെണ്ണിന് സ്വന്തം ഭർത്താവിനെ മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കാൻ പറ്റുമോടി…എപ്പോഴും എന്നോട് പറയും അവൾക്ക് എന്തെങ്കിലും പറ്റിയാൽ ഏട്ടൻ വേറെ പെണ്ണുകെട്ടി സന്തോഷത്തോടെ ജീവിക്കണം എന്ന്. അത് പറയുമ്പോഴും അവൾ ഉള്ളുകൊണ്ട് കരഞ്ഞിട്ടുണ്ടാവും അല്ലെ ഷീ… നിനക്ക് പറ്റുമോ എന്നെ വേറൊരാൾക്ക് കൊടുക്കുന്നത് ചിന്തിക്കാൻ.. ശരിക്കും ഞാൻ ചെയുന്നത് അവളോടുള്ള വഞ്ചനയല്ലേ എന്ന് ഇടക്കൊക്കെ ഓർക്കാറുണ്ട്.
: എന്റെ ഏട്ടാ… അവൾ ഇപ്പൊ ഇതൊക്കെ കാണുന്നുണ്ടെങ്കിൽ സന്തോഷത്തോടെ തുള്ളിച്ചാടുന്നുണ്ടാവും. ഏട്ടനിൽ അലിഞ്ഞുചേർന്ന അവൾ ആഗ്രഹിച്ചതും ഏട്ടന്റെ സന്തോഷം മാത്രമാണ്. ഞാൻ മുന്നേ പറഞ്ഞില്ലേ ഏട്ടനായി അവൾ കരുതിവച്ചൊരു സമ്മാനമുണ്ടെന്ന്. അതിൽ എഴുതിയത് അതുപോലെ ഞാൻ പറയാം.
“ എന്തിനാ എന്റെ ഏട്ടനെ ഷിൽനയിൽ നിന്നും അകറ്റിയത്, ഞാൻ സ്നേഹിക്കുന്നതിന്റെ ഒരു പതിനായിരം ഇരട്ടി ഷീ സ്നേഹിക്കില്ലായിരുന്നോ ഏട്ടനെ. അവൾ ഇപ്പോഴും സ്വന്തം ജീവിതം വേണ്ടെന്ന് വച്ചത് ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലെ. ഉറപ്പിച്ച കല്യാണം മുടങ്ങിയാൽ എന്തായിരുന്നു, കുറച്ചു ദിവസം നാട്ടുകാർ പറഞ്ഞു ചിരിക്കും, അല്ലാതെ എന്താവാനാ. എന്നെ വിഷമിപ്പിക്കരുത് എന്ന് കരുതിയാണോ ഏട്ടനെ ഷീയിൽ നിന്നും അകറ്റിയത്. എനിക്ക് ഒരു വിഷമവും ഇല്ലായിരുന്നു. ഞാൻ ഏട്ടനെ സ്നേഹിക്കുന്നു, പക്ഷെ അതൊരു കടുകുമണിയോളമേ ഉള്ളൂ എന്ന് ഷീയുടെ ജീവിതം കാണുമ്പോൾ മനസ്സിലാവുന്നു.അമ്മായീ, ഷീ എന്നൊക്കെ പറഞ്ഞ് ഉറക്കത്തിൽ തൊണ്ട വരണ്ട് ശ്വാസം കിട്ടാതെ ഏട്ടൻ ഞെട്ടി എഴുന്നേൽക്കുമ്പോൾ ഞാൻ അറിഞ്ഞതാണ് ഏട്ടന് അവരോടുള്ള കരുതലിന്റെ ആഴം. കല്യാണം കഴിഞ്ഞതുമുതൽ ഇത് എഴുതുമ്പോൾ വരെ എന്റെ ഏട്ടൻ എന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചിട്ടേ ഉള്ളു. എന്നോട് ഇത്രയും സ്നേഹം കാണിച്ചെങ്കിൽ ഷിൽനയെ ഏട്ടൻ എങ്ങനെ സ്നേഹിക്കുമെന്ന് ചൂണ്ടിക്കാണിക്കാൻ ഇതുവരെ ഈ ഭൂമിയിൽ ഒരുദാഹരണം ഉണ്ടായിട്ടുണ്ടാവില്ല. എനിക്ക് ആകെയുള്ള വിഷമം ഞാൻ കാരണം ഇവർ രണ്ടുപേരും അകന്നല്ലോ എന്ന് മാത്രമാണ്. എന്നെങ്കിലും എനിക്കൊരു മരണമുണ്ടെങ്കിൽ അത് ഞാൻ സന്തോഷത്തോടെ എന്റെ ഏട്ടനുവേണ്ടി സ്വീകരിക്കും. എന്നിട്ട് അടുത്ത ജന്മത്തിലെങ്കിലും ഷിൽനയായി ജനിക്കണം എനിക്ക്. അമലൂട്ടന്റെ ഷിൽനയായി….