അച്ഛൻ അച്ഛന്റെ അരികിൽ ഒഴിഞ്ഞ കസേരയിലേക്ക് എന്നെ വിളിച്ചു. ഞാൻ അച്ഛന് അരികിലായി ഇരുന്നു. ഞങ്ങൾക്കായി അമ്മയും അമ്മുവും ഭക്ഷണം വിളമ്പി. മതി എന്ന് പറഞ്ഞിട്ടും അവർ എനിക്ക് വിളമ്പി കൊണ്ടിരുന്നു. അവരുടെ ഓരോ പ്രവർത്തിയിലും എന്നോടുള്ള സ്നേഹം വെളിവായിരുന്നു.
ഭക്ഷണ ശേഷം അമ്മു എനിക്ക് ഉച്ചക്ക് കഴിക്കാനുള്ള ഗുളികകൾ എടുത്ത് തന്നു. ഭർത്താവിന്റെ ആരോഗ്യത്തിൽ ശ്രദ്ധയുള്ള ഒരു ഭാര്യയെ ഞാൻ അവളിലൂടെ കാണുകയായിരുന്നു.
ഞങ്ങൾ എല്ലാം ഭക്ഷണം കഴിച്ച് ഇരിക്കുമ്പോളായിരുന്നു കുറച്ച് പേര് വരുന്നത്. നാട്ടുകാരും ബന്ധുക്കളും ആയിരുന്നു അവർ. എന്റെ രോഗ വിവരം അറിയാൻ വന്നത് ആയിരുന്നു അവർ. ആളുകളുടെ എണ്ണം കൂടി കൊണ്ടിരുന്നു.
വരുന്നവരും പോവുന്നവരും എന്നെ അറിയോ എന്നെ മനസ്സിലായോ എന്നീ ചോദ്യങ്ങൾ ചോദിച്ച് എനിക്ക് ഓർമ്മ ഇല്ലെന്ന് അവർ ഉറപ്പ് വരുത്തി. ഇവരെ എല്ലാം ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു ഞാൻ. അവർ എന്നോട് പലതും ചോദിക്കാൻ തുടങ്ങി. ഇവരോടെക്കെ എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഉൾ വലിയാൻ നോക്കി. അച്ഛനും അമ്മയും അമ്മുവും അവരോട് പലതും സംസാരിക്കുന്നുണ്ടായിരുന്നു.
എനിക്ക് ഓർമ്മ നഷ്ടമായി എന്ന് അറിഞ്ഞ ആരുടേയും മുഖത്ത് വിഷമം ഞാൻ കണ്ടില്ല. അവരിൽ അതൊരു സന്തോഷം പോലെ. ഇവന് ഇതല്ല ഇതിനും വലുത് കിട്ടണമായിരുന്നു എന്ന ഭാവം.
ഇവരിൽ നിന്ന് എങ്ങനെ ഒഴിഞ്ഞ് മാറും എന്ന ചിന്തയോടെ ഞാൻ അവർക്കോപ്പം നിന്നു.ഇത് മനസ്സിലാക്കിയ അമ്മു എനിക്ക് അരികിലേക്ക് വന്നു.
“വിഷ്ണുവേട്ടൻ മരുന്ന് കഴിച്ചില്ലലോ വായോ ഞാൻ അത് എടുത്ത് തരാം”
അമ്മു എല്ലാവരും കേൾക്കെ പറഞ്ഞു.എന്നെ അവരിൽ നിന്നും രക്ഷിക്കാൻ.എന്നിട്ട് എന്നെയും കൂട്ടി മുറിയിലേക്ക് നടന്നു.
“ഏട്ടൻ ഇവിടെ കിടന്നോ അവരോടൊക്കെ സംസാരിക്കാൻ ഏട്ടന് ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയാം. ഗുളിക നല്ല സ്ട്രോങ്ങ് ഗുളികയാണെന്നും അത് കഴിച്ച ക്ഷീണത്തിൽ ഏട്ടൻ ഉറങ്ങുകയാണെന്നും ഞാൻ പറയാം ”
എന്റെ മനസ്സ് മനസ്സിലാക്കിയെന്നാവണം അമ്മു എന്നോട് പറഞ്ഞു.
“താങ്ക്സ്”
ഞാൻ അമ്മുവിനോടായി പറഞ്ഞു. അമ്മു അത് കേട്ട് പുഞ്ചിരിച്ചു.