” അപ്പൊ ഓഫീസിന്നേർപ്പാടക്കിയ വീടിനെന്തുപറ്റി….”
” അവിടെയെനിക്കങ്ങ് ശരിയാവണില്ലമ്മേ…”
” അതെന്തുപറ്റിയെടാ… ”
” അതൊന്നിച്ചുള്ളോരുടെ ബഹളമൊന്നും എനിക്ക് ശരിയാവണില്ല… ”
” എങ്കിപ്പിന്നെ നിന്റെ വല്യച്ഛനെ ഞാനൊന്ന് വിളിച്ച് നോക്കട്ടെ… ഏട്ടൻ വിളിച്ചിരുന്നു ഇന്നാള്… നിനക്ക് അവരുടെ അവിടത്തെ ഫ്ലാറ്റിൽ നിന്നൂടെ എന്ന് ചോദിച്ചിട്ട്… കുട്ടുവും അവന്റോളും തിരിച്ചുപോയേപ്പിന്നെ അതവിടെ അടച്ചിട്ടേക്കുവല്ലേ…
നിനക്ക് കമ്പിനിവക അക്കമടേഷനുള്ളൊണ്ട് ഞാൻ വേണ്ടാന്ന് പറഞ്ഞെയാ… നിന്റെ ഓഫീസിന്റടുത്തുന്ന് ഫ്ലാറ്റ്ലേക്ക് അതികം ദൂരമൊന്നുവില്ലാന്ന അന്ന് വിളിച്ചപ്പോ പറഞ്ഞേ… ഞാനെന്നാ ഏട്ടനെ വിളിച്ചിട്ട് നിന്നെ വിളിക്കാം… ”
സുധാകരൻ വല്യച്ഛൻ… എന്റെ അച്ഛന്റെ ഏട്ടനാണ് കക്ഷി. വല്യച്ഛനും വല്യമ്മയുമൊക്കെ കുറേ കാലം ബാംഗ്ലൂർ ആയിരുന്നു താമസം. കുട്ടു എന്ന് പറഞ്ഞത് ഇവരുടെ മകനാണ്. അക്ഷയ് എന്നാണ് പേര്. എന്റെ രണ്ടുവയസ് മൂത്തതാണ് അക്ഷയ്യേട്ടൻ. പുള്ളിയും ഭാര്യയും ഇപ്പൊ കാനഡയിലാണ്. അഞ്ജലി എന്നാണ് പുള്ളിക്കാരീടെ പേര്. എന്റെ പ്രായമാണ് അവൾക്ക്. അവിടെ നേഴ്സ് ആണ് പുള്ളിക്കാരി.
ഞാൻ അമ്മയോട് ഫോണിൽസംസാരിച്ചുകൊണ്ട് ബസ് സ്റ്റോപ്പിൽ നിന്നു.
റോഡിലൂടെയോഴുകിനീങ്ങുന്ന കാറുകളുടെനിര. ഓഫീസുകളിലേക്കുള്ള ഓട്ടമായിരിക്കും.
പച്ചക്കറിവണ്ടിയുമായി നടന്നുനീങ്ങുന്ന ഒരു വൃദ്ധൻ. തലയിലൊരു ചുറ്റിക്കെട്ടുമായി അയാളങ്ങനെ നടന്നുനീങ്ങുന്നു. മറ്റൊരിടത്ത് ഒരു സൈക്കിളിന്റെ പുറകിൽ ചായപ്പാത്രവുമായി ചായവിൽക്കുന്ന ഒരു മധ്യവയസ്കൻ.