ആര് കണ്ടാലുവൊന്ന് കൊഞ്ചിക്കാനൊക്കെ തോന്നും… എന്നാ മുഖത്തെയാ പുച്ഛങ്കാണുമ്പോ എടുത്ത് കിണറ്റിലിടാനും…!
നേരെയൊന്ന് സംസാരിച്ചൂടെയില്ല… ഒന്ന് നോക്കിപ്പോയേനാണോ അവളെന്നെയിങ്ങനെ പുച്ഛിക്കണേ… സൗന്ദര്യമുള്ളേന്റെ ജാടയായിരിക്കും…
ഇനിയിന്ന് ബോധംകെട്ട് വീണേന് പുച്ഛിക്കണെയാവുമോ… ഏയ് അതിനെന്തിനു പുച്ഛിക്കണം…
ആഹ്…! എന്തേലുവാവട്ടെ നാളെത്തോട്ട് നീയവളെ വല്ലാണ്ട് മൈൻഡ് ആക്കേണ്ട കേട്ടോടാ…
ഞാനൊരു ആത്മഗദം പോലെ എന്നോട് തന്നെ പറഞ്ഞു.
രാവിലത്തെയലച്ചിലിന്റെയും ജോലിയുടെ ക്ഷീണത്തിന്റെയും ഭാരം എന്റെ കാൺപോളകൾക്കുമുകളിൽ ഏറിവന്നുകൊണ്ടിരുന്നു. പയ്യെ ഞാൻ ഉറക്കമെന്ന സുഖത്തിലലിഞ്ഞു ചേർന്നു.
“സുപ്രഭാതം പൊട്ടിവിടർന്നു സുഖസന്ധായക ഗിരിയിൽ ”
എന്ന യേശുദാസ് അനശ്വരമാക്കിയ ഭക്തിഗാനം ചെവിയിലേക്ക് ഒഴുകിയെത്തിയപ്പോഴാണ് ഞാൻ കണ്ണുതുറക്കുന്നത്. അലാറം അടിച്ചതാണ്.
അല്ലിയുടെ പണിയാണ് ഇങ്ങനെ ഇടയ്ക്കിടെ എന്റെ റിങ്ടോണും അലാറം ടോണും ഒക്കെ മാറ്റിവെക്കുന്നത്.
എന്തായാലും ഈ പാട്ട് നൽകുന്ന ഒരു പോസിറ്റീവ് വൈബോടുകൂടി ഇന്നത്തെ ദിവസം തുടങ്ങാമെന്ന് കരുതി. ഏഴുമണി ആയിട്ടുണ്ട്.
ഞാൻ എണീറ്റ് ബ്രഷും എടുത്ത് ബാത്‌റൂമിലേക്ക് ചെന്നു. അതിനകത്തുതന്നെയുള്ള വാഷ്ബേസിനു മുന്നിൽ നിന്ന് ഞാൻ പല്ലുതേപ്പൊക്കെ പൂർത്തിയാക്കി.
ഹാളിലേക്ക് ചെല്ലുമ്പോ സുമേഷും ജോസും ഇനിയും ഉണർന്നിട്ടില്ല. കാർത്തിക്ക് അടുക്കളയിലാണെന്ന് തോന്നണു. ഞാൻ അടുക്കളയിലേക്ക് തന്നെ ചെന്നു.