അഭിരാമിയാണ് ദേഷ്യപ്പെടുന്നത്. അവൾ നിന്ന് വിറക്കുകയായിരുന്നു. അവളുടെ മുന്നിൽ ഒരുപയ്യൻ തലകുനിച്ച് നിൽക്കുണ്ട്
അവൾ തിരിച്ച് കാബിനിലേക്ക് നടന്നു. അതിനിടെ ആ കണ്ണുകൾ എനിക്ക് നേരെ നീണ്ടു. ഞാൻ നിന്നുരുകിപ്പോയി… അത്ര തീക്ഷണതയായിരുന്നു അതിന്.
കോപമൊരു തീനാളമായി അവളുടെ കണ്ണിൽ ജ്വലിച്ചുനിൽക്കുന്നു. ചുവന്നു തുടങ്ങിയ കണ്ണുകൾ.
എന്നെയൊന്ന് കലിപ്പിച്ച്നോക്കിയിട്ട് അവൾ അവളുടെ കാബിനിലേക്ക് കയറിപ്പോയി.
അതിന് പിന്നാലെ ഒരു ഫയലും കയ്യിൽപ്പിടിച്ച് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പൊപ്പിക്കൊണ്ട് ആ പയ്യനും.
“ഞാനെന്ത് ചെയ്തിട്ടാ താടകയെന്നെ കലിപ്പിച്ചുനോക്കുന്നേ…ഹോ…!! മാലാഖയുടെ രൂപവും വെട്ടുപോത്തിന്റെ സ്വഭാവവും…. ജീവനോടെയിവിടന്ന് തിരിച്ചുപോവാമ്പറ്റണേ എന്റേയീശ്വരാ…”
എന്ന് മനസില് പറഞ്ഞ് ഞാൻ തിരിച്ച് കാബിനിലേക്ക് തന്നെ ചെന്നു.
ഒരു ലോഡ് പ്രൊജക്ടുകൾ പെന്റിങ് ആണ്. ഇനിയിതൊക്കെ എന്റെ തലേല് ആവും.
മുന്നേയുണ്ടായിരുന്ന ആളുടെ അച്ഛനിപ്പോ തുമ്മിത്തുമ്മി ചാകാറായിക്കാണണം… അത്രേം ഞാനയാളെ സ്മരിച്ചായിരുന്നു.
ഉച്ചക്കുള്ള ലഞ്ച് ബ്രേക്ക് ആയപ്പോ ഞാൻ കബിനിൽനിന്ന് പുറത്തേക്കിറങ്ങി. കാന്റീൻ ആണ് ലക്ഷ്യം. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ട്. സിസ്റ്റമൊക്കെ ഒഴിഞ്ഞുകിടപ്പാണ്.
പക്ഷെ ഒരാൾ മാത്രം അവിടെയിരുന്നു ജോലി ചെയ്യുന്നുണ്ട്. നേരത്തേ അഭിരാമി ദേഷ്യപ്പെട്ട പയ്യനായിരുന്നു അത്.
എന്തോ അത് കണ്ടപ്പോ എനിക്കവനോട് സഹതാപം തോന്നിപ്പോയി. ഞാനവന്റെയടുത്തേക്ക് നടന്നു.