. വൈശാഖേട്ടനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കും എന്നതായിരുന്നു അവളുടെ ആകുലത. ഇത്രയും നാൾ ഒരു വിസിറ്റ് വിസ എടുത്തു തരാൻ പറഞ്ഞിട്ട് കേൾക്കാത്ത ആളാണ് പുള്ളി. അതൊക്കെ ഞാൻ ശരിയാക്കിക്കോളാം എന്ന് പറഞ്ഞിട്ടും അവൾക്ക് ഒട്ടും വിശ്വാസം വരാത്തത് പോലുണ്ട്. വൈശാഖ് ഏട്ടനെക്കൊണ്ട് സമ്മതിപ്പിക്കുവാനുള്ള വഴിയൊക്കെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്. രാത്രി അധികം വൈകുന്നതിന് മുൻപ് ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴിയിൽ മുഴുവനും ഷിൽന ഭയങ്കര സന്തോഷവതിയായി ഇരുന്നു. വഴിയിൽ ഒരു തട്ടുകടയിൽ നിർത്തി ഓരോ ചായയും കുടിച്ച് നേരെ വീട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു. എല്ലാവരും നല്ല ഉറക്കമാണ്. അച്ഛൻ വന്ന് വാതിൽ തുറന്നുതന്നു. മുകളിൽ എത്തിയപ്പോൾ അമ്മായി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഞങ്ങളെയും കാത്ത് എന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. ഞാൻ നോക്കുമ്പോൾ എന്റെ കംപ്യൂട്ടറിൽ ഉണ്ടായിരുന്ന ഫോട്ടോകൾ നോക്കുകയാണ് പാവം. പഴയ കാലത്തിന്റെ നല്ല കുറേ ഓർമകളിലേക്ക് ഒരു എത്തിനോട്ടം. അമ്മായിയുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്. എന്ത് ചെയ്യാം വിധിയെ ആർക്കും തടുക്കാൻ കഴിയില്ലല്ലോ. ഷിൽനയുമായുള്ള വിവാഹത്തിന് ശേഷം അമ്മായിയെ നല്ലപോലെ ഒന്നുകൂടി കമ്പനി ആക്കണം. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കണം. പഴയപോലെ എല്ലാം നടക്കില്ലെങ്കിലും ജീവിതം നന്നായി ആസ്വദിക്കാൻ പാകത്തിന് എല്ലാം ചെയ്യണം.
——/——-/——–/——–
കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഇന്നത്തെ പ്രഭാത സവാരിയും കഴിഞ്ഞ് വീട്ടിൽ എല്ലാവരുമൊത്ത് ചായയും കുടിച്ച് കുട്ടൂസന്റെ കൂടെ കുറച്ചുനേരം ചിലവഴിച്ചു. ഉച്ചയാവുമ്പോൾ അവനെയും കൂട്ടി എയർപോർട്ടിൽ പോകാനുള്ളതാണ്. അച്ഛൻ പോകുന്നതിൽ അമ്മയ്ക്ക് നല്ല വിഷമം ഉണ്ട്. ഇത്രയും വലിയൊരു വെക്കേഷൻ അച്ഛന്റെ ഗൾഫ് ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് മറ്റൊരു പ്ലാൻ ഉണ്ടായിരുന്നു. അത് ഞാൻ അച്ഛനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് അമ്മയ്ക്ക് ഇനി അധിക കാലം വിഷമിച്ച് ഇരിക്കേണ്ടി വരില്ല. ഞാൻ പറഞ്ഞത് കേട്ടപ്പോൾ അച്ഛനും വലിയ സന്തോഷമായിരുന്നു. എന്റെ മോന് ഉത്തരവാദിത്ത ബോധമൊക്കെ വന്നല്ലോ എന്ന് പറഞ്ഞ് എന്റെ കവിളിൽ തലോടിയാണ് അച്ഛൻ അന്ന് എന്റെ വാക്കുകളെ സ്വീകരിച്ചത്.
—————
എത്രയൊക്കെ വഴക്ക് കൂടിയാലും ചേച്ചിക്ക് എന്നോടുള്ള സ്നേഹം അവൾ കാണിക്കുന്നത് ഇതുപോലുള്ള അവസരങ്ങളിൽ ആണ്. പെട്ടിയൊക്കെ വണ്ടിയിൽ നിന്നും ഇറക്കി എയർപോർട്ടിന്റെ വെളിയിൽ നിന്നും ടാറ്റ പറഞ്ഞ് ഇറങ്ങാൻ നേരത്താണ് അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നത്. എന്നോടുള്ള കരുതലും സ്നേഹവും എല്ലാം അതിൽ ഉണ്ട്. എത്രയൊക്കെ തൊലിക്കട്ടി ഉള്ളവനായാലും പെങ്ങൾ വീട് വിട്ട് ഇറങ്ങുമ്പോൾ നോവാത്ത ആങ്ങളമാർ ഉണ്ടാവില്ല. ആദ്യമായി ഞാൻ അത് അറിഞ്ഞത് ഇവളുടെ കല്യാണത്തിന്റെ അന്നായിരുന്നു. പിന്നീട് പലപ്പോഴായി ഇവളെ എയർപോർട്ടിൽ കൊണ്ടുവിടാൻ ഞാൻ വന്നിട്ടുണ്ടെങ്കിലും ഇന്ന് അതുപോലെ