“”ഉം….”
“ഡോ… താൻ ഇന്ന് അവളുടെ ഒപ്പം പോയി കിടന്നോ…ഇന്നവൾക്ക് അത് ആവശ്യമായിരിക്കും…”
സന്ധ്യയെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് നിധിൻ പറഞ്ഞു.
“ഞാൻ ഇതെങ്ങനെ പറയും എന്നോർത്ത് കിടക്കുവായിരുന്നു….”
“ഔ…..നൊന്തു ദുഷ്ടാ….”
ചന്തിക്ക് താഴെ പൊള്ളിച്ചുള്ള തല്ലായിരുന്നു നിഥിന്റെ മറുപടി.
“നമുക്കിടയിൽ എന്നോട് പറയാൻ നിനക്ക് മടി, അല്ലെടി പൂതനെ…അതിനു നിനക്കിതല്ല തരേണ്ടത്….
ചെല്ല് ചെല്ല്…”
അവന്റെ കവിളിൽ ഒന്നമർത്തി കടിച്ച ശേഷം ചിരിയോടെ അവൾ റൂമിൽ നിന്ന് അവനോടു യാത്ര ചോദിക്കുമ്പോൾ അവളുടെ തലയിണയെ നെഞ്ചോടു ചേർത്ത് അവൻ യാത്ര മൂളി.
————————————-
“അനു…..????”
ചാരിയിട്ടിരുന്ന കതക് തുറന്നു സന്ധ്യ അവളുടെ അടുത്തിരുന്നു വിളിച്ചു.
മൗനം നിറഞ്ഞപ്പോൾ അവളോട് ചേർന്നു കിടന്നു പിന്നിൽ നിന്നവളെ തന്നിലേക്ക് ഒട്ടിച്ചു.
പതിഞ്ഞ ഒരു വിങ്ങലും കരച്ചിലും ഉയർന്നപ്പോൾ അനുവിനെ തിരിച്ചു കിടത്തി തന്റെ മാറിൽ അവളെ ചേർത്തു,…
ഒന്നും പറയാതെ അവൾ അനഖയുടെ വിഷമങ്ങൾ ഏറ്റെടുത്തു.
————————————-
“മോള് വിഷമിക്കണ്ടാട്ടോ എല്ലാ കാലത്തും സങ്കടങ്ങൾ മാത്രമായിരിക്കില്ല ഈശ്വരൻ കാത്തു വെച്ചിരിക്കുന്നത്…
ഈ ദശ കഴിഞ്ഞു നല്ലൊരു സമയവും വരും
കുറച്ചു തന്റേടം ഉണ്ടാക്കിയെടുക്കാനും സ്വന്തം കാലിൽ നിൽക്കാനും ഒക്കെ പഠിച്ചില്ലെ…അങ്ങനെ വേണം…ഇനി മുന്നോട്ടും കേട്ടോ…”
നാല് ദിവസത്തിന് ശേഷം സന്ധ്യയോടൊപ്പം തിരികെ ഇറങ്ങുമ്പോൾ അമ്മ അനഖയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
ഇറങ്ങാൻ നേരം അമ്പാടിയോടും നിധിനോടും യാത്ര പറയുമ്പോൾ കണ്ണീരൊലിപ്പിച്ച സന്ധ്യയെ അനഖയാണ് ചേർത്ത് പിടിച്ചു കൊണ്ടുപോയത്.
“ഇത്രേം വിഷമിച്ചു എന്തിനാ ചേച്ചി അവിടെ വന്നു ജോലി ചെയ്യുന്നേ…”
കാറിൽ കയറിയിട്ടും തെളിച്ചമില്ലാതിരുന്ന സന്ധ്യയുടെ മുഖം നോക്കി അനഘ ചോദിച്ചു.
“വിഷമം ഉണ്ടെടി ഇല്ലെന്നു പറയുന്നില്ല പക്ഷെ ദൂരെ നിക്കുമ്പോഴാ ഞങ്ങൾ എത്ര തമ്മിൽ ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നെ…..
പിന്നെ ഏട്ടന് ഞാൻ ജോലിക്ക് പോണോന്നാ…ഇത്രേം പഠിച്ചിട്ട് വീട്ടിൽ ഇരിക്കുന്നതിനോട് ഏട്ടനും അമ്മയ്ക്കും യോജിപ്പില്ല….”
“എങ്കിൽ ചേച്ചിക്ക് നാട്ടിൽ തന്നെ എന്തെങ്കിലും നോക്കിക്കൂടെ….”