“ആരാടി നിന്റെ അമ്മ….”
ഉയർന്ന ഒരു ഗർജ്ജനം അനഖയുടെ തൊണ്ടയടച്ചു.
“എനിക്ക് ഒരു മോളെയുള്ളൂ, പിന്നെ ഉണ്ടായിരുന്ന ഒരുത്തി ചത്തു…”
കേൾക്കാൻ ത്രാണി ഇല്ലാതെ അനഘ സന്ധ്യയുടെ കയ്യിൽ ചാരി കരയുമ്പോൾ ഉന്തിയ വയറുമായി നിസ്സഹായയായി അനഖയുടെ ചേച്ചി അവളെ അലിവോടെ നോക്കി.
“എന്ത് നോക്കി നിക്കുവാ…ഇങ്ങോട്ടു വാ…വഴിയിൽ അങ്ങനെ പലരും ഉണ്ടാവും….”
ഉള്ളിൽ നിന്നുയർന്ന ഗദ്ഗദം പുറത്തു കടത്താതെ അടക്കി പിടിച്ചു ചേച്ചിയുടെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് അമ്മ പോവുന്നത് മിഴിനീരിനിടയിലൂടെ അവൾ കണ്ടു നിന്നു.
ഉള്ളിലെ കുടുങ്ങിപ്പോയ നെഞ്ചിലെ ശ്വാസം കനമായി വിങ്ങിയപ്പോൾ അവളുടെ കാലുകൾ തളർന്നു.
താങ്ങിക്കൊണ്ട് അവളെ ആൽത്തറയിൽ തന്റെ മാറോടു ചേർക്കുമ്പോൾ അവളുടെ വിങ്ങൽ തന്നിലേക്ക് പകർന്നതുകൊണ്ടാവാം സന്ധ്യയുടെ മിഴികളും ഈറനണിഞ്ഞു.
തെക്കു തലപൊക്കി നിന്ന കരിമ്പനകളെ വിറപ്പിച്ചു കൊണ്ട് താഴേക്ക് പാഞ്ഞ കാറ്റിനും അനഖയുടെ പൊള്ളുന്ന മനവും ഇടറുന്ന നെഞ്ചും തണുപ്പിക്കാൻ ആയില്ല.
സന്ധ്യയുടെ കയ്യിൽ തൂങ്ങി നിന്ന അമ്പാടിയും കഥയറിയാതെ ഉഴഞ്ഞു.
————————————-
“എന്ത് പറ്റീഡോ, വന്നപ്പോഴുള്ള അവളുടെ മുഖം കണ്ടപ്പോഴേ എന്തോ ഉണ്ടായെന്നു തോന്നി പിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിക്കാതിരുന്നതാ.”
രാത്രി തന്റെ നെഞ്ചിൽ കിടന്ന സന്ധ്യയെ തലോടിക്കൊണ്ട് നിധിൻ ചോദിച്ചു.
“അവളുടെ അമ്മ വല്ലാതെ റേസ് ആയി…അവളുടെ മുഖത്ത് നോക്കി അവൾ ചത്തുപോയി എന്ന് വരെ പറഞ്ഞു…”
“ഹ്മ്മ്….എനിക്ക് തോന്നിയിരുന്നു…ഇങ്ങനെ എന്തേലുമൊക്കെ നടന്നിട്ടുണ്ടാവും എന്ന്….
ഞാൻ തന്നോട് പറഞ്ഞിരുന്നതല്ലേ, അവളെ കൊണ്ടുപോവുമ്പോളെ പറഞ്ഞു മനസ്സിലാക്കി വേണം കൊണ്ടുപോവാൻ എന്ന്…
ഒരു ദിവസം പെട്ടെന്ന് വീട്ടുകാരെ മുഴുവൻ വെറുപ്പിച്ചു ഇറങ്ങിപോന്ന അനഖയെ അവർ കാണുംവഴി തന്നെ സ്നേഹത്തോടെ പെരുമാറും എന്ന് തനിക്ക് തോന്നിയോ…”
“അതല്ല,…ഇത്രേം തകർന്നു ഒന്ന് റിക്കവർ ആയി വരുന്ന അവൾക്കിപ്പോൾ അവളുടെ വീട്ടുകാരും കൂടെ ഉണ്ടെങ്കിൽ എന്ന് ചിന്തിച്ചപ്പോൾ പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല…”
“ഹ്മ്മ്….അതൊക്കെ ഇനി പതിയെ നടക്കുള്ളൂ….അവളെ ബോൾഡ് ആക്കി നിർത്തുക അതെ ഈ കാലം കൊണ്ട് ചെയ്യാൻ പറ്റൂ…”