“ഓ പിന്നെ….”
നിഷ വീണ്ടും ചെറികോട്ടി പുച്ഛിച്ചു.
സന്ധ്യ പറഞ്ഞതുകേട്ട അനഘ അതത്ര താല്പര്യമില്ലാത്ത പോലെ പുറത്തേക്ക് നോക്കിയിരുന്നു.
********************************
ഓണമടുത്തതോടെ സന്ധ്യ വെക്കേഷന് വീട്ടിൽ പോവാനുള്ള തീരുമാനത്തിലെത്തി അതിനുള്ള ഒരുക്കം തുടങ്ങിയിരുന്നു.
“ഡി നീ പാക്കിങ് ഒന്നും ചെയ്യുന്നില്ലേ… ഫ്രൈഡേ ഈവ് തന്നെ പോവാനുള്ളതാ…”
ബാഗിലേക്ക് ഡ്രസ്സ് കുത്തി നിറക്കുന്നതിനിടയിൽ എന്തോ ആലോചനയിൽ മുഴുകി ഈ ലോകത്തൊന്നും ഇല്ലാത്ത കണക്ക് നിന്നിരുന്ന അനഖയെ നോക്കി സന്ധ്യ ചോദിച്ചു.
“ഞാൻ ഞാൻ വരുന്നില്ലേച്ചി….”
മുഖം താഴ്ത്തി അനഘ പറഞ്ഞത് കണ്ണിലെ നീർത്തിളക്കം സന്ധ്യ കാണാതിരിക്കാൻ കൂടി ആയിരുന്നു.
“ഏഹ്…വരുന്നില്ലേ…എന്നിട്ടു നീ എന്തെയ്യാൻ പോണു…
ദേ വെറുതെ വാശി പിടിക്കാതെ വെള്ളിയാഴ്ച്ച ഞാൻ ഇറങ്ങുമ്പോൾ മര്യാദയ്ക്ക് എന്റെ കൂടെ പോന്നോണം…”
മുഖത്ത് കനപ്പിച്ച ഭാവം നിലനിർത്തിക്കൊണ്ടു സന്ധ്യ മുരണ്ടു.
“അവിടെ….നാട്ടിൽ വന്നിട്ട് ഞാൻ എന്തെയ്യും ചേച്ചീ…എനിക്കവിടെ ഇനി ആരാ ഉള്ളെ….
എല്ലാം വിട്ടെറിഞ്ഞു അന്ന് അവന്റെ കൂടെ പോവുമ്പോൾ, എന്നെ പടിയടച്ചു പിണ്ഡം വെച്ച കഥയാ പിന്നൊരൂസം വിളിച്ച കൂട്ടുകാരിക്ക് പറയാനുണ്ടായെ…
എനിക്കിപ്പോൾ നാടും ഇല്ല വീടും ഇല്ല….”
മുഖം പൊത്തി കരഞ്ഞു പോയ അനഖയെ ചേർത്ത് കോരി പിടിച്ചുകൊണ്ട് സന്ധ്യ അൽപനേരം കൊഞ്ചിച്ചു.
“നിനക്ക് ഞാൻ ചേച്ചിയല്ലേ…എന്റെ വീട് നിന്റേം വീടായിട്ട് കണ്ടാൽ തീരുന്നതെ ഉള്ളു…..
പിന്നെ നിന്റെ അമ്മേം ബാക്കി ഉള്ളോരേം അതുകൂടി മനസ്സിൽ കണ്ടാ ഞാൻ വരാൻ പറേണേ…
നമുക്ക് എല്ലാം ഒന്ന് ശെരിയാക്കാൻ പറ്റുമോ എന്ന് നോക്കാടോ…”
അവളുടെ മുടി മാടിയൊതുക്കി സന്ധ്യ പറയുമ്പോഴും വിതുമ്പി മാറിൽ കിടന്നു കണ്ണീരൊലിപ്പിക്കാനെ അനഖയ്ക്ക് കഴിഞ്ഞുള്ളു.
********************************
നിഷയേ റെയിൽവേ സ്റ്റേഷനിൽ ആക്കി കാറിൽ നാട്ടിലേക്ക് പോവുമ്പോൾ സന്ധ്യയുടെ മിഴികൾ ഇടയ്ക്കിടെ അനഖയെ തേടി.