രഘു ഭയ്യയോട് എന്റെ താമസത്തിന്റെ കാര്യം ഞാൻ പറഞ്ഞു. ഒരു വീട് ആണ്. അവിടെ കമ്പനിയിലെ വേറെ 3 പേര് ഇപ്പോൾ താമസിക്കുന്നുണ്ട്. ഓഫീസ് കഴിഞ്ഞ് അയാൾ അവിടേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് കാബിനിൽ നിന്ന് പുറത്തേക്ക് പോയി.
ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു.
” ഹലോ അമ്മേ… ജോയിൻ ചെയ്തൂട്ടോ… “
” ആഹ്… എങ്ങനെയുണ്ട് ഓഫീസൊക്കെ… അല്ല നിന്റെ താമസം ശെരിയായോ “
അമ്മ നല്ല സന്തോഷത്തിലായിരുന്നു.
” നല്ല ഓഫീസാണമ്മേ… എനിക്കിഷ്ടായി… താമസം ഇവിടത്തെ പിയൂൺ ചേട്ടനോട് പറഞ്ഞിട്ടുണ്ട്… പുള്ളി വൈകീട്ട് അവിടേക്ക് കൊണ്ടുവിടാം എന്ന് പറഞ്ഞു. “
” ആഹ്… പിന്നെയെന്താ… ജോലിയിൽ അല്ലേയിപ്പോ അത് നടക്കട്ടെ… “
” അല്ലി പോയോ… അവൾ വന്നിട്ട് പറഞ്ഞേക്ക് വിളിച്ചിരുന്നു എന്ന് “
” അവള് പോയി… എക്സാം അല്ലേ… നീയിങ്ങു വരുന്നില്ലെങ്കിൽ അവൾ ഡിഗ്രി അവിടെയാ പോകുന്നെ എന്നാ പറയണേ… “
” അത് അപ്പോഴല്ലേ… അന്നേരത്തു തീരുമാനിക്കാം… ഞാനെന്ന വൈകീട്ട് വിളിക്കാമ്മേ…ശരി “
ഫോൺ വച്ച് ഫയലുകൾ ഒക്കെ നോക്കി.
മാനേജറുടെ അപ്രൂവൽ വേണ്ടുന്ന ഫയൽ ഒക്കെ മാറ്റിവച്ചു. അതൊക്കെ എടുത്ത് അഭിരാമിയുടെ കാബിനിലേക്ക് ചെന്നു.
പെർമിഷൻ വാങ്ങി അകത്തുകയറി ഫയൽ അവരെ ഏല്പിച്ചു. ഇപ്രാവശ്യം ഞാനവളെ കാര്യമായിട്ട് മൈൻഡ് ആക്കിയില്ല. നമ്മളായിട്ടെന്തിനാ നമ്മുടെ വിളകളയുന്നെ എന്നൊരു ചിന്ത എന്റെ മനസില് ഉരുത്തിരിഞ്ഞു വന്നിരുന്നു.