ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത് ഫോണിലേക്ക് വന്ന കോൾ ആണ്.
“അല്ലി ” എന്ന പേരോടെ ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ഫോട്ടോകൂടെ കണ്ടപ്പോ നെഞ്ചോന്ന് പിടഞ്ഞു.
ഞാൻ വേഗം കോൾ അറ്റാൻഡ് ചെയ്തു.
” ഹലോ… അല്ലി… ”
എന്നാൽ അപ്പുറത്തുനിന്ന് ഏങ്ങലടികളാണ് മറുപടിയായി കിട്ടിയത്.
” അയ്യേ… അല്ലീ കരയാണോ നീ… എന്തിനാ നീ കരയണേ…
” ഏട്ടാ… നിയ്ക്ക് പറ്റണില്ലയേട്ടാ… ഏട്ടനില്ലാണ്ടിവിടൊരുരസൂണ്ടാവില്ല… ഏട്ടമ്പോണ്ടായേട്ടാ… ഇവിടെ എന്തേലും ജോലിക്ക് പോയാമതി ”
കൊച്ചുപിള്ളാരെപോലെ എങ്ങലുകൾക്കിടയിൽ എണ്ണിപ്പെറുക്കി അല്ലിയത് പറഞ്ഞപ്പോ എനിക്കും ആകെ സങ്കടായി.
“ഞാനവിടന്നിറങ്ങിയപ്പോ ഇങ്ങനൊന്നുവല്ലായിരുന്നല്ലോ…ഇനിയെന്റെശല്യം സയ്ക്കണ്ടല്ലോന്നും പറഞ്ഞുനടന്നാളാണോ ഇപ്പൊ കരയണേ ”
അങ്ങനെപറഞ്ഞെങ്കിലും എന്റെ ശബ്ദം ഇടറുന്നത് എനിക്ക് തന്നെ മനസിലാകുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞതിനുള്ള അല്ലിയുടെ മറുപടിയൊരു പൊട്ടിക്കരച്ചിലായിരുന്നു
ആ കരച്ചിലിനോടൊപ്പം ഫോൺ കട്ട് ആകുവേം ചെയ്തു.
അത്രയും നേരം കടിച്ചുപിടിച്ചിരുന്ന എന്റെ പിടിയും വിട്ടുപോയി. കണ്ണിൽ വന്നുനിറഞ്ഞ കണ്ണുനീർ വഴിവെട്ടി പുറത്തേക്ക് ചാലിട്ടൊഴുകി. അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചുപോയാലോ എന്നുപോലും ഒരുവേള ചിന്തിച്ചുപോയി.
” ഹേയ്… ആർ യൂ ഓക്കേ ”
എന്റെ കണ്ണ് നിറഞ്ഞുകണ്ടിട്ടൊയെന്തോ എനിക്കഭിമുഖമായിരുന്ന ഒരു ചെറുപ്പക്കാരി എന്നോട് ചോദിച്ചു.