“പോ.. അവിടെന്ന്.. വീട്ടിലേക്കാണെന്ന് പറഞ്ഞിട്ട്..” അവൾക്കും നാണം വന്നിരുന്നു. തന്റെ ഈ കാമുകന്റെ കൂടെ ലോകത്തിന്റെ ഏത് കോണിലേക്ക് പോകാനും അവൾ തെയ്യാറായിരുന്നു.
“വീട്ടിൽ പോകാം അതിന് മുന്നേ ഒരു സർപ്രൈസ്.. ഹ ഹ ഹ ” അയാൾ വീണ്ടും പൊട്ടി ചിരിച്ചു.
അയാൾ അവളേം കൊണ്ട് പോയത് ബീച്ചിലേക്കായിരുന്നു. കടലിലേക്ക് അടുക്കുന്തോറും തിരയുടെ മുരൾച്ചകൾ ശ്രുതിയുടെ കാതുകളിൽ ഇരമ്പിയെത്തി. രാത്രിയായതിനാൽ ബീച്ച് പ്രദേശത്ത് അധികം ആളുകളുണ്ടായിരുന്നില്ല. റോഡ് സൈഡിൽ തെരുവ് കച്ചവടക്കാരുടെ ഉന്തുവണ്ടികൾ നിരന്നു നിൽക്കുന്നുണ്ട്. അറ്റമില്ലാത്ത ഇരുണ്ട കടൽപ്പരപ്പ് അവർക്ക് മുന്നിൽ തിരവീശി നിൽക്കുന്നു. അവർ കാറിൽ നിന്നിറങ്ങി മണൽ തിട്ടയിലൂടെ നടന്നു. ഇരുട്ടിൽ ആരൊക്കെയോ ഇരിക്കുന്ന നിഴൽ രൂപങ്ങൾ കാണാമായിരുന്നു. ഇരുട്ട് അവരുടെ സ്വകാര്യതകൾ മറച്ചു പിടിച്ചിരിക്കുന്നു.
അധികം ആളുകളില്ലാത്ത ഒരു ഇരുട്ടിൽ അവർ ഇരുന്നു. ശ്രുതി അയാളുടെ കൈകൾ ചുറ്റിപിടിച്ചുകൊണ്ട് കൂടെയിരുന്നു. തിര ഇരമ്പത്തിന്റെ താളങ്ങൾക്ക് കാതോർത്തുകൊണ്ട് ശ്രുതി അയാളുടെ കൈത്തണ്ടയിൽ തലചായ്ച്ച് മൗനിയായിയിരുന്നു.
“ശ്രുതി…” അയാൾ പതിയെ അവളെ വിളിച്ചു.
“മ്മ്..” അയാളുടെ തോളിൽ കിടന്നു കൊണ്ട് ശ്രുതി മൂളി കേട്ടു.
“ഞാനൊരു മോശം മനുഷ്യനാണെന്ന് തോന്നുന്നുണ്ടോ ശ്രുതിക്ക്..”
അയാളുടെ ആ സ്വരം മനസ്സിന്റെ ഉള്ളറകളിലെവിടെയോ നിന്ന് വരികയാണെന്ന് തോന്നി അവൾക്ക്. അവൾ അയാളുടെ തോളിൽ നിന്നും തലയുയർത്തി. ഇരുട്ടിൽ ആ മുഖത്തെ ഭാവം അവൾക്ക് മനസ്സിലായില്ല.
“എന്താ ഇപ്പൊ അങ്ങനെ പറയാൻ..” ശ്രുതി അയാളുടെ ഉള്ളറിയാൻ ചോദിച്ചു.
“അല്ല.. ഭാര്യയെ കാണാതായ അന്ന് രാത്രിയിൽ തന്നെ കാമുകിയെ വീട്ടിലേക്ക് ക്ഷണിച്ചവൻ എത്ര മോശപെട്ടവനായിരിക്കും..അല്ലെ..” ആ വാക്കുകളിൽ പേറി കൊണ്ടിരിക്കുന്ന ഏതോ ദുഖത്തിന്റെ ഭാരം ശ്രുതിക്ക് അനുഭവപെട്ടു.
“എന്താ സാറെ ഇങ്ങനെയൊക്കെ പറയുന്നേ.. ചേച്ചിയെ നമുക്ക് കണ്ടു പിടിക്കാം..” അവൾ അയാളെ സമധാനിപ്പിക്കാൻ ശ്രമിച്ചു.
“കണ്ടു പിടിക്കാൻ അവളെ കളഞ്ഞു പോയതൊന്നുമല്ല..”
“പിന്നെ..”
“അവൾ ആരുടെയോ കൂടെ പോയതാണ്..”
“ആരുടേ കൂടെ..” ശ്രുതി ആശ്ച്ചര്യപെട്ടു.
“അവൾ പഠിപ്പിക്കുന്ന കോളേജിലെ ഒരു പയ്യന്റെ കൂടെയാണെന്ന് തോന്നുന്നു..” ഒരു നിർവികാരമായ മറുപടിയായിരുന്നു അത്. അത് കേട്ട ശ്രുതി അന്തിച്ചു പോയി.
“കോളേജിലെ പയ്യന്റെ കൂടെയോ… എങ്ങോട്ട്..”
“അറിഞ്ഞൂടാ…”