ഫോണില്‍ കൂടിയും കത്തുകളിലൂടെയും സിത്താരയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും
അവര്‍ ആദ്യമായാണ് സിത്താരയെ നേരില്‍ കാണുന്നത്. ഇവള്‍ നല്ല സുന്ദരിക്കുട്ടിയാണല്ലോ
എന്ന് ആന്‍സിയുടെ വല്ല്യമ്മ ഇടക്ക് മനസിലോര്‍ക്കുകയും ചെയ്തു.
ആദ്യ ദിവസം കളിയും ചിരിയുമായി അവരുടെ ദിവസം കടന്നു പോയി. ആന്‍സിയുടെ വീട്ടുകാര്‍
എത്ര നല്ലവരാണെന്ന് സിത്താരക്ക് തോന്നി.
അടുത്ത ദിവസം ആന്‍സിയുടെ ചാച്ചന്റെ തറവാട്ടില്‍ സ്വത്ത് ഭാഗം വെയ്പ്പായത് കൊണ്ട്
അവളും വീട്ടുകാരും ഉച്ച കഴിഞ്ഞ് കുറച്ചു മണിക്കൂറുകള്‍ അവിടെയുണ്ടാകില്ലെന്ന് അവര്‍
നേരത്തെ തന്നെ പറഞ്ഞിരുന്നു. പക്ഷേ സിത്താര തനിച്ചാവില്ല. പുറം പണിക്കു
നില്‍ക്കുന്ന കുര്യച്ചന്‍ എന്തു സഹായത്തിനും അടുത്തുള്ള ഔട്ട് ഹൌസില്‍ ഉണ്ടാകും.
ചാച്ചന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങളുമായി ആന്‍സിയുടെ കുടുംബം അത്ര
രസത്തിലല്ലെന്ന് ഇതിനകം സിത്താര മനസിലാക്കിയിരുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം അവര്‍ തങ്ങളുടെ പഴയ മാരുതി കാറില്‍ തറവാട്ടിലേക്ക് തിരിച്ചു.
ആന്‍സിയുടെ അനിയനാണ് ഡ്രൈവ് ചെയ്തത്.
ആറു മണിക്ക് മുമ്പ് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. സിത്താര
മൊബൈലിലേക്ക് പലവട്ടം വിളിച്ച് നോക്കിയെങ്കിലും ‘പരിധിക്ക് പുറത്താണ്’ എന്ന മെസേജ്
മാത്രമാണ് കിട്ടിയത്. അവസാനം എട്ട് മണിയോടടുത്ത് ‘വണ്ടി തകരാറായത് കൊണ്ട് അവര്‍
ഇന്നു വരില്ലെന്ന്’ കുര്യച്ചന്‍ വന്നു പറഞ്ഞു. വീട്ടില്‍ വിളിച്ചപ്പോള്‍
കിട്ടാത്തത് കൊണ്ട് ആന്‍സിയുടെ അമ്മ കുര്യച്ചനെ വിളിച്ച് പറയുകയായിരുന്നു. നാളെ
മെക്കാനിക്ക് വന്ന് കാര്‍ ശരിയാക്കുമെന്നും ഇന്ന് അവര്‍ തറവാട്ടില്‍ തന്നെ
താമസിക്കുമെന്നും അയാള്‍ കൂട്ടി ചേര്‍ത്തു. സിത്താരക്ക് ഒരു ചെറിയ നിരാശ തോന്നി.
ഒറ്റയ്ക്ക് കഴിയാന്‍ പേടിയൊന്നുമില്ലെങ്കിലും ഏകാന്തത അവള്‍ക്ക് അസഹ്യമായിരുന്നു.
പക്ഷേ വേറെ വഴിയൊന്നുമില്ല.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി, കുഞ്ഞേ………. ഞാന്‍
ഔട്ട്‌ഹൌസിലുണ്ടാകും. അവിടത്തെ നമ്പര്‍ അറിയാമല്ലോ ? : കുര്യച്ചന്‍ പോകുന്നതിനു
മുമ്പായി പറഞ്ഞു.