അനുവും സൗമ്യയും എന്നോട് ഒരുമിച്ച് ചോദിച്ചു.
“ഇതെന്താ ആദി ഈ വഴി പോകുന്നെ? നമ്മുക്ക് ടൗണിൽ നിന്ന് നേരെയല്ലേ പോകേണ്ടത്?”
“സമയമിപ്പോ 3.30 അല്ലേ ആയിട്ടുള്ളൂ. നമ്മുക്ക് ബീച്ചിലൊക്കെ പോയി കുറച്ച് നേരം കാറ്റ് കൊണ്ടിരുന്നിട്ട് പോവ്വാന്നെ” ഞാൻ ചിരിച്ച് കൊണ്ടാണിതവരോട് പറഞ്ഞത്.
“ദാറ്റ്സ് എ ഗുഡ് ഐഡിയ ആദി” സൗമ്യ പിറകിലെ സീറ്റിലിരുന്ന് കൊണ്ട് എന്റെ തോളിൽ തട്ടി കൊണ്ടാണിത് പറഞ്ഞത്..
സൗമ്യ പറഞ്ഞത് കേട്ട് പുഞ്ചിരിച്ച് കൊണ്ട് ഞാൻ അനൂനെ നോക്കിയപ്പോൾ കക്ഷി എന്നെ നോക്കി കൊണ്ട് മുഖം വീർപ്പിച്ച് പറഞ്ഞു:
“ഈ ലെഹംഗ്ഗ ഇട്ട് ബീച്ചിൽ നടക്കലൊക്കെ വല്യ പാടാ. ഞാനൊന്നും വരണില്ല ബീച്ചിലോട്ട്”
“നീ നടക്കണ്ടാ നിന്നെ ഞാൻ എടുത്ത് കൊണ്ട് പോയ് കൊളാട്ടോ ബീച്ചിലേയ്ക്ക്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഉവ്വ,നടന്നത് തന്നെ”ന്ന് പറഞ്ഞിട്ട് പെണ്ണ് മുഖം തിരിച്ചിരുന്നു.
കാർ ബീച്ചിനടുത്തെത്തിയതോടെ പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലമുണ്ടോന്ന് തിരഞ്ഞ ഞാൻ ഒടുവിൽ കാർ ഒഴിവ് കണ്ട ഒരു സ്ഥലത്ത് കയറ്റി പാർക്ക് ചെയ്തു. ഞായറാഴ്ചയായതിനാൽ ബീച്ച് കാണാൻ ഒരുപാട് പേർ വന്നിട്ടുണ്ടായിരുന്നതിനാൽ ബീച്ച് പരിസരമാകെ അവർ വന്ന വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് കിടപ്പായിരുന്നു. കാറിൽ നിന്ന് ഞാനും സൗമ്യയും ഇറങ്ങിയിട്ടും അനു കാറിൽ നിന്നിറങ്ങാൻ കൂട്ടാകാതെ ഒരേ ഇരിപ്പിരുന്നു. അനു ഇരിക്കുന്ന മുൻഭാഗത്തെ ഡോർ ചെന്ന് തുറന്ന ഞാൻ പറഞ്ഞു:
“നീ വരുന്നില്ലേ ബീച്ചിലേയ്ക്ക്?”
“ഞാൻ വരണില്ലാന്ന് പറഞ്ഞതല്ലേ”ന്ന് ദേഷ്യപ്പെട്ട് പറഞ്ഞ് അനു കൈയ്യിലിരുന്ന മൊബൈലിൽ നോക്കിയിരുപ്പായി.
അനൂ ഒരു കാര്യവുമില്ലാതെ വാശി പിടിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നതാണെങ്കിലും സൗമ്യ കൂടെയുള്ളത് ഓർത്തപ്പോൾ ഞാൻ വന്ന ദേഷ്യം കടിച്ചമർത്തിയിട്ട് കാറിന്റെ സീറ്റിൽ നിന്ന് അനൂനെ വട്ടം പൊക്കിയെടുത്തു. ഞാനവളെ വട്ടം പൊക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന അനു “ആദി എന്നെ താഴെയിറക്കെന്ന് പറഞ്ഞ് എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈ ചേർത്ത് വട്ടം പിടിച്ച് പേടിച്ചിരുപ്പായി.
കാറിന്റെ ഡോർ വലിച്ചടച്ച ഞാൻ അവളെയും എടുത്ത് മുന്നോട്ട് നടന്നു. ഞങ്ങളുടെ പ്രവൃത്തികളെല്ലാം നോക്കിയിരുന്ന സൗമ്യ ചിരിച്ചിട്ട് അവളുടെ മൊബൈൽ ക്യാമറയിൽ ഞങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നുണ്ടായിരുന്നു. അനൂനെ എടുത്ത് മുന്നിൽ നടന്ന എന്റെ പിറകിലായി നടന്ന് വന്ന സൗമ്യ അനൂനോടായി പറഞ്ഞു: “നിന്റെ ഒരു ഭാഗ്യം നോക്കണേ എടുത്ത് കൊണ്ട് നടക്കണ ചെക്കനെ കിട്ടിയില്ലേ നിനക്ക്”
സൗമ്യ പറഞ്ഞത് കേട്ട് നാണമായ അനു എന്റെ കണ്ണിലേയ്ക്ക് ഉറ്റ് നോക്കി കൊണ്ട് എന്റെ കൈയ്യിൽ അനങ്ങാതെ ഇരുന്നു. നേരത്തെ വാശി കാണിച്ച അനൂനോട് ചെറിയ ദേഷ്യം ഉള്ളിലുണ്ടായിരുന്ന ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കാതെ അവളെയും എടുത്ത് ബീച്ചിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെത്തിയതോടെ ഒന്നു നിന്നിട്ട് ഗൗരവത്തിൽ ചോദിച്ചു
” ഇനി നീ നടന്നോളുവോ അതോ ഇനീം ഞാൻ അങ്ങോട്ട് എടുക്കണോ?”
“ഞാൻ നടന്നോളാം ആദി കുട്ടാ”ന്ന് പറഞ്ഞിട്ട് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് എന്റെ മുഖത്തേയ്ക്ക് നോക്കി.
എന്റെ മുഖത്തേയ്ക്ക് നിഷ്കളങ്കമായി നോക്കി കൊണ്ടിരിക്കുന്ന
അനൂനെ നോക്കാതിരിക്കാൻ എനിക്കായില്ല. ഞാനവളുടെ മുഖത്തേയ്ക്ക് നോക്കീട്ട് അൽപ്പം ഗൗരവം ഭാവിച്ച് കൊണ്ട് ചോദിച്ചു:
“നിന്റെ വാശിയൊക്കെ മാറിയോ?”