ഒളിച്ചോട്ടം 10 💘
Olichottam Part 10 | Author-KAVIN P.S | Previous Part
ഈ ഭാഗം നിങ്ങളിലെത്തിക്കാൻ ഒരു പാട് താമസിച്ചു. അതിന് ഞാൻ നിങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ ഭാഗം ഞാൻ വിചാരിച്ച പോലെ അത്ര നന്നായി എഴുതാൻ സാധിച്ചിട്ടില്ല. ഒരു പാട് പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഈ ഭാഗം എഴുതി തീർത്തത് അതിന്റെ പോരായ്മകൾ എന്തായാലും കാണുമെന്ന് ഉറപ്പാണ്. എന്ത് തന്നെയായാലും നിങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയും തുടർന്നും തരണമെന്ന് അപേക്ഷിച്ച് കൊണ്ട്. 10 ആം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
സസ്നേഹം
🄺🄰🅅🄸🄽 🄿 🅂
“നമ്മളിത് പോലെ മുൻപൊരു ട്രിപ്പ് പോയതോർമ്മയുണ്ടോ അനൂസ്സെ?”
“കഴിഞ്ഞ കൊല്ലം കൃഷ്ണേടെ കല്യാണത്തിന് ആലപ്പുഴ പോയതല്ലെ. അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയാ തോന്നുന്നെ അല്ലേ മോനൂ”?ന്ന് പറഞ്ഞ് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് അവളോരൊ കിന്നാരം പറഞ്ഞ് കൊണ്ടിരുന്നു. അനൂനെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ എന്റെ മനസ്സ് പാഞ്ഞത് ഒരു വർഷം മുൻപ് അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമ്മകളിലേയ്ക്കായിരുന്നു.
*~*~*~*~*~*~*~*~*
കോളെജിലെ മൂന്നാം വർഷ ക്ലാസ്സ് തുടങ്ങി അൽപ്പ ദിവസത്തിന് ശേഷമുള്ള ഒരു ഞായറാഴ്ചയായിരുന്നു അനൂന്റെ കൂട്ടുകാരി കൃഷ്ണയുടെ വിവാഹം. അതിന് എന്നെയും ക്ഷണിച്ചിട്ടുണ്ടായിരുന്നതിനാൽ ഞാനും അനുവും ഒരുമിച്ച് പോകാനാണ് തീരുമാനിച്ചുറപ്പിച്ചത്.ഞങ്ങളുടെ കൂടെ സൗമ്യയും വരാന്ന് പറഞ്ഞത് കൊണ്ട് സൗമ്യയേയും കൊണ്ട് പോകണമെന്ന് പറഞ്ഞ് അനു വാശി പിടിച്ചത് കൊണ്ട് മനസ്സിലാ മനസ്സോടെയാണെങ്കിലും എനിക്ക് സമ്മതിക്കേണ്ടി വന്നു.
ആ ദിവസം പതിവ് പോലെ ബാങ്ക് വിളി ശബ്ദം കേട്ട് ഉണർന്ന് ജിമ്മിലേയ്ക്ക് പോയ ഞാൻ അവിടത്തെ വർക്കൗട്ട് ഒക്കെ കഴിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തി. കുളി കഴിഞ്ഞ് ബെഡ് റൂമിലെ ഫാനിന് ചുവട്ടിൽ നിന്ന് എന്ത് ഡ്രസ്സിടണമെന്ന് ആലോചിച്ച് നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടാതായതോടെ അലമാര തുറന്ന് നോക്കിയപ്പോ അടക്കി വച്ച ഓരോ ഷർട്ടുകൾ എടുത്ത് നോക്കിയിട്ടും മനസ്സിന് ഒരു തൃപ്തി വരാതെ അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത്.
മൊബൈലെടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ തനിയെ ഒരു ചിരി തെളിഞ്ഞു.
“അനു കോളിംഗ് …..”
ഫോണെടുത്ത ഉടനെ അനു:
“ഹലോ ആദി … നീ റെഡിയായോ? ഞാൻ റെഡിയായിട്ടോ”
“എന്റെ കുളി കഴിഞ്ഞു അനു കുട്ടി. ഞാനിപ്പോ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാ നിൽക്കണേ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.