കാണണം, അതിനെന്നോണം ഉമ്മയുടെ കൃഷ്ണമണികൾ ചലിച്ചു കാണണം ഉമ്മ ഒരു ദീർഘ ശ്വാസമെടുത്തു… കസേരക്കരികിൽ ചെറിയ പഴയ കട്ടിലിൽ ഞാൻ ഇരുന്നു. ഉമ്മാക്ക് വേണ്ടി വാങ്ങിയ പുത്തൻ പർദ്ദ ഉമ്മയുടെ മടിയിലേക്ക് വെച്ചു ഞാൻ വിളിച്ചു
“ഉമ്മാ…….. “
കാലാവർഷം കലിതുള്ളിയോഴുകുന്ന നിളയുടെ നീർക്കണക്കിന് ഉമ്മയുടെ കണ്ണുനീരോഴുകിയൊലിച്ചു… നിരച്ചു നിറം മങ്ങിയ ഉമ്മയുടെ ഉടയാടകളെ പാടെ നനച്ച കണ്ണുനീർതുള്ളികൾ കൈ കൊണ്ട് തുടച്ചു കൊണ്ട് ഉമ്മയെന്നെ നോക്കി…
3 വർഷങ്ങൾ കഴിയുന്നു. ഞാൻ വീണ്ടും ഉമ്മ എന്ന് വിളിച്ചു, പ്രായം തളർത്തിയ ചുളിവ് വീണ ഉമ്മയുടെ കൈകൾ കൊണ്ട് എന്റെ ഇരു കവിളുകളും ചേർത്ത് പിടിച്ചു കൊണ്ട് ഉമ്മയെന്നെ നോക്കി…
“ന്റെ സാജി………… “
വിറയാർന്ന ചുണ്ടിൽ നിന്നും ഉമ്മയുടെ വിളി, ഒഴുകിയൊലിച്ച കണ്ണുനീർതുള്ളികൾ ആ ചുണ്ടുകളിൽ ചേർന്നു. വിറയാർന്ന കൈകൾ കൊണ്ട് ഉമ്മയെന്നെ വാരിപ്പുണർന്നു. എന്റെ മൂർദ്ധാവിൽ ചുംബനങ്ങൾ കൊണ്ട് മൂടി…
“മാതാവ്!!! നിമിഷ നേരങ്ങളിൽ കൊണ്ട് കൊടുങ്കാറ്റാവാനും, നേർത്ത തെന്നലാവാനും കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ വികാരം അത് തന്നെയാണ് മാതാവ്!!!” .
“ ഉമ്മ…. ഞാൻ ഒരു യാത്ര പോവുകയാണ്… എങ്ങോട്ടാണെന്നൊന്നും അറിയില്ല. തിരിച്ചു വരുമ്പോൾ ഉമ്മയുടെ ആ പഴയ മോനായ്ക്കൊണ്ട് വരാം എന്നാ ഒരു വാക്ക് മാത്രമേ എനിക്കിപ്പോ നൽകാനാവൂ…. “
ഉമ്മയെന്നെ വീണ്ടും കണ്ണിമചിമ്മാതെ നോക്കി….
“ ന്റെ കുട്ടിനെ ഞാൻ കൊറേ ചീത്ത പറഞിണ്ട്…. പ്രാകിയിട്ടിണ്ട്… അതൊന്നും ഇഷ്ടല്ലാത്തോണ്ടല്ലട്ടോ സഹിക്കാഞ്ഞിട്ട… ന്റെ കുട്ടിടോ കോലം കണ്ട് സഹിക്കാഞ്ഞിട്ട…. ന്റെ സാജി പോയിട്ട് വാ, ഉമ്മ ഇവിടെ കാത്തിരുന്നോളാ…. പക്ഷെ വരുമ്പോൾ …… വരുമ്പോൾ ആ പഴേ സാജി ആവണം ട്ടോ…. “
ഉമ്മാന്റെ വാക്കുകളും മൂർദ്ധാവിലെ ചുംബനവും എന്നിലൊരു ആശ്വാവും നൽകുന്നുണ്ടോ???? ഉണ്ടായിരിക്കണം… ഇല്ലങ്കിൽ എന്റെ കണ്ണുകൾ നിറഞ്ഞതെന്തേ…..
******* ***** *******
വരുന്ന വെള്ളിയാഴ്ച അതായത് ഇനി മൂന്ന് ദിവസം കൂടിയേ ഒള്ളു യാത്രക്ക്. ബൈക്ക് സർവീസ് ചെയ്തു വെച്ചിട്ടുണ്ട്. ഈ യാത്രക്ക് ലഗേജ് കൂടുതൽ ഉള്ളത് കൊണ്ട് കുറച്ചു മോഡിഫൈക്കേഷൻ ചെയ്യാനുണ്ട്. സുഹൃത്ത് ജെൻസനെ ഒന്ന് കൂടി വിളിച്ചു. ഒരു ദിവസം കൊണ്ട് തീർക്കാം എന്നാണവൻ പറഞ്ഞത്. ബാങ്ക് ബാലൻസ് ഒന്ന് കൂടി നോക്കി. ഈ യാത്രക്കിത് തികയില്ല എന്നുറപ്പുണ്ട്. ജാസിയുടെ സമ്മാനമായ ക്യാമറ ആണ് പലപ്പോഴും ഈ സമയങ്ങളിൽ എനിക്ക് രക്ഷക്കെത്താറ്.
റിങ് ചെയ്യുന്നുണ്ട് എങ്കിലും ജെൻസൻ കാൾ എടുക്കാൻ കുറച്ചു താമസിച്ചു. തിരക്കുള്ള വർക്ക് ഷോപ്പ് അല്ലെ….
“നീ ഇങ്ങു പോരെ…. വൈകുന്നേരം ആകുമ്പോഴേക്കും ഞാൻ എല്ലാം റെഡി ആക്കി വെച്ചേക്കാം…”
ബൈക്ക് വർക്ഷോപ്പിൽ കയറ്റി ഞാൻ സിറ്റിയിൽ ഒന്ന് കറങ്ങി. ഒന്നുരണ്ട് ഷോർട്സ് കൂടെ വാങ്ങി. രാജേഷേട്ടന്റെ കടയിൽ നിന്നും ജ്യൂസ് കുടിച്ചോണ്ടിരിക്കുമ്പോൾ മുന്നിലൂടെ ഹഫ്സ നടന്നു പോകുന്നു….
“ ഹേയ് … ഹഫ്സ….. “
“ ആഹാ സാജിക്ക…. സർപ്രൈസ് ആണല്ലോ… “
ആദ്യ കൂടിക്കാഴ്ച പോലെ ആയിരുന്നില്ല. ജാള്യത ഒന്നുമില്ലാതെ തന്നെ ഞാൻ അവളെ കടയിലേക്ക് വിളിച്ചു…