സാനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
“വേറെ ഒന്നും വേണ്ട, അത് മാത്രം മതി… ഇപ്പോൾ ഈ നിമിഷം കൊണ്ട് ഇങ്ങൾക്ക് അങ്ങനെ ആകാൻ പറ്റില്ല എന്ന് ഇക്കും അറിയാ… ഇങ്ങളൊരു യാത്ര പോവിൻ… ഇങ്ങള്ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഇഷ്ടമുള്ളപോലെ പക്ഷെ വൈകാതെ തന്നെ ഇങ്ങൾ തിരിച്ചു വരണം വരുമ്പോൾ ഇക്കിന്റെ ആ പഴയ ഇക്കാനെ തിരിച്ചു വേണം….”
സാനി എന്നെ ചാരിക്കൊണ്ട് പറഞ്ഞു നിർത്തി…..
സാനി എനിക്ക് നേരെ ക്യാമറ നീട്ടി… ഉദയ സൂര്യന്റെ രശ്മികളെ ഞാൻ അതിൽ പകർത്തി…. ആ ചിത്രത്തിന്റെ ഭാവം മൂകമായിരുന്നില്ല…
**** ***** *****
ശരിയാണ്. നല്ലൊരുമാറ്റം എനിക്കത്യാവശ്യമാണ്. എന്നാൽ പെട്ടന്നാവില്ല എന്നുമറിയാം. മനസ്സിനെ ഒന്ന് നിയന്ത്രിക്കണം. അതിനൊരു യാത്ര വേണം. ഉള്ളിലെ നീറിപ്പുകയുന്ന മുറിവുണക്കാൻ പാകത്തിലുള്ള ഒരു യാത്ര. ഞാൻ മറ്റൊരു യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി…… അന്ന് വൈകുന്നേരം ബൈജു ചേട്ടന്റെ തുണിക്കടയിലൊന്നു പോയി. സാനിക്കും ഉമ്മാക്കും കുറച്ചു ഡ്രെസ്സുകൾ എടുത്തു. കടയിൽ നിന്നും ഇറങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി…
“സാജിത്…. “
പെട്ടന്നുള്ള വിളിയിൽ ഞാൻ തിരിഞ്ഞു നോക്കി….
“സാജിതിക്ക അല്ലെ….”
ഇളം മഞ്ഞ നിറത്തിലുള്ള തട്ടത്തിനുള്ളിൽ പുഞ്ചിരിക്കുന്ന മുഖം. അനുസരണയില്ലാത്ത മുടിയിഴകൾ തട്ടത്തിൽ നിന്നും മുഖത്തേക്ക് ഉതിർന്നു വീണിട്ടുണ്ട്. ചുവന്ന അധരങ്ങളിൽ ചെറുപുഞ്ചിരിയുണ്ട്. വെളുത്തത് മെലിഞ്ഞ ഒരു സുന്ദരി….
“ സാജിതിക്ക അല്ലെ…. “
അവരൊന്നുകൂടി ഉറപ്പിക്കാമെന്ന മട്ടിൽ ചോദിച്ചു….
“അതേ….” ഞാൻ മറുപടി നൽകി…
“ആ…. എന്നെ മനസ്സിലായില്ലേ…. ഹഫ്‌സ…. “
തലച്ചോറിലെ മെമ്മെറി കാസറ്റുകളെ ഞാൻ ഒന്ന് പിന്നിലേക്ക് ചലിപ്പിച്ചു….
“ജാസിയുടെ……. ഫ്രണ്ട് അല്ലെ…… “
“അതെന്നെ…. “ അപ്പോഴും അവരുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു…
“ ഹായ്… എന്താ ഇവിടെ… “ ഞാൻ ചോദിച്ചു…
“ചെറിയ ഒരു ഷോപ്പിംഗ്… ഇക്ക എന്താ ഇവിടെ”
“ ഞാനും… ചെറിയ ഒരു പർചെയ്‌സ്…. ഒറ്റക്കാണോ? മിസ്റ്റർ വന്നിട്ടില്ലേ..?? “
ഹഫ്സ ഒന്ന് തല താഴ്ത്തി… മറുപടിയൊന്നും പറഞ്ഞില്ല. ചുണ്ടിലെ ചെറു ചിരി മാഞ്ഞു.. എനിക്കെന്തോ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ചത് പോലെ തോന്നി…
“ സോറി… എന്തേലും പ്രോബ്ലം??? “