വാക്കുകൾ തൊണ്ടയിൽ നിന്നും വാരാതെ ഞാൻ മറുപടി പറയാൻ വിഷമിച്ചു….
“ഞാൻ…… ഞാൻ കുറെ ശ്രമിച്ചതാ… പക്ഷെ പറ്റുന്നില്ല… ഓരോ നിമിഷവും ജാസി എന്റെ മനസ്സിലേക്ക് വരും…”
സങ്കടം അടക്കാനാവാതെ കരഞ്ഞു കൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ പോലും ഒരു വാക്ക് കിട്ടാതെ സാനിയും കുഴങ്ങി…..
“അന്ന് നല്ല മഴയുണ്ടായിരുന്നു. മഴക്കാരണം കാട്ട് വഴികളിൽ മണ്ണിടിച്ചിൽ ഉണ്ടെന്നും ആറ് മണി ആകുമ്പോഴേക്കും മലയിറങ്ങണമെന്നും ഫോറെസ്റ്റ് ഓഫീസഴ്സ് പറഞ്ഞതും ആയിരുന്നു. എന്നാൽ ജാസിയോടൊപ്പം നിന്നു സമയം പോയതറിഞ്ഞില്ല… തിരിച്ചിറങ്ങാൻ തുടങ്ങിയതായിരുന്നു. അവസാനമായി ഒരു ഫോട്ടോ കൂടി എടുക്കാം എന്ന് ജാസി പറഞ്ഞപ്പോൾ…… ഒരു ഫോട്ടോ ഒരേ ഒരുഫോട്ടോ… അതെടുത്തു തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴേക്കും ജാസി നിന്ന സ്ഥലം ഇടിഞ്ഞു വീണു. ഒരു നിമിഷം കൊണ്ട് ഞാൻ ഒറ്റപ്പെട്ടു പോകുകയായിരുന്നു.
മനസ്സിൽ അടക്കിപ്പിടിച്ച സങ്കടക്കടൽ ഞാൻപോലുമറിയാതെ പുറത്തേക്ക് വന്നു തുടങ്ങി. കരഞ്ഞു തളർന്ന എന്നെ ബെഡിലേക്ക് കിടത്തി പുതച്ചു തന്നു സാനിയും പോയി.
ദിവസങ്ങൾ കടന്നുപോകുംതോറും എന്നിലെ സങ്കടക്കടലിനു ആഴം കൂടിയെന്നല്ലാതെ കുറവൊന്നും വന്നില്ല. ആഴക്കടലിനു നടുക്ക് പേമാരിയിലകപ്പെട്ട കുഞ്ഞു വള്ളം കണക്ക് എന്റെ ജീവിതം താളം തെറ്റിക്കൊണ്ടിരുന്നു. കരയെത്തണമെന്നുണ്ട്, പക്ഷെ എങ്ങനെ എന്നറിയില്ല… എന്റെ ഈ അവസ്ഥ കാണുന്നത് കൊണ്ടായിരിക്കണം അന്ന് രാവിലെ സാനിയാണ് എന്നെ വിളിച്ചെണീപ്പിച്ചത്.
“ഇക്ക എണീക്ക് ഒരു സ്ഥലം വരെ പോണം അത്യാവശ്യമാണ്….”
സമയം കാലത്ത് അഞ്ചേ ആയിട്ടൊള്ളു….
10 മിനുറ്റ് കൊണ്ട് ഞാൻ റെഡി ആയി മുറ്റത്തേക്ക് എത്തി എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു സാനി മുറ്റത്തുണ്ടായിരുന്നു.
“ വേഗം കേറ്… “
“ നീ ഇതെങ്ങോട്ടാ പെണ്ണെ നേരം വെളുത്തിട്ടില്ലല്ലോ… “
“ അതൊക്കെ ണ്ട് ഇങ്ങൾ കേറിൻ…. “.
സാനി ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടപ്പോഴേ മനസ്സിലായി, അത് മക്കെരികുന്നിലേക്കാണെന്നു. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് മക്കെരിക്കുന്ന്. ടാറിടാത്ത റോഡിലൂടെ വേണം അവിടെ എത്താൻ. ഒരുപാട് ചെങ്കൽ ക്വാറികൾ ഉള്ള അവിടം വല്ലപ്പോഴുമേ പോകാരോള്ളു. കുന്നിൻ മുകളിലേക്കു സൂര്യനുദിക്കും മുൻപ് അവളെന്നെയും വഹിച്ചു കൊണ്ട് വന്നു… വർഷങ്ങൾക്കു ശേഷം അന്നാദ്യമായി ഞാൻ സൂര്യോദയം കണ്ടു. ദൂരെ മലകൾക്കിടയിലൂടെ ഉദയസൂര്യന്റെ നീർത്ത രശ്മികൾ എന്റെ ദേഹത്തു വന്നു പതിച്ചു… അധികാലത്തെ ഇളം ചൂടുള്ള കിരണങ്ങൾ എന്റെ കണ്ണുകളിൽ പതിച്ചതും ഞാൻ കൈകൊണ്ട് കണ്ണുകളെ പൊതിഞ്ഞു… വിരലുകൾ പതിയെ നീക്കി ഞാൻ ഉദയസൂര്യനെ കണ്ടു….
ഒരു നിമിഷം സാനി എന്നെ ചേർത്തു പിടിച്ചു.
“ഇക്കിന്റെ ആ പഴേ ഇക്കാക്കാനെ തിരിച്ചു വേണം. എന്നെ എപ്പോഴും ദേഷ്യം പിടിപ്പിക്കുന്ന, എന്റെ കുശുമ്പുകൾക്ക് കൂട്ട് പിടിക്കുന്ന, എന്റെ വാശികളെ സ്വന്തം ഇഷ്ടങ്ങളായി കണ്ട ആ പഴേ ഇക്കാനെ…”