പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഉമ്മയുടെ ആവലാതി നിറഞ്ഞ ദേഷ്യം എനിക്കുള്ളതാണെന്ന് എനിക്ക് നന്നായി അറിയാം. ഉമ്മ പറയുന്നത് 100 ശതമാനം ശരിയുമാണ്. ജാസി പോയതിൽ പിന്നേ ഞാൻ ആകെ മാറി. ഒന്നിനോടും ഒരു താല്പര്യവുമില്ലാതെയായി. ദുബായിലെ ജോലി ഉപേക്ഷിച്ചു.

“അതെങ്ങനാ… ചെറുപ്പം മുതലേ ഓൻ എല്ലാരേം വെറുപ്പിച്ചും കൊണ്ടല്ലേ വളർന്നത്. ഒരു കല്യാണം കഴിച്ചതോടെ കുടുംബക്കാരെ മുഴുവൻ ഈ പൊരേലെക്ക് കേറ്റതാക്കീലേ ഓൻ.. ഇതൊക്കെ പടച്ചോൻ വിധിച്ചതാ… ഓള് പോയി, അത് ഓന്ക്കും അറിയാ…. ന്നാ കൊറച്ചു കഴിഞ്ഞാലെങ്കിലും ഓന്ക്ക് അതൊക്കെ മറന്നൂടെ… ഇത് ഓള് തന്ന ആ കുന്ത്രാണ്ടാവും പിടിച്ചോണ്ട് സർകീറ്റ് തന്നെ…. “

അപ്പോഴേക്കും ഉമ്മ കരഞ്ഞു തുടങ്ങിയിരുന്നു. ഞാൻ മറുത്തൊരു വാക്കും പറഞ്ഞില്ല പറയാൻ എനിക്കും ആവില്ല. ഉമ്മ പറഞ്ഞതിലെ ശരികൾ എന്റെ വാ മൂടിക്കളയുന്നവയായിരുന്നു.

എന്നിലെ ചിരി മാഞ്ഞു പോലും മൂന്ന് വർഷമായി. റൂമിലെക്ക് കയറുമ്പോൾ അടുക്കളയിൽ എന്താല്ലാമോ ശബ്ദം കേൾക്കുന്നുണ്ട്. സാനി ആയിരിക്കും. ഞാൻ ബാഗ് കട്ടിലിൽ വെച്ചു. നിർവികാരനായി ചളി പിടിച്ച ചുമരിനെ നോക്കിയിരുന്നു. ചളി പിടിച്ച ചുമരിലെ നടുക്കായി ജാസിയുടെ നിറഞ്ഞ ചിരിയുള്ള ആ ഫോട്ടോ എന്നെ കൂടുതൽ സങ്കടപ്പെടുത്തുന്നെ ഒള്ളു….

കുറച്ചു നിമിഷങ്ങൾക്കപ്പുറം സാനി എനിക്കൊരു കട്ടനുമായി വന്നു. എനിക്കവളെ നോക്കാൻ പോലും ആവുന്നില്ലായിരുന്നു. കുറ്റബോധവും മറ്റെന്തെല്ലാം കൊണ്ടോ തല കുനിച്ചിരിക്കുന്ന എന്റെ തോളിലൂടെ കയ്യിട്ട് സാനി എന്നോട് ചാരിയിരുന്നു….

“ന്റെ ഇക്കാക്ക എന്തിനാ ഇങ്ങനെ തല കുമ്പിട്ടു ഇരിക്കണ്… ഉമ്മ അങ്ങനെ പറഞ്ഞോണ്ടോ??? ഉമ്മ ഓരോന്നു പറയും അത് ഇക്ക കാര്യമാക്കണ്ട. ഇക്കിപ്പോ ഒരു കല്യാണം ഒന്നും വേണ്ട. ഇന്റെ പഠിത്തം ഒക്കെ കഴിഞ്ഞു ഒരു ജോലി ആയിട്ടേ ഞാൻ കല്യാണം കഴിക്കു. അതോണ്ട് ഇന്റെ ഇക്ക ഇന്നേ കെട്ടിച്ചു വിടാനുള്ളതും ഓർത്തു ടെൻഷൻ ആവണ്ട… “

22 വയസാണ് സാനിക്കിപ്പോ എന്നാൽ അതില്കവിഞ്ഞ പക്ക്വത അവൾ കാണിക്കുന്നു. മനസ്സിനോളം പോന്ന കരുത്ത് കണ്ണിനില്ലാത്തത് കൊണ്ടാകാം നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ എന്റെ കാലിൽ പതിച്ചു…

“ അയ്യേ ന്റെ ഇക്കാക്ക കരയാണോ.. മോശാട്ടോ….”

സാനി എന്നെ ചേർത്തു പിടിച്ചു അവളുടെ മടിയിൽ കിടത്തി…. എത്ര സമയം അവളുടെ മടിയിൽ കിടന്നെന്നു അറിയില്ല. എന്നാൽ കണ്ണുനീർ തുള്ളികൾ കൊണ്ട് നനഞ്ഞു കുതിർന്ന അവളുടെ വസ്ത്രത്തിൽ നിന്നും ഞാൻ മുഖമുയർത്തുമ്പോൾ സാനി എന്നോട് എന്തോ പറയാൻ തുടങ്ങുകയാണ്…

“എത്ര മാസമായെന്നറിയോ എന്റെ ഇക്ക ഒന്ന് ചിരിച്ചിട്ട്, ചിരിയല്ല ഒന്ന് മരിയാതക്ക് സംസാരിച്ചിട്ട്…. “

എനിക്കൊന്ന് തലയാട്ടനെ കഴിഞ്ഞോള്ളൂ..

“ജാസിത്ത ഇങ്ങള്ടെ മാത്രമല്ല ഇക്ക…. ഞങ്ങളുടെ എല്ലാവരുടേം ജീവനായിരുന്നു. എന്നാലും വിധിയെ നമ്മള് അംഗീകരിച്ചല്ലേ മതിയാവു… ഇങ്ങൾ ഒന്ന് ചെയ്യിൻ ഉമ്മനോടും ന്നോടും എല്ലാം പഴേ പോലെ ഒന്ന് കളിച്ചു ചിരിച് സംസാരിക്കിന്…”

“പറ്റുന്നില്ല…. സാനി……

Leave a Reply

Your email address will not be published. Required fields are marked *