ഞാൻ ബാഗിൽ നിന്നും ക്യാമറ എടുത്തു മുൻപ് എടുത്ത ഫോട്ടോ ഒന്നുകൂടി നോക്കി. എന്തോ ഒരു കുറവ്. ഫോക്കസ് ശരിയാണ് ശരിയായ ലൈറ്റിങ് തന്നെ, എന്നിട്ടും ആ ഫോട്ടോക്ക് എന്തോ ഒരു കുറവോ??? കണ്ണുകൾ പതിയെ ഈറനണിഞ്ഞു…
“ ഡാ ഇത് പിടി… “ എനിക്ക് മുന്നിലെ കറ പിടിച്ച ചെറിയ മേശയിൽ ആവി പറക്കുന്ന കട്ടൻ എനിക്ക് നേരെ നീക്കി.
ചായപ്പീടികക്ക് അരികിലൂടെ മല ഉച്ചിയിൽ നിന്നു ഒഴുകി വരുന്ന കാട്ടാറിന്റെ മാറിൽ നിന്നു കൈകുമ്പിളിൽ വെള്ളമെടുത്തു മുഖം കഴുകി. ഇരുട്ടിലെവിടെയോ ഇരുന്നു ചിലക്കുന്ന ചീവീടുകളുടെ ശബ്ദം കാതിൽ കുത്തിത്തറക്കുന്നുണ്ട്. തണുപ്പിനെ കീറിമുറിച്ചു കൊണ്ട് കട്ടനിലെ ആവി മുകളിലേക്ക് ഉയർന്നു. പോക്കറ്റിൽ നിന്നും ഒരു സിഗിരറ്റ് എടുത്തു കത്തിച്ചു കൊണ്ട് ഞാനും രവിയും കട്ടൻ കുടിച്ചു…
“ ഡാ സാജി…. എന്താടാ ഇത്. മുന്നര വർഷം ആകുന്നു അതെല്ലാം കഴിഞ്ഞിപ്പോ… യു ഹാവ് ടു കം ഔട്ട് മാൻ… “
അതേ… ഞാൻ സാജിദ് ഇഷ്ടമുള്ളവർ എന്നെ സാജി എന്നാണ് വിളിക്കുന്നത്. ഇഷ്ട്ടമുള്ളവർ എന്ന് പറയുമ്പോൾ അത് കുറച്ചു പേരെ ഒള്ളു ട്ടോ… എന്റെ ഉമ്മ ചെറിയ പെങ്ങൾ സാനിയ പിന്നെ കുറച്ചു ഫ്രെണ്ട്സും…. സത്യം പറഞ്ഞാൽ അതായിരുന്നു എന്റെ ലോകവും. കൂട്ടുകുടുംബങ്ങൾക്കൊന്നും ഞാൻ അത്ര നല്ലവൻ ആയിരുന്നില്ല… സാമ്പത്തികമായി കുറച്ചു മുന്നിലുള്ള അവർക്ക് ഞാൻ അങ്ങനെ അല്ലാതാവാൻ കുറച്ചു കാരണങ്ങളും ഉണ്ട്.
ചെറുപത്തിലെ ഉപ്പ മരിച്ച എന്റെ ഭാല്യം അവർക്കു വേണ്ടി പണിയെടുത്തു ഹോമിക്കാൻ ഞാൻ നിന്നു കൊടുക്കാതിരുന്നപ്പോൾ കിട്ടിയതാണ് ഹറാം പെറപ്പ് എന്നാ പേര്. പതിനെട്ടാം വയസ്സിൽ ഗൾഫിൽ വന്നു കൃത്യം ഏഴ് വർഷങ്ങൾക്കു ശേഷമാണ് ഞാൻ “ജാസിയെ” പരിചയപ്പെടുന്നത്.
“ജാസി, ജാസ്മിൻ… ചോര പൊടിയുന്ന തുടുത്ത കവിളുകളും പൂച്ചക്കണ്ണും ചുരുണ്ട ചെമ്പൻ മുടിയുമുള്ള എന്റെ ഹൂറി. ചുണ്ട് വിരിച്ചു അവളുടെ ചിരിയൊന്നു കാണേണ്ടത് തന്നെ ആണ്.
എന്റെ ഒരു അമ്മായിയുടെ മകളുടെ മകൾ ആണ് ജാസി. കേവലമൊരു ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടു രണ്ട് വർഷത്തെ പ്രണയത്തിനോടുവിൽ എന്റെ ഇരുപതിയെഴമത്തെ വയസ്സിൽ കുടുംബത്തിലെ തലമൂത്ത സകല പുങ്കവന്മാരുടെയും എതിർപ്പും ഭീഷണിയും വകവെക്കാതെ ചങ്കൂറ്റത്തോടെ അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നു…
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഒരുവന്റെ കൂടെ MBA ഹോൾഡർ ആയ കാണാൻ അതി സുന്ദരിയായ ജാസി ഇറങ്ങിപ്പോയപ്പോൾ കുടുംബത്തിലെ കെട്ടുപ്രായം ചെന്ന സകല ആണുങ്ങൾക്കും എന്നോട് അസൂയക്കപ്പുറം മറ്റൊരു വികാരം തോന്നിയിരിക്കണം…
പ്രാരാബ്ദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഞാൻ പടുത്തുയർത്തിയ എന്റെ രണ്ട് മുറി വീട്ടിലെ ആ ചെറിയ മുറിയിൽ മുല്ലപ്പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ മണിയറയിൽ സാനിയക്കൊപ്പം ജാസി ഇരിക്കുമ്പോൾ പുറത്ത് അമ്മാവന്മാരുടെ ബഹളം നടക്കുകയായിരുന്നു. കൂട്ടത്തിൽ മൂത്ത മൂത്താപ്പ(ഉപ്പയുടെ ജേഷ്ഠൻ) പുറത്തു കണ്ടാൽ എന്റെ കാൽ മടവാളിന് കൊത്തിമുറിക്കും എന്ന ഭീഷണി മുഴക്കിയപ്പോൾ ഒരു തുള്ളി കണ്ണ് നീരായിരുന്നു ഉമ്മയുടെ മറുപടി.
മുറിക്കകത്തിരുന്ന സാനിയ അടുക്കളയിലേക്ക് ചീറിപ്പാഞ്ഞു പോയി നാട്ടിലെ കൊല്ലൻ “നാണു” അടിച്ചു പരത്തി മൂർച്ച കൂട്ടിയ മടവാളും എടുത്തു പുറത്തേക്ക് പാഞ്ഞു. കല്യാണ പന്തലിനു വേണ്ടി വലിച്ചു കെട്ടിയ ടാർപ്പായകൾക്ക്