ചായ എടുത്ത് കുടിക്കുമ്പോൾ എൻ്റടുത്തേക്ക് നടന്ന് വരുന്ന അമ്മയെ ഒന്നിളക്കാൻ പുള്ളിക്കാരിയെ നോക്കി ഞാൻ പറഞ്ഞു
” ആണോ…എന്നാ തൽക്കാലം മോനത് മോന്തിയാ മതി… അല്ലേ പിന്നെ ചൂടാറുമ്പൊ പുതിയത് വേണേൽ വല്ല ഹോട്ടലിലും പോയി മോന്തിക്കോ… ”
എൻ്റെ മറുപടി പിടിക്കാത്ത അമ്മ കടുപ്പത്തിൽ അതും പറഞ്ഞ്… ഡൈനിങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്ന പരിപാടിയിലേക്ക് കടന്നു…
” ഓ പിന്നേ… ജാഡ നോക്ക്… കുറച്ച് കാലം കൂടി കാണും ഇതൊക്കെ പിന്നെ എൻ്റെ കാര്യം നോക്കാൻ എനിക്കെന്റെ ഭാര്യ കാണും…. ”
തോറ്റ് കൊടുക്കാൻ മടിയില്ലാത്ത ഞാൻ അമ്മയെ നോക്കി പറഞ്ഞു…പക്ഷെ വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി….ചായ കുടിക്കുന്ന അമ്മ പെട്ടെന്ന് നെറുകം തലയിൽ കൊട്ടുന്നത് കണ്ടു…ചിരിച്ച് ചായ തലമണ്ടയിലേക്ക് കയറി എന്ന് സാരം….
” നീ എന്തുവാടാ പറഞ്ഞേ ഒന്നൂടി പറ…. ”
ചിരി നിർത്താതെ തന്നെ അമ്മ എന്നെ നോക്കി പറഞ്ഞു… അതിന് ഞാൻ മറുപടി പറയാതെ കടുപ്പത്തിൽ ഒന്ന് നോക്കി…
” അല്ലേ നിൽക്ക്… നിൻ്റെ അച്ഛനെ കൂടി വിളിക്കട്ടെ…അങ്ങേര് ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ച് കാണില്ല…. ”
അമ്മ വീണ്ടുമൊരു പൊട്ടിചിരിയോടെ പറഞ്ഞു… അതോടെ ഞാൻ വേഗം സ്ഥലം കാലിയാക്കാം എന്ന ലക്ഷ്യത്തോടെ മുറിയിലേക്ക് വച്ച് പിടിച്ചു… അല്ലേൽ കളിയാക്കി തൊലി ഉരിച്ച് കളയും രണ്ടും….
” ഡാ പോവല്ലേ….വാ നമ്മുക്ക് മൂഹൂർത്തം നോക്കാൻ ജോത്സ്യൻ്റടുത്ത് പോക്കാം… ”
എൻ്റെ പോക്ക് കണ്ട് പുറകീന്ന് ചിരിയോടെ അമ്മ പറയുന്നത് കേട്ടു… പക്ഷെ ഞാൻ തിരിഞ്ഞു പോലും നോക്കാതെ ഒറ്റ പോക്ക്…
മുറിയിൽ എത്തിയതും വീണ്ടും ആശയ കുഴപ്പത്തിലായി… സാധാരണ ഹോസ്പിറ്റലിൽ പോകുന്ന സമയത്തേക്കാളേറെ വൈകിയിരിക്കുന്നു…നന്ദുവിനെ ഇന്ന് പിക്ക് ചെയ്യേണ്ട അതൊരു ആശ്വാസം ആണ്…അല്ലേൽ അവൻ്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമാർന്നു… പിന്നെ പ്രധാന പ്രശ്നം അതല്ല… ഹോസ്പിറ്റലിൽ പോയാൽ മറ്റേതിനെ കാണണമല്ലോ… ഇവിടെ ആണേൽ ഇന്നിനി കളിയാക്കല് കൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റത്തില്ല…
” ഏത് ഗുളികൻ കേറിയ നേരത്താണോ ഓരോന്ന് പറയാൻ തോന്നിയിത്…. ”
കടലിൻ്റേം ചെകുത്താൻ്റേം നടുക്കായ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു….
ഹോസ്പിറ്റൽ പോകാം അവിടെ അവന്മാരുണ്ടല്ലോ… പിന്നെ അവളോട് എന്തേലും പറഞ്ഞ് മുട്ടി നിക്കണം… ഇന്നിനി ചെന്നില്ലേൽ അവളെ പേടിച്ച് ഇവിടെ ഇരുന്നെന്ന് കരുതും ആ ശവം…