കരയാതിരിക്കാൻ അവൾ ഒരുപാട് ശ്രമിച്ചു. ഹിജാബിന്റെ തുമ്പ് കടിച്ചുപിടിച്ച് അവൾ കരച്ചിലടക്കി.
പാടം കടന്ന് ഇടവഴിയിലൂടെ അൽപ്പം നടന്നാൽ തറവാടായി. മുറ്റത്തേക്ക് കയറുമ്പോൾ തൂണിൽ കെട്ടിയിരുന്ന നായ ഉച്ചത്തിൽ കുരച്ചു. ആ കുര കെട്ടിട്ടാവാം വിളിക്കാതെതന്നെ ആരോ ഉണർന്നു. മുറ്റത്തെക്കുള്ള ലൈറ്റ് തെളിഞ്ഞു.
“ങേ…ഇക്കയോ…?? മോളുമുണ്ടല്ലോ…എന്തേ ഈ നേരത്ത്..? ഞങ്ങള് ഇങ്ങോട്ട് വന്ന് കിടന്ന് ഒന്നു മയങ്ങിയതെയുള്ളൂ… അപ്പോഴാണ് നായയുടെ കുര..”
വാതിൽ തുറന്ന് പുറത്തേക്ക് വന്ന സുലൈമാന്റെ അളിയൻ ബഷീർ അവരെക്കണ്ട് അതിശയിച്ചു.
“ബാ…കേറി കുത്തിരിക്കിൻ. ബാ മോളേ…”
ജുനൈദായെ ചേർത്തുപിടിച്ചുകൊണ്ട് ബഷീറിന്റെ ഭാര്യ റംലത്ത് മുറിക്കുള്ളിലേക്ക് പോയി.
“ഒന്നൂല്ലെടാ മോൾക്ക് ഉമ്മാനെ ഒന്നു കാണണോന്നു പറഞ്ഞു…അപ്പോഴാണ് ഞമ്മളും അക്കാര്യം ഓർത്തത്. അതാണ് ഇങ്ങോട്ട് കൂട്ടീട്ടു വന്നത്..”
“അതേതായാലും നന്നായിക്ക.. ഇന്ന് ഞങ്ങളങ്ങോട്ട് വരാൻ തുടങ്ങുമ്പോ ഉമ്മ പറഞ്ഞിരുന്നു മോളേ ഒന്നു കാണാൻ കൊതിയാവുന്നൂന്ന്. അവിടെ വന്നപ്പോ തിരക്കിനിടയിൽ ഞാനും വിട്ടുപോയി..”
“അതേടാ…നമ്മളൊക്കെ അതൊക്കെ മറക്കും…ഞാനും നീയുമൊക്കെ.. ”
അതുപറഞ്ഞിട്ട് സുലൈമാൻ അകത്തേക്ക് നടന്നു. അകത്തെ മുറിയിൽ അരയ്ക്ക് താഴേക്ക് തളർന്നു കിടക്കുന്ന ഉമ്മ. കട്ടിലിൽ ഇരിപ്പുണ്ട് മകൾ.
“ന്റെ പൊന്നുമോള് നന്നായിവരും… മോള് വന്നല്ലോ ഉമ്മൂമ്മാനെ ഒന്നു കാണാൻ.. മതി. ഉമ്മൂമ്മയ്‌ക്ക് പെരുത്തു സന്തോഷമായി. ”
അവളുടെ കൈ പിടിച്ച് നെഞ്ചോട് ചേർത്ത് ആ വൃദ്ധ വിതുമ്പി. എല്ലാവരോടും യാത്രപറഞ്ഞ് പടിയിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോഴും സുലൈമാൻ മകളോട് ഒന്നും മിണ്ടിയില്ല.