“സാരമില്ലുപ്പാ…നമുക്ക് പോയിട്ട് വേഗം വരാം. ഇത്തിരി ദൂരമല്ലേയുള്ളൂ…”
വാതിൽക്കൽ നിന്ന് മകളുടെ ശബ്ദം. അയാൾ തിരിഞ്ഞുനോക്കി. രാത്രി സൽക്കാരസമയത്ത് അണിഞ്ഞ വെള്ളയിൽ അലുക്കുകൾ തുന്നിച്ചേർത്ത ടോപ്പും ലെഗ്ഗിൻസും. തല മറച്ചു തോളിലൂടെ ചുറ്റിയിരിക്കുന്ന വെള്ള ഹിജാബ്. പട്ടണത്തിൽ നിന്നും വന്ന ബ്യുട്ടീഷ്യൻ മുഖത്ത് വരുത്തിയ മിനുക്കു പണിയിൽ സ്വതേ സുന്ദരിയായ മകൾ ഇപ്പോൾ അസലൊരു ഹൂറിയായിരിക്കുന്നു.
ജന്മനാ ചുവന്നു തുടുത്ത ചുണ്ടുകളിൽ ലിപ്സ്റ്റിക് കൂടിയായപ്പോൾ തൊണ്ടിപ്പഴം തോറ്റുപോകുന്ന ചന്തം. പെട്ടെന്ന് സുലൈമാൻ നോട്ടം മാറ്റി. അതുകണ്ട് ജുനൈദായുടെ മുഖം വാടി.
“ശരി… ഇനി ആ ഒരു കുറവ് വേണ്ടാ.. ആ ടോർച്ച് ഇങ്ങോട്ടെടുത്തേരെ…”
ഒരു തോർത്തെടുത്ത് തലയിൽ ചുറ്റിക്കെട്ടിക്കൊണ്ട് അയാൾ ഭാര്യയോടായി പറഞ്ഞു. സുഹ്റക്ക് സന്തോഷമായി. അവൾ തട്ടമുയർത്തി മുഖം തുടച്ചിട്ട് വേഗം അലമാരയിൽനിന്ന് ടോർച്ചെടുത്തു കൊടുത്തു. ടോർച്ച് നീട്ടിയടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ സുലൈമാൻ മകളെ ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല.
ഇടവഴിയിലിറങ്ങി അയാൾ നടപ്പിന്റെ വേഗം കൂട്ടി . ഉപ്പയ്ക്കൊപ്പമെത്താൻ ജുനൈദാക്ക് ഓടേണ്ടിവന്നു. വിശാലമായ പാടത്തിനരികിലെത്തി നടവരമ്പിലേക്ക് ഇറങ്ങിയപ്പോൾ അയാൾ നടത്തയുടെ വേഗം കുറച്ചു. കിതച്ചുകൊണ്ട് ഉപ്പയ്ക്ക് പിന്നാലെ അവൾ നടന്നു. മകരമാസത്തിലെ മൂടൽ മഞ്ഞ് പാടത്തിന്റെ മാറിൽ ഒരു കട്ടി പുതപ്പുപോലെ പരന്നു കിടന്നു. മഞ്ഞുവീണു നനഞ്ഞ നേല്ലോലകൾ നിലാവിൽ വെള്ളിനാരുകൾ പോലെ തിളങ്ങി.
വീതിയേറിയ നടവരമ്പിലൂടെ അവർ നടന്നു. പുല്ലിൽ തങ്ങിനിന്ന മഞ്ഞുതുള്ളികൾ അവളുടെ മൈലാഞ്ചിയണിഞ്ഞ പാദങ്ങളെ നനച്ചുകൊണ്ടിരുന്നു. ഉപ്പ എന്താണൊന്നും മിണ്ടാത്തത്…? തന്നോട് ശരിക്കൊന്നു മിണ്ടിയിട്ട് ഒരാഴ്ചയായി. അറിഞ്ഞുകൊണ്ട് ഉപ്പയോട് ഒരുതെറ്റും താൻ ചെയ്തിട്ടില്ല എന്നിട്ടും ഉപ്പ…. നെഞ്ചിനുള്ളിൽ സങ്കടം നിറഞ്ഞു വിങ്ങുകയാണ്.